കല്‍പ്പറ്റ : വയനാട് വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ കാടിനുപുറത്തേക്ക് മാറ്റുന്നതിനായി ആരംഭിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 7.4 കോടി രൂപ കഴിഞ്ഞ ഒന്‍പത് മാസമായി ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ മരവിച്ചുകിടക്കുന്നു. പദ്ധതി നടപ്പാക്കുന്നതില്‍ ജില്ലാഭരണകൂടം കാണിക്കുന്നത് നിരുത്തരവാദിത്വമാണെന്ന് ഗ്രാമവാസികള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. തങ്ങളെ വന്യമൃഗങ്ങള്‍ കൊന്നതിനുശേഷം പുനരധിവാസംകൊണ്ട് എന്ത് പ്രയോജനമെന്ന് അവര്‍ ചോദിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ വയനാട് ജില്ലാകളക്ടറേറ്റില്‍ മുഴുവന്‍ കുടുംബങ്ങളും മരണംവരെ നിരാഹാരസമരം നടത്തുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
നിലവില്‍ പുനരധിവാസം നടക്കുന്ന തോല്‍പ്പെട്ടി റെയ്ഞ്ചിലെ ഈശ്വരന്‍കൊല്ലി, നരിമാന്തിക്കൊല്ലി കോളനികള്‍ക്കായിട്ടാണ് ഇത്രയും തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്. പുനരധിവാസ പദ്ധതി പ്രകാരം ഇതുവരെ 178 കുടുംബങ്ങള്‍ കുടിയൊഴിഞ്ഞതായാണ് സര്‍ക്കാര്‍ കണക്ക്. ചെതലയം, കുറിച്യാട് റെയിഞ്ചുകളില്‍ പെട്ട ആറ് കോളനികളില്‍ നിന്നാണ് ഇത്രയും കുടുംബങ്ങള്‍ താമസമൊഴിഞ്ഞത്. പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച 18 കോടിയില്‍ നിന്ന് 17.8 കോടി രൂപയും ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. താമസക്കാരൊഴിയുന്ന സ്ഥലങ്ങള്‍ വനംവകുപ്പ് ഏറ്റെടുത്ത് വയനാട് വന്യജീവിസങ്കേതത്തിന്റെ ഭാഗമായി മാറ്റുകയാണ് ചെയ്യുന്നത്. മാറിതാമസിക്കാന്‍ സ്വയം സന്നദ്ധരാവുന്ന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ചെതലയം റെയ്ഞ്ചിലെ കോളൂര്, അമ്മവയല്‍, കൊട്ടങ്കര, അരക്കുഞ്ചി, വെള്ളക്കോട്, കുറിച്യാട് റെയ്ഞ്ചില്‍പെട്ട കുപ്പ, കുറിച്യാട് എന്നീ കോളനികളില്‍ നിന്നാണ് കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. കൃഷി നാശത്തിനു പുറമെ മനുഷ്യരെയും വന്യമൃഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് വനത്തില്‍ കഴിയുന്നവരെ മാറ്റിപാര്‍പ്പിക്കാന്‍ കേന്ദ്ര സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആവിഷ്ക്കരിച്ചത്.
2009ലാണ് പദ്ധതി ആരംഭിച്ചത്. വന്യജീവി സങ്കേതത്തില്‍ 110 ജനവാസ കേന്ദ്രങ്ങളിലായി 2613 കുടുംബങ്ങളുണ്ട്. ഇതില്‍ 14 ജനവാസകേന്ദ്രങ്ങളിലുളള 800 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പദ്ധതിക്കായി സര്‍വ്വെ നടത്തിയത്. സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ കുറിച്യാട്, ബത്തേരി, മുത്തങ്ങ, തോല്‍പ്പെട്ടി റെയിഞ്ചുകളില്‍ പെട്ട 14 കോളനികളിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ജനറല്‍ വിഭാഗത്തിന് വ്യക്തിഗത അക്കൗണ്ടിലും പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് ഗുണഭോക്താവിന് പുറമെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എന്നിവരുള്‍പെടുന്ന ജോയിന്റ് അക്കൗണ്ടിലൂടെയുമാണ് തുക കൈമാറുക. ഓരോ വീട്ടിലെയും 18 വയസ് കഴിഞ്ഞ പുരുഷന്മാര്, 18 വയസ് കഴിഞ്ഞ അവിവാഹിതകള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവരെയാണ് യോഗ്യതാ കുടുംബങ്ങളായി കണക്കാക്കുന്നത്. കോളനികളില്‍ ഗോത്രവര്‍ഗവിഭാഗങ്ങളായ പണിയ, കുറുമ, ഊരാളിക്കുറുമ, കുറിച്യ, കാട്ടുനായ്ക്ക, അടിയാന് വര്‍ഗങ്ങളും ജനറല്‍ വിഭാഗത്തില്‍ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, വയനാടന്‍ ചെട്ടി എന്നിവരും താമസിക്കുന്നുണ്ട്. കേന്ദ്ര വനം മന്ത്രാലയത്തിന്റെ ഫണ്ട് ലഭ്യമാവുന്ന മുറക്ക് അവശേഷിക്കുന്ന ആറ് കോളനികളിലെ താമസക്കാരെയും പുനരധിവസിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ലഭിക്കുന്ന ഫണ്ട് പോലും വിനിയോഗിക്കാതെ വനഗ്രാമങ്ങളിലെ ആദിവാസികളെയും മറ്റുള്ളവരെയും പീഡിപ്പിക്കുന്ന നിലപാടാണ് ജില്ലാഭരണകൂടം കൈകൊള്ളുന്നതെന്നും ഇവര്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ തോമസ് പട്ടമന, സജീവന് കൈതേരി, എന്‍.രാഘവന്, കെ.രാജേഷ്, എന്‍.മനീഷ്, കെ.രാജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: