ന്യൂദല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ അട്ടിമറി നടത്തണമെന്ന യുപിഎ സര്‍ക്കാരിന്റെ ആവശ്യത്തിന് കൂട്ടുനില്‍ക്കാതിരുന്ന മുന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍വിഎസ് മണിക്ക് ഏല്‍ക്കേണ്ടിവന്നത് ക്രൂരപീഡനങ്ങള്‍. തന്നെ ചോദ്യം ചെയ്ത സിബിഐ ഉദ്യോഗസ്ഥന്‍ സിഗരറ്റ് ഉപയോഗിച്ച് കൈകളില്‍ പൊള്ളലേല്‍പ്പിച്ചെന്നും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മണി മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇസ്രതും സംഘവും ലഷ്‌കര്‍ അംഗങ്ങളാണെന്ന ആദ്യ സത്യവാങ്മൂലം കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് വേണ്ടി ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് ആര്‍വിഎസ് മണിയായിരുന്നു.
ആദ്യസത്യവാങ്മൂലം ചിദംബരം തിരുത്തി കോടതിയില്‍ സമര്‍പ്പിച്ചതോടെ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടിരുന്നു. കേസന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മ്മയാണ് ആര്‍വിഎസ് മണിയെന്ന ഉന്നത ഉദഗ്യോഗസ്ഥനെ യുപിഎ സര്‍ക്കാരിന് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ചോദ്യം ചെയ്ത് പീഡിപ്പിച്ചത്.
ഇസ്രത് ജഹാന്‍ കേസ് വഴിതിരിച്ചുവിട്ടതിലൂടെ കുപ്രസിദ്ധി നേടിയ വിവാദ ഐപിഎസ് ഓഫീസര്‍ സതീഷ് വര്‍മ്മയ്‌ക്ക് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സ്വരമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നതാണ്. 2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ഭീകരാക്രമണവും ഭാരതസര്‍ക്കാര്‍ ചെയ്തതാണെന്ന് സതീഷ് വര്‍മ്മ പറഞ്ഞതുള്‍പ്പെടെ കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതിനു നടത്തിയ ശ്രമങ്ങള്‍ മുന്‍ ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ് മണി മുമ്പ് കോടതിയില്‍ നല്‍കിയ മൊഴിയിലൂടെ പുറത്തുവന്നിരുന്നു. ഇതേ തുടര്‍ന്ന് സിബിഐ അന്വേഷണത്തില്‍നിന്നും സതീഷ് വര്‍മ്മ ഒഴിവാക്കപ്പെട്ടിരുന്നു.
ആഭ്യന്തരമന്ത്രാലയത്തേയും സിബിഐയേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നഗര വികസന മന്ത്രാലയത്തില്‍ ഡപ്യൂട്ടി ലാന്റ് ആന്റ് ഡവലപ്‌മെന്റ് ഓഫീസറായി പ്രവര്‍ത്തിക്കുന്ന ആര്‍.വി.എസ് മണി അന്ന് നടത്തിയത്. തന്നെ ചോദ്യം ചെയ്യലിനിടെ പാര്‍ലമെന്റ് ആക്രമണം നടന്നത് ഭീകരവാദ വിരുദ്ധ നിയമമായ പോട്ട നടപ്പാക്കുന്നതിനു വേണ്ടി ആയിരുന്നു എന്ന് സതീഷ് വര്‍പറഞ്ഞു, 2008ലെ മൂംബൈ ആക്രമണത്തിനു പിന്നില്‍ യുഎപിഎ(നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം) നടപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്തതാണെന്നും പറഞ്ഞു, തുടങ്ങിയവയായിരുന്നു മണി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
ജൂണില്‍ സതീഷ് വര്‍മ്മയുടെ ചോദ്യം ചെയ്യലിന് വിധേയനായ തനിക്കുനേരെ തോക്ക് ചൂണ്ടി നേരത്തെ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ ഒപ്പിടുവിക്കാന്‍ ശ്രമം നടത്തിയതായും മണി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിനു വേണ്ടി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഐ.ബി ജോയിന്റ് ഡയറക്ടറായ രജീന്ദ്രകുമാര്‍ തയ്യാറാക്കിയതാണെന്നായിരുന്നു സിബിഐ ഒപ്പിടാന്‍ ആവശ്യപ്പെട്ട കടലാസില്‍ എഴുതിയിരുന്നത്. രണ്ട് ഐ.ബി ഉദ്യോഗസ്ഥന്‍മാര്‍ ആണ് ഇസ്രത് ഭീകരപ്രവര്‍ത്തകയാണെന്ന സത്യവാങ്മൂലം തയ്യാറാക്കിയതെന്ന് മൊഴി നല്‍കാനും സതീഷ് വര്‍മ്മ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ സീനിയറായ ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് മണി കോടതിയില്‍ പറഞ്ഞു.
1996 കാലഘട്ടത്തില്‍ പോര്‍ബന്തര്‍ എസ്.പിയായിരിക്കുമ്പോള്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം നടത്തിയ ആരോപണ വിധേയനായ വ്യക്തിയാണ് സതീഷ് വര്‍മ്മ. 2011 ജനുവരിയില്‍ സതീഷ് വര്‍മ്മയാണ് ഇസ്രത് കേസ് വ്യാജ ഏറ്റുമുട്ടലാണെന്ന ആദ്യ റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. അന്നു മുതല്‍ കേസിനെ രാഷ്‌ട്രീയമായി ഉപയോഗിക്കാനാണ് സിബിഐ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നതെന്ന് മണിയുടെ വെളിപ്പെടുത്തലിലൂടെ നേരത്തെതന്നെ തെളിഞ്ഞിരുന്നു.
















