ഈരാറ്റുപേട്ട: ഇലവീഴാ പൂഞ്ചിറയില്‍ ബൈക്കിലെത്തിയ ദമ്പതികളെ അക്രമിച്ച കേസില്‍ പ്രതികളെ പിടികൂടി. പ്ലാശനാല്‍ തെള്ളിയാമറ്റം ചെമ്മള്ളിക്കല്‍ അരുണ്‍ (24), പ്ലാശനാല്‍ ചെമ്മള്ളിക്കല്‍ സുരേഷ് കുമാര്‍(31) എന്നിവരെയാണ് സിഐ എസ്.എം റിയാസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മാര്‍ച്ച് 10ന് വൈകിട്ട് അഞ്ച് മണിയോടെയാണ് കുറവിലങ്ങാട് സ്വദേശികളായ ദമ്പതികള്‍ അക്രമിക്കപ്പെട്ടത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം ഭാര്യയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ് ഫോണിലുണ്ടായിരുന്ന വിവാഹ ഫോട്ടോ കാണിച്ചങ്കിലും ഇവരെ വെറുതെ വിട്ടില്ല. സമീപത്തുള്ള റിസോര്‍ട്ടുകാരന്‍ വിവരമറിഞ്ഞെത്തിയപ്പോഴാണ് പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. തുടര്‍ന്ന് പാലാ ഡിവൈഎസ്പിയ്‌ക്ക് പരാതി നല്‍കുകയായിരുന്നു. അക്രമത്തിനിടെ പ്രതികള്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തിരുന്നു. ഉപയോഗിച്ചിരുന്ന ബൈക്കും തട്ടിയെടുത്തിരുന്നു. മൊബൈല്‍ ഫോണും ബൈക്കും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ഫോണിന്റെ ഐഎംഇ നമ്പര്‍ പിന്തുടര്‍ന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡിലെ ഈരാറ്റുപേട്ട സിഐ എസ്.എം റിയാസ്, മേലുകാവ് എസ്‌ഐ ഷമീര്‍, ഗ്രേഡ് എസ്‌ഐ ഷാജി, രാംദാസ്, രാജേഷ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.
















