ന്യൂദല്‍ഹി: ഭാരത-പാക് ചര്‍ച്ചകളെക്കാള്‍ കേന്ദ്രസര്‍ക്കാരിന് പ്രധാനം ഭീകരവാദത്തിനെതിരായ നടപടികളാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഒരു ഭീകരാക്രമണം നടന്നയുടന്‍ നയതന്ത്ര ചര്‍ച്ചകളാണോ അതോ ഭീകരാക്രമണമാണോ പ്രധാനമെന്ന് ചോദിച്ചാല്‍ ഉത്തരം ഭീകരാക്രമണം തന്നെയാണ് പ്രധാനം എന്നായിരിക്കും, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു. ദല്‍ഹിയില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജയശങ്കര്‍.
പത്താന്‍കോട്ട് ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. പത്താന്‍കോട്ട് ആക്രമണ വിവരങ്ങള്‍ ഭാരതം പാക്കിസ്ഥാന് കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കല്‍ തമ്മില്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മറ്റു സമാന്തര നീക്കങ്ങളും ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നു, ജയശങ്കര്‍ പറഞ്ഞു.
ഭാരത-പാക് ബന്ധത്തില്‍ പുതിയ മാതൃകയിലുള്ള ബന്ധമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. ഭീകരവാദത്തെ കേന്ദ്രീകരിച്ചുള്ള നിലപാടുകള്‍ക്ക് പകരം കൂടുതല്‍ മികച്ച നയമാണ് ആവശ്യം. ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ ബന്ധപ്പെടാനുള്ള സാഹചര്യം ഉണ്ടാകണം. പാക്കിസ്ഥാനെ ഒരു സ്വാഭാവിക അയല്‍ക്കാരനായി ബഹുഭൂരിപക്ഷം ഭാരതീയരും കാണുന്നു. അതിനാല്‍ തന്നെ നമുക്ക് പാക്കിസ്ഥാനെയും മറ്റേതൊരു രാജ്യത്തെപ്പോലെ കണക്കാക്കി സംഭാഷണങ്ങള്‍ നടത്തേണ്ടിവരും.
പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലല്ലെന്നും ബന്ധം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ തുടരുകയാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.
അതിനിടെ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ചോദ്യം ചെയ്യാന്‍ ഭാരതത്തെ അനുവദിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരായ നിരവധി തെളിവുകള്‍ ഭാരതം ഇതിനകം തന്നെ പാക്കിസ്ഥാന് കൈമാറിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് മസൂഹ് അസറിനെ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കുന്നത്.
എന്നാല്‍ പാക്കിസ്ഥാനില്‍ വെച്ചായിരിക്കും ചോദ്യം ചെയ്യലെന്നറിയുന്നു. പത്താന്‍കോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം രണ്ടു ദിവസത്തിനുള്ളില്‍ ഭാരതത്തിലെത്തുമെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താസ് അസീസ് വ്യക്തമാക്കിയിട്ടുണ്ട്.
















