തിരുവനന്തപുരം: സര്‍വീസ് ബുക്കും ലാസ്റ്റ് പേ സര്‍ട്ടിഫിക്കേറ്റും മാതൃവകുപ്പിലേക്ക് തിരിച്ചയക്കാത്തത് കാരണം നിയമവകുപ്പ് ജീവനക്കാരന് 7 മാസമായി ശമ്പളം നിഷേധിക്കപ്പെട്ട സംഭവത്തില്‍ ജയില്‍ വകുപ്പിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കേസെടുത്ത് നോട്ടീസയച്ചു.
നിയമവകുപ്പില്‍ ജീവനക്കാരനായിരിക്കെ ജയില്‍ വകുപ്പില്‍ എല്‍ ഡി ക്ലര്‍ക്കായി നിയമനം ലഭിക്കുകയും പിന്നീട് നിയമവകുപ്പിലേയ്‌ക്ക് തിരിച്ചെത്തുകയും ചെയ്ത ജീവനക്കാരന്‍ വര്‍ഗ്ഗീസ് ബാസ്റ്റ്യന്റെ ശമ്പളമാണ് തടഞ്ഞു വച്ചിരിക്കുന്നത്. ജയില്‍ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്റെ (സിക്ക) കാട്ടാക്കട തേവന്‍കോടുള്ള ഓഫീസിലായിരുന്നു വര്‍ഗീസിന് നിയമനം ലഭിച്ചത്. ഇരു ചക്രവാഹനത്തില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചതിനെ തുടര്‍ന്ന് നടുവേദന മൂലം ശൂന്യവേതനാവധിക്ക് അപേക്ഷ നല്‍കിയെങ്കിലും ജയില്‍ വകുപ്പ് സ്വീകരിച്ചില്ല. തുടര്‍ന്ന് പ്രതേ്യക സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമവകുപ്പിലെ പഴയ ജോലിയിലേയ്‌ക്ക് വര്‍ഗീസ് മടങ്ങിയെത്തി.
സിക്കയില്‍ ഉദേ്യാഗസ്ഥനായിരിക്കെ അനധികൃതമായി അവധിയെടുത്തെന്നാണ് ജയില്‍ വകുപ്പിന്റെ വാദം. സര്‍വീസ് ബുക്കും എല്‍പിസിയും ജയില്‍ വകുപ്പ് തിരികെ നല്‍കിയാല്‍ മാത്രമേ വര്‍ഗീസിന് ശമ്പളം ലഭിക്കുകയുള്ളൂ. സിക്ക ഡയറക്ടര്‍ കൂടിയായ ജയില്‍ ഡിഐജി ഏപ്രില്‍ 17 നകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: