കുന്നത്തൂര്‍: പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കുന്ന പോരുവഴി അമ്പലത്തുംഭാഗം മെറ്റല്‍ ക്രഷറിനെതിരെ നടക്കുന്ന ജനകീയസമരത്തിന് എതിര് നില്‍ക്കുന്ന സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ രംഗത്ത്.
ഒരു വര്‍ഷമായി ബിജെപി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയകക്ഷികളുടെ പിന്തുണയോടെ പ്രദേശവാസികള്‍ സമരത്തിലാണ്.
എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും സമരത്തില്‍ നിന്നും പൊടുന്നനെ പിന്‍മാറുകയായിരുന്നു. സമരത്തിന് പിന്തുണയുമായി ബിജെപിയും യുവമോര്‍ച്ചയുമാണ് ഇപ്പോള്‍ രംഗത്തുള്ളത്. കോണ്‍ഗ്രസ് പ്രാദേശികനേതാവും സിപിഎം നേതാവിന്റെ ജ്യേഷ്ഠനും ക്രഷറിന്റെ ഉടമസ്ഥാവകാശം നേടിയെടുത്തതാണ് ഇവര്‍ സമരത്തില്‍ നിന്നും പിന്‍വലിയാന്‍ കാരണം. ക്രഷര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന സിപിഎം ശാസ്താംകോട്ട ബ്രാഞ്ച് കമ്മിറ്റി അംഗം ഉണ്ണികൃഷ്ണപിള്ളയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സിപിഎമ്മില്‍ പ്രശ്‌നങ്ങള്‍ തലപൊക്കിയിരിക്കുന്നത്. ക്രഷര്‍ അനുകൂല നിലപാടെടുത്ത സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രഷറിന്റെ ദുരിതം അനുഭവിക്കുന്നവരില്‍ ഭൂരിപക്ഷവും സിപിഎം കുടുംബങ്ങളായിട്ടും പാര്‍ട്ടിയുടെ പ്രതികൂല നിലപാടില്‍ ഇവര്‍ രോഷാകുലരാണ്. അതിനിടയില്‍ ഉണ്ണികൃഷ്ണപിള്ളയെ പുറത്താക്കിയത് സിപിഎമ്മില്‍ വന്‍പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. അതിന്റെ തുടര്‍ച്ചയായി ക്രഷര്‍ ഉള്‍പ്പടെയുള്ള പ്രദേശത്തെ ഇരുപതോളം കുടുംബങ്ങള്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്.
പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇവര്‍ ബിജെപിയിലേക്കാണെന്നാണ് സൂചന. മെറ്റല്‍ ക്രഷറിന്റെ പ്രവര്‍ത്തനകാലാവധി മാര്‍ച്ചില്‍ അവസാനിക്കാനിരിക്കെ കാലാവധി പുതുക്കി നല്‍കാന്‍ സിപിഎം നടപടി തുടങ്ങി. പഞ്ചായത്ത് ഭരണസമിതിക്ക് ഇത് സംബന്ധിച്ച് സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കി. ഏത് വിധേനയും സമരം പൊളിച്ച് ക്രഷര്‍ പ്രവര്‍ത്തിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. അതിനായി ഭരണപാര്‍ട്ടി സ്വാധീനങ്ങള്‍ പരമാവധി ഉപയോഗിക്കാനാണ് തീരുമാനം. അതിനിടയില്‍ സിപിഎമ്മിന്റെ കപടമുഖം പൊതുജന സമക്ഷത്തില്‍ തുറന്നുകാട്ടാനും ക്രഷറിനെതിരായ സമരം ശക്തമാക്കാനും ബിജെപി, യുവമോര്‍ച്ച, മഹിളാമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പോലീസ് നടപടിയെ മഹിളാമോര്‍ച്ച അപലപിച്ചു. മെറ്റല്‍ ക്രഷറിന് പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കാനുള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനത്തെ എതിര്‍ക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നല്‍കി.
















