ന്യൂദല്‍ഹി: എനിക്കുമൊരു പരീക്ഷയുണ്ട്. രാജ്യത്തെ 125കോടി ഭാരതീയര്‍ എന്നെ പരീക്ഷിക്കാന്‍ പോകുന്നു. തിങ്കളാഴ്ചയാണ് പൊതുബജറ്റ്, പ്രതിമാസ റേഡിയോ പരിപാടിയായ മന് കീ ബാത്തില്‍ പങ്കെടുത്തുകൊണ്ട്് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പൊതുപരീക്ഷയ്ക്ക് തയ്യാറാകുന്ന രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞാന്‍ തികഞ്ഞ ആരോഗ്യവാനും സമ്പൂര്‍ണ്ണ ആത്മവിശ്വാസത്തിലുമാണ്. എന്റെ പരീക്ഷകള്‍ തിങ്കളാഴ്ചയും നിങ്ങളുടേത് മാര്‍ച്ച് ഒന്നു മുതലും ആരംഭിക്കുകയാണ്. നമ്മള് പരീക്ഷയില്‍ വിജയിച്ചാല്‍ രാജ്യമാണ് വിജയിക്കുന്നത്, 34 മിനുറ്റ് നീണ്ട മന് കീ ബാത്തില്‍ വിദ്യാര്‍ത്ഥി സമൂഹത്തോട് മോദി പറഞ്ഞു. സമ്മര്ദ്ദങ്ങളൊഴിവാക്കി ആത്മവിശ്വാസത്തോടെയും ആരോഗ്യത്തോടെയും പരീക്ഷകളെ സമീപിക്കാനും മോദി ആഹ്വാനം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ പരീക്ഷയെക്കുറിച്ച് രക്ഷിതാക്കള്‍ക്കുള്ള ആശങ്ക തനിക്കുമുണ്ടെന്ന് മോദി പറഞ്ഞു. പരീക്ഷകളെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളാണ് നാം മാറ്റേണ്ടത്. ഇതുവഴി മാനസിക സമ്മര്‍ദ്ദവും ഒഴിവാക്കാനാകും, മോദി പറഞ്ഞു. എല്ലാ ദിവസവും അരമണിക്കൂര്‍ സുഹൃത്തുകള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം ചെലവഴിക്കണമെന്നും സമ്മര്‍ദ്ദമൊഴിവാക്കാന്‍ അതുവഴി സാധിക്കുമെന്നും മോദി പറഞ്ഞു. പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് മാത്രമല്ല പ്രധാനം.
നമ്മുടെ ലക്ഷ്യം തീരുമാനിച്ചുറച്ച ശേഷം മനസ്സിനെ സ്വതന്ത്രമാക്കുക. മറ്റുള്ളവരോട് മത്സരിക്കുന്നതിന് പകരം തന്നോടുതന്നെ മത്സരിക്കുക. പ്രതീക്ഷകളുടെ അമിത ഭാരത്താല്‍ തന്നെത്തന്നെ നഷ്ടപ്പെടുത്താതിരിക്കുക. വിജയം സുനിശ്ചിതം, മോദി പറഞ്ഞു.
സച്ചിന് ടെണ്ടൂല്‍ക്കര്‍, പ്രൊഫ.സി.എന്‍.ആര്. റാവു, വിശ്വനാഥന് ആനന്ദ് എന്നിവരും മന് കീ ബാത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നല്കി. വിദ്യാര്‍ത്ഥികളുടെ ചിന്തകള്‍ എല്ലായ്പ്പോഴും പോസിറ്റീവായിരിക്കണമെന്നും അപ്പോള്‍ മാത്രമേ പോസീറ്റീവായ കാര്യങ്ങള്‍ സംഭവിക്കുകയുള്ളൂവെന്നും മന് കീ ബാത്തില്‍ പങ്കെടുത്തുകൊണ്ട് സച്ചിന് പറഞ്ഞു. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിങ്ങള്‍ തന്നെ നിശ്ചയിക്കുകയും അതു നേടിയെടുക്കാന്‍ പരിശ്രമിക്കുകയും ചെയ്യണം,സച്ചിന് പറഞ്ഞു.
അചഞ്ചലരായിരിക്കുകയും അമിത ആത്മവിശ്വാസവും അമിത നിരാശയും ഒഴിവാക്കുകയുമാണ് വേണ്ടതെന്ന് ചെസ് താരം വിശ്വനാഥന് ആനന്ദ് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഈ രാജ്യത്ത് നിരവധി അവസരങ്ങളുണ്ട്. എന്താണ് ജീവിതത്തില്‍ ചെയ്യേണ്ടതെന്ന് നിങ്ങള്‍ നിശ്ചയിച്ച് മുന്നോട്ടുപോകുക. ഒരിക്കലും അതില്‍ നിന്നും പിന്മാറാതിരിക്കുക, പ്രൊഫ.സി.എന്‍.ആര്. റാവു മന് കീ ബാത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. പരീക്ഷകള്‍ നമ്മുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് അറിയാമെന്നും അതില്‍ പരിഭ്രമിക്കാതെ നിങ്ങള്‍ക്ക് ആകാവുന്നത്ര മികച്ച രീതിയില്‍ പരീക്ഷകളെ അഭിമുഖീകരിക്കണമെന്നും റാവു കൂട്ടിച്ചേര്‍ത്തു. ഇതാദ്യമായാണ് മന് കീ ബാത്തില്‍ രാജ്യത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: