ന്യൂദല്‍ഹി: എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ മകനെതിരെ നടപടി ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ തടസ്സപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാര്‍ത്തി ചിദംബരത്തിന് നിക്ഷേപങ്ങളുണ്ടെന്നും ഇതെല്ലാം അഴിമതിയിലൂടെയാണ് ഉണ്ടാക്കിയതെന്നും ആരോപിച്ചായിരുന്നു എഐഎഡിഎംകെ അംഗങ്ങളുടെ ബഹളം. ഇതേ തുടര്‍ന്ന് ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിച്ചു.
കാര്‍ത്തി ചിദംബരത്തിന് അനധികൃത സ്വത്തുണ്ടെന്ന ദേശീയ ദിനപത്രത്തിലെ വാര്‍ത്തയുമായിട്ടാണ് എഐഎഡിഎംകെ അംഗങ്ങള്‍ ഇന്നലെ സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്. എന്‍ഫോഴ്‌സ്‌മെന്റും ഇന്‍കംടാക്‌സ് വകുപ്പും നടത്തിയ പരിശോധനയിലാണ് കാര്‍ത്തിക്ക് വിദേശരാജ്യങ്ങളിലുള്ള ആസ്തി വെളിപ്പെട്ടത്. എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ ലഭിച്ച പ്രതിഫലമുപയോഗിച്ചാണ് വിദേശരാജ്യങ്ങളിലുള്‍പ്പെടെ ശതകോടികളുടെ ആസ്തികള്‍ കാര്‍ത്തി ചിദംബരം വാങ്ങിയതെന്നാണ് എഐഎഡിഎംകെയുടെ ആരോപണം.
ലോക്‌സഭയില്‍ എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം തുടരുന്നതിനിടെ എഐഎഡിഎംകെ നേതാവുകൂടിയായ ഡപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സംസാരിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്നും അവര്‍ പിന്നോട്ടുപോയില്ല. നടപടിക്രമങ്ങള്‍ പാലിച്ച് നോട്ടീസ് നല്‍കിയാല്‍ പ്രശ്‌നം സഭ ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കെതിരെയും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയ്‌ക്കെതിരെയും ഭരണ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ അവകാശലംഘന നോട്ടീസ് ചര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങള്‍ എഐഎഡിഎംകെ ബഹളത്തെ തുടര്‍ന്ന് നടന്നില്ല.
തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എയര്‍സെല്‍-മാക്‌സിസ് ഇടപാട് സജീവ പ്രചാരണ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് എഐഎഡിഎംകെയുടെ തീരുമാനം.
















