കല്‍പ്പറ്റ : കല്‍പ്പറ്റ-മേപ്പാടി റോഡ് പണി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ കര്‍ശന നിര്‍ദേശം നല്കി. റോഡ്പണി തീരാത്തത് സംബന്ധിച്ച് നിരന്തരം പരാതികളുയരുന്ന സാഹചര്യത്തിലാണ് ജില്ലാ വികസനസമിതിയോഗത്തില്‍ കലക്ടറുടെ നിര്‍ദേശം. റോഡില്‍ വൈദ്യുതി ലൈന്‍ പ്രവൃത്തി ഈയാഴ്ച പൂര്‍ത്തീകരിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. റോഡുകളുടെയും പാലങ്ങളുടെയും സുരക്ഷ സംബന്ധിച്ച് റോഡ്സേഫ്റ്റി ഓഡിറ്റ് നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്കാന് കലക്ടര്നിര്ദേശം നല്കി. കല്പ്പറ്റടൗണ്റോഡിന്റെ അറ്റകുറ്റപണിക്കുള്ള ടെന്‍ഡര്‍ 15ന് തുറക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബൈപാസ്റോഡിലെ ഹംപുകളുടെ എണ്ണംകുറച്ച് യാത്ര സുഗമമാക്കാനും കലക്ടര്നിര്ദേശിച്ചു.
അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ പട്ടികവര്‍ഗമേഖലയില്‍ എല്ലാവിധ ധനസഹായവും ബാങ്ക് അക്കൗണ്ട് മുഖേന ആയിരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പട്ടികവര്‍ഗ ഭവന നിര്‍മാണ പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായി ഐടി ഡിപി പ്രൊജക്ട് ഓഫീസര്‍, മാനന്തവാടി, ബത്തേരി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തെ അറിയിച്ചു. ഭവന നിര്‍മാണ ഗ്രാന്റിന്റെ ഗഡുക്കള്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി നല്കാന് നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ ആവശ്യമുള്ള കോളനികളില്‍ വീടുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. പട്ടികവര്‍ഗ മേഖലയില്‍ അനുവദിച്ച വീടുകളുടെ ഭവന നിര്‍മാണ ധനസഹായമായി നല്കുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സ്വീകരിക്കാന്‍ എസ്.ബി.ടി മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് മൂന്നിന് വയനാട് ഡയറ്റില്‍ ശില്പശാല നടത്തുമെന്ന് സര്‍വശിക്ഷ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കൊഴിഞ്ഞുപോക്കിന് തടയിടാന്‍ ജില്ലാതല പദ്ധതി ആസൂത്രണം ചെയ്യാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ എസ്.എസ്.എയോട് ആവശ്യപ്പെട്ടു. പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ തോട്ടങ്ങളില്‍ ബാലവേല ചെയ്യിക്കുന്നത് തടയാന്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്താന്‍ തൊഴില്‍ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്കി. ഇക്കാര്യം കൃത്യമായി പിന്തുടര്ന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയില്‍ വൈദ്യുതി തൂണുകളിലൂടെയുള്ള കേബിള്‍ ടി.വി സര്‍വീസുകളില്‍ എട്ട് കേബിള്‍ ടി.വി നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ കരാര്‍ പുതുക്കിയിട്ടില്ലെന്നും 12 കേബിള്‍ ടി.വി. ഓപറേറ്റര്‍മാര്‍ വാടക കുടിശ്ശിക വരുത്തിയതായും കെ.എസ്.ഇ.ബി കല്‍പ്പറ്റ ഇലക്ട്രിക്കല്‍ ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കുടിശ്ശിക പ്രശ്നംചര്‍ച്ച ചെയ്യുന്നതിന് ഈയാഴ്ച എഡിഎമ്മിന്റെ നേതൃത്വത്തില്‍ കേബിള്‍ ടിവി ഓപറേറ്റര്മാരുടെയോഗം വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്. മണിലാല്‍, വിവിധവകുപ്പു മേധാവികള്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: