കോട്ടയം: ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ സാംസ്‌കാരിക ശിഥിലീകരണത്തിന് വഴിയൊരുക്കുന്നതായി പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന വൈസ്പ്രസിഡന്റ് കേണല്‍ ആര്‍.ജി. നായര്‍ അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം കോട്ടയത്ത് സംഘടിപ്പിച്ച ദേശഭക്തി സംഗമത്തിന്റെ ഭാഗമായ സ്വാഭിമാന സദസ്സ് തിരുനക്കരയില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിതൃതുല്ല്യനായ വ്യക്തിയെ പുത്രതുല്ല്യനായ വ്യക്തിയെക്കൊണ്ട് തല്ലിച്ചതയ്‌ക്കുന്ന സംസ്‌കാരമാണ് ഇടതുസംഘടനകള്‍ വളര്‍ത്തുന്നത്. ടി.പി. ശ്രീനിവാസന്‍ എന്ന മഹത്‌വ്യക്തിയെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ കരണത്തടിച്ച സംഭവം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. രാജാ ശ്രീകുമാരവര്‍മ്മ അദ്ധ്യക്ഷത വഹിച്ചു. രാജ്യസ്‌നേഹം പഠിപ്പിക്കേണ്ട സര്‍വ്വകലാശാലകള്‍ ഇന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വേദികളായി മാറുന്നതായി അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഏകപക്ഷിയമായ ചിന്താഗതികളുടെ അടിസ്ഥാനത്തില്‍ മുന്‍വിധിയോടെയാണ് മാധ്യമങ്ങള്‍ കാര്യങ്ങളെ നോക്കി കാണുന്നതെന്നും ശ്രീകുമാരവര്‍മ്മ പറഞ്ഞു.
സമ്മേളനത്തില്‍ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ കെ. ശങ്കരന്‍, അരുണ്‍ മോഹന്‍, എം.ആര്‍ അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















