ന്യൂദല്‍ഹി: പ്രശസ്ത ഭരതനാട്യ നര്‍ത്തകി രുക്മിണി ദേവി അരുണ്‍ഡേലിന്റെ 112-ാം ജന്മദിനം അനുസ്മരിച്ച് ഗൂഗിള്‍ ഡൂഡിള്‍. ഇന്നലെ ഗൂഗിള്‍ ഡൂഡിലിലാണ് ഭാരതീയ നര്‍ത്തകിയും കൊറിയോഗ്രഫറുമായ രുക്മിണി ദേവിയുടെ ചിത്രം നല്‍കിയിരിക്കുന്നത്.
ഗൂഗിള്‍ ഭാരതത്തിന്റെ ഹോം പേജില്‍ മാത്രമാണ് രുഗ്മിണി ദേവിയുടെ ചിത്രം. 1904 ഫെബ്രുവരി 29ന് തമിഴ്‌നാട്ടിലെ മധുരയിലാണ് രുക്മിണി ദേവി ജനിച്ചത്. ദേവദാസികള്‍ക്കിടയിലുള്ള സാധിര്‍ എന്ന ശൈലിയില്‍ നിന്നും ഭരതനാട്യത്തിന്റെ ഇന്നുള്ള രൂപത്തിലേക്ക് വളര്‍ത്തിയെടുത്തതും അതിനായി പ്രചാരണം നല്‍കിയതും രുഗ്മിണി ദേവിയാണ്. അതുവരെ ഭരതനാട്യം വേദിയില്‍ അവതരിപ്പിക്കുന്നതിനുംഅഭ്യസിക്കുന്നതിനും കടുത്ത എതിര്‍പ്പാണ് പൊതുജന സമൂഹത്തില്‍ നിന്നും ഉയര്‍ന്നിരുന്നത്.
അവരുടെ സേവനങ്ങളെ കണക്കിലെടുത്ത് 1956ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയ ആദരിച്ചിരുന്നു. 1952ലും, 1956ലും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശവും ചെയ്തിരുന്നു. 1967ല്‍ സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും കരസ്ഥമാക്കി. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ രാഷ്‌ട്രപതിയായി നാമനിര്‍ദ്ദേശം ചെയ്യുന്നതിന് അനുവാദം ചോദിച്ചിരുന്നെങ്കിലും അവര്‍ അത് സ്വീകരിച്ചില്ല. കൂടാതെ ഭാരതം രൂപപ്പെടുത്തിയ 100 ആളുകളുടെ പട്ടികയിലും രുക്മിണി ദേവി ഉള്‍പ്പെട്ടിട്ടുണ്ട്. 1986ല്‍ 82-ാം പിറന്നാള്‍ ആഘോഷിക്കുന്നതിനു ദിവസങ്ങള്‍ മുമ്പാണ് രുഗ്മിണി ദേവി അന്തരിച്ചത്.
















