മാവേലിക്കര: ഒരു പാട് പ്രത്യേകതകള്‍ നിറഞ്ഞ വിചാരണക്കായിരുന്നു ചന്ദ്രന്‍ കൊലക്കേസ് സാക്ഷ്യം വഹിച്ചത്. പ്രഥമ വിവര മൊഴിയില്‍ വിവരിച്ച പ്രതികളില്‍ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ കേസിന്റെ അന്വേഷണ വേളയില്‍ ഒഴിവാക്കി. പിന്നീട് സാക്ഷികളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും വിചാരണ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേസില്‍ ആദ്യകാലങ്ങളിലുണ്ടായത്.
വിചാരണ ആരംഭിച്ചപ്പോള്‍ സാക്ഷികളുടെ വീടുകളെ പ്രലോഭനത്തിലൂടെയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാന്‍ ശ്രമം നടന്നു. ഇതൊന്നും വക വെക്കാതെ കോടതിയിലെത്തുന്ന സാക്ഷികളെയും വിചാരണ കാണാനെത്തിയവരെയും ഇവിടെയും ചിലര്‍ ഭീഷണിപ്പെടുത്തി.
അതേ സമയം തന്നെ സാക്ഷികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുവാനായി ചന്ദ്രന്റെ കൊലപാതക ദിവസം തന്നെ നടന്ന മറ്റൊരു കേസിന്റെ തൊണ്ടി സാധനങ്ങള്‍ ഈ കേസില്‍ ഹാജരാക്കി ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള ശ്രമം പ്രതിഭാഗത്തുനിന്നുമുണ്ടായി. എന്നാല്‍ പ്രോസിക്യൂഷന്റെ ശക്തമായ ഇടപെടല്‍മൂലും ആ ഉദ്യമം ഫലിച്ചില്ല.
ചന്ദ്രന്റെ തലയിലുണ്ടായ മാരകമായ മുറിവ് നിലത്ത് തല ഇടിച്ച് വീണതുകൊണ്ടാണെന്ന് വരുത്തിതീര്‍ക്കാനുള്ള പ്രതിഭാഗം ശ്രമവും പോലീസ് സര്‍ജന്‍ നല്‍കിയ വിശദീകരണത്തോടുകൂടി പരാജയപ്പെട്ടു. തുടര്‍ന്ന് കേസിന് ഒരു വര്‍ഗീയ മുഖം നല്‍കാനുള്ള ഉദ്ദേശത്തോടെ മുസ്ലീം തീവ്രവാദ സംഘടനകള്‍ക്ക് മരണപ്പെട്ട ചന്ദ്രനോട് വിരോധം ഉണ്ടെന്നും ഈ കേസില്‍ അത്തരം ആളുകളുടെ പങ്കാളിത്തമാണ് ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുണ്ട് എന്നും പ്രതിഭാഗം കോടതിയില്‍ ആരോപിച്ചു.
ദൃക്‌സാക്ഷികളുടെ മൊഴിയിലെ സ്ഥിരത ചൂണ്ടിക്കാട്ടി ആ വാദമുഖങ്ങളെയും പ്രോസിക്യൂഷന്‍ ഖണ്ഡിച്ചു. പ്രോസിക്യൂഷന്‍ കൂടുതലായി ഹാജരാക്കിയ സാക്ഷിയെ ആദ്യം ഒരു തവണ വിസ്തരിച്ച് തെളിവ് പൂര്‍ത്തി ആക്കിയ ശേഷം പിന്നീട് ആ സാക്ഷിയെ വീണ്ടും വിളിച്ചു വരുത്തി വിസ്തരിക്കുവാനും മാവേലിക്കരയില്‍ മുമ്പ് ജോലി നോക്കിയിരുന്ന ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ പ്രതിഭാഗം സാക്ഷിയായി കോടതിയില്‍ വിസ്തരിക്കുന്നതിനും പ്രതിഭാഗം ശ്രമിച്ചു.
ക്രിമിനല്‍ കേസിന്റെ വിചാരണയില്‍ അത്യപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ള രീതിയില്‍ സാക്ഷികളില്‍ ആശയ കുഴപ്പം സൃഷ്ടിക്കാന്‍ മറ്റൊരു കോടതിയിലെ വേറൊരു കേസിന്റെ തൊണ്ടി മുതലുകളുടെ ചിത്രങ്ങള്‍ ഈ കേസില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ക്കാണ് കേസ് വിചാരണ സാക്ഷ്യം വഹിച്ചത്.
ആ ശ്രമങ്ങളെല്ലാം തന്നെ നിഷ്ഫലമാക്കിയാണ് പ്രോസിക്യൂഷന്‍ കേസില്‍ വിജയം നേടിയെടുത്തത്.
















