ഓമല്ലൂര്‍: ഓമല്ലൂര്‍ ക്ഷേത്ര ജംഗ്ഷനിലെ ബസ്സുകാത്തിരുപ്പു കേന്ദ്രം ഉപയോഗിക്കാനാകാതെ യാത്രക്കാര്‍ വലയുന്നു. സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലുമായി പോകേണ്ടവരടക്കം ദിനംപ്രതി നൂറുകണക്കിനാളുകളാണ് ഈ ബസ് കാത്തിരുപ്പ് കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്. എന്നാല്‍ റോഡ് അരികിലെ കാനയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ മാസങ്ങളായി റോഡരിക് ഇടിച്ചിട്ടിരുന്നതിനാല്‍ യാത്രക്കാര്‍ക്ക് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല. അടുത്തിടെ ഓടയുടെ ഇരുവശവും കോണ്‍ക്രീറ്റ് ചെയ്തെങ്കിലും ഓടയ്ക്കു മുകളില്‍ സ്ലാബുകള്‍ ഇടാത്തതുമൂലം ഇപ്പോഴും ബസ് കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല. ഓടനിര്‍മ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരുവശം ഇടിച്ച് ഗര്ത്തങ്ങളാക്കിയത് നികത്തിയിട്ടുമില്ല.ഇതുമൂലം ഗതാഗതത്തിരക്കുള്ള ഇവിടെ റോഡിലേക്ക് യാത്രക്കാര്‍ക്ക് ഇറങ്ങിനില്ക്കേണ്ടിവരുന്നു. ഇത് ഏറെ അപകടഭീഷണി ഉയര്‍ത്തുന്നു. കത്തുന്ന വെയിലില്‍ ബസ്സുകാത്തുനില്ക്കേണ്ടിവരുന്നതും യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുളവാക്കുന്നുണ്ട്. ഇടതടവില്ലാതെ വാഹനങ്ങള്‍ പോകുന്നഇവിടെ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്ക്കുമടക്കം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനും കഴിയുന്നില്ല. കാനയ്ക്ക് മുകളില്‍ സിമന്റ് സ്ലാബുകള്‍ പാകി ബത്ത് കാത്തിരുപ്പ് കേന്ദ്രം ഉപയോഗപ്രദമാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: