അരീക്കോട്: അധികാരത്തിന്റെ അഹങ്കാരത്തില്‍ ജനകീയ പ്രതിഷേധത്തിന് പുല്ലുവില കല്‍പ്പിച്ച് അരീക്കോട് ഐടി പാര്‍ക്കിന്റെ ശിലാസ്ഥാപനം നടത്തി.
ജനവാസ കേന്ദ്രത്തില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനെതിരെ പദ്ധതിയുടെ ആലോചന സമയം മുതല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സ്ഥലം എംഎല്‍എ പി.കെ.ബഷീറിന്റെ ഗുണ്ടായിസമാണ് ഇവിടെ അരങ്ങേറുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ജനസേവകരാകേണ്ട ജനപ്രതിനിധികള്‍ തന്നെ ജനങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒന്നടങ്കം പദ്ധതിക്കെതിരാണ്. ഏറനാട് മണ്ഡലത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം വേറെയും ഉണ്ടെന്നിരിക്കെയാണ് നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ പാര്‍ക്ക് സ്ഥാപിക്കുമെന്ന് എംഎല്‍എ വാശിപിടിക്കുന്നത്.
കഴിഞ്ഞ ദിവസം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.
വിദ്യാലയങ്ങളും, ആരാധാനലയങ്ങളും, പൊതുശ്മശാനവുമടക്കം നിരവധി സ്ഥാപനങ്ങള്‍ നശിക്കുമെന്ന നാട്ടുകാരുടെ പരാതിക്ക് പുല്ലുവിലയാണ് അധികൃതര്‍ കല്പ്പിച്ചിരിക്കുന്നത്. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വീട്ടിലേക്ക് ജനകീയ മാര്‍ച്ച് വരെ സംഘടിപ്പിച്ചിരുന്നു. സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കാനും കൂട്ടുകച്ചവടക്കാരെ പ്രീതിപ്പെടുത്താനുമാണ് എംഎല്‍എ ജനങ്ങളെ ദ്രോഹിക്കുന്നത്. പ്രദേശിക മുസ്ലീം ലീഗ് നേതൃത്വത്തെ വരെ വെല്ലുവിളിച്ചുകൊണ്ടാണ് എംഎല്‍എ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. എന്തുവില കൊടുത്തും ഐടി പാര്‍ക്ക് ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കാനുള്ള നീക്കം തടയുമെന്ന് നാട്ടുകാര്‍ പറയുന്നു. ബിജെപി, ഹിന്ദുഐക്യവേദി, സിപിഎം തുടങ്ങിയ നിരവധി സംഘടനകള്‍ സമരമുഖത്തുണ്ട്.
ശിലാസ്ഥാപന ചടങ്ങില്‍ എംഎല്‍എ പി.കെ.ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി. മനാഫ്, ഇസ്മായില്‍ മൂത്തേടം, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി, അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പാഴത്തിങ്ങല്‍ മുനീറ എന്നിവര്‍ പങ്കെടുത്തു. രണ്ടു ഘട്ടങ്ങളിലായി 35 ഏക്കര്‍ സ്ഥലത്താണ് ഐടി പാര്‍ക്ക് നിലവില്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: