ചെങ്ങന്നൂര്‍: വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി നഗരമധ്യത്തില്‍ ആക്രമണം നടത്തി പരിഭ്രാന്തി സൃഷ്ടിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പോലീസ് തിരയുന്നു. സിഐ ജി. അജയനാഥിന്റെയും എസ്‌ഐ പി. രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഏഴരയോടെ ചെങ്ങന്നൂര്‍ നഗരത്തില്‍ നിന്നും ഇവരെ പികൂടിയത്. കൈയിലും വാഹനങ്ങളിലുമായി സൂക്ഷിച്ചിരുന്ന വാള്‍, കമ്പിവടികള്‍, സൈക്കിള്‍ പമ്പ് സിലിണ്ടര്‍, സൈക്കിള്‍ ഹാന്‍ഡില്‍, ആക്‌സില്‍, ഡംബല്‍സ് തുടങ്ങിയ മാരകായുധങ്ങളും ഇവര്‍ സഞ്ചരിച്ച ജീപ്പും രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു.
ചെങ്ങന്നൂര്‍ നഗരസഭാ 12-ാം വര്‍ഡ് കൗണ്‍സിലര്‍ പുത്തന്‍കാവ് അപ്പിലിപ്പുരയിടത്തില്‍ വീട്ടില്‍ എബിചാക്കോ(34), ആനിക്കല്‍ വീട്ടില്‍ ജയിംസ്മാത്യു(21), പള്ളിപ്പടിഞ്ഞാറേതില്‍ മിഥുന്‍(21), പടിഞ്ഞാറ്റോതറ കറുകയില്‍ റയിസണ്‍ ചാണ്ടി കുര്യന്‍(22), ഇരവിപേരൂര്‍ കോഴിമല എണ്ണിക്കാട്ടില്‍ പുത്തന്‍ വീട്ടില്‍ എബിന്‍ മാത്യു(25), മുണ്ടന്‍കാവ് ആനന്താനത്ത് വീട്ടില്‍ അജിത്ത് ഡെന്നീസ് ജോണ്‍(24), മാന്നാര്‍ ബുധനൂര്‍ വല്യത്ത് വീട്ടില്‍ രാഹുല്‍ വി. രാജീവ്(24), പുലിയൂര്‍ ചിറയില്‍പ്പടി ഉണ്ണി സദനത്തില്‍ അനൂപ്(22) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ആയുധങ്ങള്‍ കൈയില്‍വച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ഗതാഗതത്തിന് തടസം വരുത്തി ജനങ്ങളെ ഭീതിയിലാഴ്‌ത്തുകയും ചെയ്തു എന്ന കുറ്റങ്ങളാണ് ഇവരിലുള്ളത്. എബിചാക്കോയാണ് അക്രമത്തിന്റെ സൂത്രധാരന്‍ എന്ന് പോലീസ് പറഞ്ഞു. എന്‍ജിനീയറിങിനും സിവില്‍ സര്‍വ്വീസ് കോച്ചിങിനും പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പിടിയിലായ മറ്റ് പ്രതികള്‍. പന്തളത്തുള്ള എന്‍ജിനീയറിംങ്ങ് കോളേജില്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ പരിപാടിയില്‍ ഉണ്ടായ അടിപിടിയുടെ തുടര്‍ച്ചയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസിക്ക് മുന്‍വശത്ത് നടുറോഡിലായിരുന്നു സംഭവം. അക്രമത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: കോളേജില്‍ പരിപാടിക്കിടെ രണ്ടുസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയുടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുവേണ്ടിയാണ് ഇരുസംഘങ്ങളും കഴിഞ്ഞദിവസം നഗരത്തിലെത്തുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് എന്നു പറഞ്ഞ് മുന്‍ൂട്ടി കരുതിയിരുന്ന മാരകായുധങ്ങളുമായാണ് ഇരുസംഘങ്ങളും എത്തിയത്.
ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പായതോടെ എബിചാക്കോ പോലീസിനെ വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാം എന്നുപറഞ്ഞ് ഫോണിലൂടെ പോലീസിനെ വിളിച്ചു. അല്‍പ്പ സമയം കഴിഞ്ഞ് പോലീസ് വരുന്നത് മനസ്സിലാക്കിയ എബിചാക്കോ തന്റെ ഒപ്പമുണ്ടായിരുന്ന സംഘത്തോട് മറുസംഘത്തെ അക്രമിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും നടുറോഡില്‍ ഏറ്റുമുട്ടിയത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച അക്രമിസംഘത്തെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് കീഴ്‌പ്പെടുത്തിയത്.
സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപെട്ടു. അക്രമി സംഘത്തെ കീഴ്‌പ്പെടുത്തി ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിനിടയില്‍ എസ്‌ഐ പി. രാജേഷിനും പരുക്ക് പറ്റിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ്‌ചെയ്തു.
















