കോട്ടയം: രാജ്യസഭയില്‍ മന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ കീഴ്വഴക്കങ്ങള് മറികടന്ന് സഭ പിരിച്ചുവിട്ട രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യനെതിരെ പ്രതിഷേധം ശക്തം.
കഴിഞ്ഞ ദിവസം ജെഎന്‍യുവിലെയും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെയും വിഷയങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി രേഖകള്‍ ഉദ്ധരിച്ച് മറുപടി നല്‍കുമ്പോഴാണ് ചെയറിലുണ്ടായിരുന്ന പി.ജെ കുര്യന് സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചത്. ഈ സമയം സഭയിലുണ്ടായിരുന്ന സിപിഐ നേതാവ് ജി. രാജയുടെ ആംഗ്യഭാഷയിലുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡപ്യൂട്ടി സ്പീക്കര്‍ സഭ പിരിച്ചുവിട്ടതെന്ന് ആരോപണമുണ്ട്.
ഇന്നലെ കോട്ടയത്ത് എം.ജി സര്‍വ്വകലാശാലാ ആസ്ഥാനത്ത് ജൈവസുസ്ഥിര കൃഷിക്ക് വേണ്ടിയുള്ള അന്തര്‍സര്‍വ്വകലാശാല കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയ പി.ജെ കുര്യനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി പ്രതിഷേധ സൂചകമായി കരിങ്കൊടി കാണിച്ചു.
പി.ജെ കുര്യന് യൂണിവേഴ്സിറ്റിയിലെത്തുന്നതറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തിലുള്ള നൂറോളം വരുന്ന പ്രവര്‍ത്തകര്‍ ‘ഗോബാക്ക്’ വിളികളുമായി യൂണിവേഴ്സിറ്റി കവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് പ്രവര്‍ത്തകരെ നീക്കം ചെയ്ത് പി.ജെ കുര്യന് സര്‍വ്വകലാശാലയിലേക്ക് പ്രവേശിക്കുവാനുള്ള വഴിയൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: