കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം ആരംഭിച്ചു. അന്താരാഷ്ട്ര കപ്പല്‍പാതയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന വിഴിഞ്ഞം തീരം പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ആഴം മൂലം സ്വാഭാവിക പ്രകൃതിദത്ത തുറമുഖമായാണ് അറിയപ്പെടുന്നത്. വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച് പ്രതിബന്ധങ്ങളും വെല്ലുവിളികളും തടസ്സവാദങ്ങളും ഇനിയും ഒഴിഞ്ഞിട്ടില്ല. ഇപ്പോഴും ഒരു കേസ് ബാക്കി കിടക്കുന്നു. ഉന്നത നീതിപീഠം ഭാഗികമായി അനുകൂല തീരുമാനം കൈക്കൊണ്ട് കേസ് ഹരിത ട്രൈബ്യൂണലിന് കൈമാറിയിരിക്കുകയാണ്. കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് കുഴഞ്ഞുമറിഞ്ഞില്ലെങ്കില് രണ്ടു വര്‍ഷത്തിനകം വിഴിഞ്ഞത്ത് കൂറ്റന്‍ അന്താരാഷ്ട്ര ചരക്കു കപ്പല്‍ അടുക്കുന്ന കാഴ്ച കാണാന്‍ നമുക്ക് ഭാഗ്യമുണ്ടാകും.
വിഴിഞ്ഞം തുറമുഖം പോലെ ഒരുപക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട മറ്റൊന്ന് വിഴിഞ്ഞം തീരത്തിന് സമീപത്തുണ്ട്. വിഴിഞ്ഞത്തു നിന്ന് ഏതാണ്ട് പത്തുകിലോമീറ്റര്‍ തെക്കുമാറി പൂവാര്‍ എന്ന പ്രദേശത്താണത്. അഗസ്ത്യമലയില്‍ നിന്നാരംഭിച്ച് തിരുവനന്തപുരത്തിന്റെ തെക്കന്‍ പ്രദേശങ്ങളെ ഒന്നാകെ ഫലഭൂയിഷ്ഠമാക്കും വിധം പടിഞ്ഞാറോട്ടൊഴുകി പൂവാറില്‍ വച്ച് കടലില്‍ ചേരുന്ന നെയ്യാറിന്റെ ഭാഗം കൂടിയാണത്. പൊഴിക്കര എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. വിഴിഞ്ഞത്തിനെക്കാള് പൂവാറിനും പൊഴിക്കരയ്ക്കും എന്ത് പ്രാധാന്യം എന്ന് ആരും സംശയിക്കും. സംശയിക്കേണ്ട, ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണശാലയ്ക്ക് ഇത്രയും അനുയോജ്യമായ മറ്റൊരു പ്രദേശമില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതെ, കേരളത്തിന്റെ മാത്രമല്ല ദക്ഷിണഭാരതത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന ബൃഹദ് പദ്ധതിയാണ് ഈ സൗമ്യതീരത്ത് ഉറങ്ങുന്നത്.
പൂവാറിന്റെ പ്രസക്തി…
കൂറ്റന്‍ ചരക്കുകപ്പലുകളും മദര്വെസ്സലുകളും എന്നുവേണ്ട ആഡംബര യാനങ്ങളും പടുകൂറ്റന്‍ യുദ്ധക്കപ്പലുകളും വരെ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കാന്‍ കഴിയുന്ന വിധം പ്രകൃതി ഒരുക്കിത്തന്നിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കലവറയാണ് പൂവാര്‍ തീരം. ഈ തീരം വിട്ട് കടലിലേക്ക് പത്തുമീറ്റര്‍ സഞ്ചരിച്ചാല്‍ തന്നെ ഏതാണ്ട് 18 മീറ്റര്‍ ആഴം ഇവിടെ കടലിനുണ്ട്. കടലില്‍ അരകിലോമീറ്റര്‍ പോലും ചെല്ലേണ്ട, ആഴം 24 മുതല്‍ 30 വരെ മീറ്റര്‍ ലഭിക്കാന്‍. തികച്ചും സ്വാഭാവികമായി പ്രകൃതിയുടെ മായാജാലം പോലെ ലഭിച്ചതാണ് ഈ അനുകൂല സാഹചര്യം. ഇവിടെ നിന്ന് അന്താരാഷ്ട്ര കപ്പല്‍ പാതയിലേക്കുള്ള ദൂരമാകട്ടെ വെറും ഒമ്പത് നോട്ടിക്കല്‍ മൈലും. ഈ കപ്പല്‍ നിര്‍മാണശാലയ്ക്കായി ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കേണ്ട എന്നതാണ് മറ്റൊരു പ്രധാനനേട്ടം. കപ്പല്‍ നിര്‍മാണം മാത്രമല്ല മദര്‍ വെസ്സലുകളുള്പ്പെടെയുള്ളവയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഇവിടെ വന്‍ സാധ്യതയാണുള്ളത്.
പൂവാര്‍ തീരത്ത് ജനവാസമില്ലാത്തത് കപ്പല്നിര്മാണശാലയ്ക്കായി കുടിയൊഴിപ്പിക്കല്‍ വേണ്ടെന്നതിന് കരുത്തുപകരുന്നു. ആകെ 650 ഏക്കറാണ് വേണ്ടത്. ഇത് കടലിലും കരയിലുമായി എളുപ്പത്തില്‍ ഏറ്റെടുക്കാം. ഒരാളെ പോലും കുടിയൊഴിപ്പിക്കേണ്ടി വരില്ല. സ്ഥലം ഏറ്റെടുത്ത് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായാല്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കപ്പല്‍നിര്‍മാണശാല യാഥാര്‍ത്ഥ്യമാകും. ഇതോടനുബന്ധിച്ച് വലിയ റോഡുകള്‍, റെയില്‍ കണക്ടിവിറ്റി, കപ്പല്‍ നിര്‍മിക്കുന്നതിനാവശ്യമായ സ്റ്റീല്‍ യാര്‍ഡ്, പെയിന്റിംഗ് ഷോപ്പ്, കട്ടിംഗ് സെക്ഷന്‍ മെഷിനറി, ഫാബ്രിക്കേഷന്‍ വിഭാഗം, ലബോറട്ടറി, ഡ്രൈഡോക്ക് ക്രെയിനുകള്‍ സ്ഥാപിക്കല്‍, ബെര്‍ത്ത് ഒന്ന്, രണ്ട്, മൂന്ന് എന്നിവയ്ക്കുള്ള ക്രെയിനുകള്‍, സ്റ്റോറുകള്‍ എന്നിവയാണ് പ്രദേശത്ത് ഉണ്ടാവുക. പൂവാര്‍ മേഖലയില്‍ മാത്രമല്ല തെക്കന്‍ കേരളത്തിന് വലിയ തൊഴില്‍ സാധ്യതയായിരിക്കും തുറന്നുകിട്ടുക.
ഭാരതത്തില്‍ വന്‍കിട കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കാനുള്ള സാഹചര്യം തേടി 2006 മുതല്‍ ഇന്ത്യന്‍ മാരിടൈം വിദഗ്ധസമിതി നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ ഏറ്റവും അനുയോജ്യമായ പ്രദേശം പൂവാര്‍ തീരമാണ്. അന്നു മുതല്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മുംബൈ പോര്‍ട്ടിനെ കണ്‍സള്‍ട്ടന്‍സിയാക്കി നടത്തിയ ഹൈഡ്രോഗ്രാഫിക്-ഹൈഡ്രോഡൈനാമിക്, ടോപ്പോഗ്രാഫിക്, ജിയോ ടെക്നിക്കല്‍ തുടങ്ങി കരയിലും കടലിലുമായി നടത്തിയ വിശദപഠനങ്ങളില്‍ കപ്പല്‍നിര്‍മാണത്തിനായി പൂവാറിന് പകരം വയ്ക്കാന്‍ മറ്റൊരു തീരം നമ്മുടെ രാജ്യത്തില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കൊച്ചിന് ഷിപ്യാര്ഡ് നടത്തിയ പഠനത്തിലും കപ്പല്‍ നിര്‍മാണശാലയ്ക്കായി പൂവാറിനെയാണ് അനുയോജ്യതീരമായി കണ്ടെത്തിയത്. കടലിലെ സ്വാഭാവിക ആഴം 24 മുതല്‍ 30 മീറ്റര്‍ വരെയാണ് പൂവാര്‍ തീരത്ത്. ഇത് ഭാരതത്തിലെ മാത്രമല്ല ഏഷ്യയിലെതന്നെ ഏറ്റവും ആഴം കൂടിയ കടല്‍ത്തീരമാണ്.
ഏതുസമയത്തും കപ്പലുകള്‍ക്ക് കടന്നുവരാന്‍ സൗകര്യത്തില്‍ വേലിയേറ്റ ഇറക്കാനുപാതം വളരെ കുറവാണ് ഇവിടെ. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തുപോലും ഇവിടെ തിരമാല ഉയരുന്നത് പരമാവധി മൂന്നര മീറ്റര്‍ ഉയരത്തിലാണ്. ഇത് പുലിമുട്ട് നിര്‍മിക്കാന്‍ ഏറ്റവും സഹായകരമാണ്. ഇത്തരത്തില്‍ പ്രകൃതിയുടെ സംരക്ഷണത്തില്‍ കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുന്ന തീരപ്രദേശം ലോകത്ത് അപൂര്‍വമാണ്. വര്‍ഷാവര്‍ഷമുള്ള ഡ്രഡ്ജിംഗ് ഇവിടെ ആവശ്യമില്ലെന്നതും ഏറെ അനുകൂല ഘടകമാകുന്നു.
വന്‍ വികസനക്കുതിപ്പ്…
പൂവാറില്‍ ലോകോത്തര കപ്പല്‍ നിര്‍മാണശാല സ്ഥാപിതമായാല് കൊച്ചു കേരളത്തിന്റെ മാത്രമല്ല ദക്ഷിണഭാരതത്തിന്റെ തന്നെ ഇന്നത്തെ ചിത്രം മാറും. നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തോളം പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ ലഭ്യമാകുക. കാരണം ഇന്ന് ഒരുവര്‍ഷം അന്താരാഷ്ട്ര കപ്പല്‍പാതയിലൂടെ കടന്നു പോകുന്നത് ഒരുലക്ഷത്തിലധികം കൂറ്റന്‍ കപ്പലുകളാണ്. ഇവയില്‍ നല്ലൊരു ശതമാനം വിഴിഞ്ഞത്ത് ചരക്കിറക്കാന്‍ വരുമെന്ന് തീര്‍ച്ചയാണ്. അവയുടെ അറ്റകുറ്റപ്പണികള്‍ക്ക് നിലവില്‍ മറ്റൊരു സാഹചര്യവുമില്ല. വിഴിഞ്ഞത്തിന് ഏറ്റവും സമീപത്തുള്ള പൂവാറില്‍ ഇത്തരമൊരു കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കപ്പെട്ടാലുണ്ടാകാവുന്ന പ്രയോജനം പറഞ്ഞറിയിക്കേണ്ടല്ലോ. പോക്കുമൂസാ പുരം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൂവാര്‍ ചരിത്രാതീത കാലം മുതല്‍ക്കെ കപ്പല്‍ നിര്‍മാണത്തിനും ആയ് രാജാക്കന്മാരുടെ നാവികാസ്ഥാനത്തിനും ഒക്കെ വേദിയായിരുന്നു.
കപ്പല്‍ നിര്‍മാണ-വ്യവസായ മേഖലകളില്‍ ഭാരതം ഇന്ന് ഏറെ പിന്നിലാണ്. കൂറ്റന്‍ മദര്‍ഷിപ്പുകള്‍, സൂപ്പര്‍ ടാങ്കറുകള്‍, വന്‍കിട യാത്രാക്കപ്പലുകള്‍, വെസ്സലുകള്‍ എന്നിവ 2020 ഓടെ സര്‍വസാധാരണമാകും. ഇന്ധനച്ചെലവും സമയനഷ്ടവും കടല്‍ക്ഷോഭവും മൂലം ഷിപ്പിംഗ് കമ്പനികള്‍ അന്താരാഷ്ട്ര കപ്പല്‍പാത വിട്ടുപോകാന്‍ കൂട്ടാക്കുന്നില്ല. നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പടുകൂറ്റന്‍ കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നിര്‍ബന്ധമാണ്. യൂറോപ്പില്‍ നിന്ന് ഏഥന്‍സ് വഴി സിംഗപ്പൂര്‍ വരെ, ഭാരത ഉപഭൂഖണ്ഡത്തെ ചുറ്റിയുള്ള അന്താരാഷ്ട്ര കപ്പല്‍പ്പാതയ്ക്ക് ഏറ്റവും അടുത്തു കിടക്കുന്ന പൂവാറില്‍ കപ്പല്‍ നിര്‍മാണശാല വരുന്നതോടെ ഇതുവഴി കടന്നുപോകുന്ന കപ്പലുകളെല്ലാം തന്നെ അറ്റകുറ്റപ്പണിക്ക് പൂവാറിനെ സമീപിക്കും. ഈ കപ്പല്‍പ്പാതയ്ക്ക് അടുത്തെങ്ങും കൂറ്റന്‍ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി മറ്റൊരു കപ്പല്‍ നിര്മാണശാലയുമില്ല. ഇത് തിരുവനന്തപുരം നഗരത്തിന്റെ എന്നല്ല തെക്കന്‍ കേരളത്തിന്റെ വന്വികസനക്കുതിപ്പിന് കാരണമാകുമെന്ന് തീര്‍ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: