ഇടുക്കി: ഹൈക്കോടതി നിയോഗിച്ച ഡിവൈഎസ്പിയെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കൊല്ലം കരുനാഗപ്പള്ളി മാണിശേരി കിഴക്കേതില്‍ സജികുമാറിനെതിരെ വീണ്ടും കേസ്. ഉപ്പുതറ പോലീസാണ് പുല്ലുമേട് പുത്തന്‍പുരയിടത്തില്‍ താജുദ്ദീന്റെ പരാതിയെത്തുടര്‍ന്ന് കേസെടുത്തത്.
താജുദ്ദീനെ അബ്കാരിക്കേസില്‍ ശിക്ഷിച്ചിരുന്നു. കീഴ്ക്കോടതി വിധി ജില്ലാ കോടതിയും ശരിവച്ചപ്പോള്‍ താജുദ്ദീന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിച്ച് കഴിയുമ്പോഴാണ് പ്രൊബേഷന്‍ ഓഫീസറായ സജികുമാര്‍ താജുദ്ദീനെ സമീപിച്ചത്. കേസ് അനുകൂലമാക്കിയെടുക്കാമെന്നും 10000 രൂപ നല്‍കണമെന്നും സജികുമാര്‍ താജുദ്ദീനോടു പറഞ്ഞു. താജുദ്ദീന് സുഹൃത്തിന്റെ പക്കല്‍ നിന്നും 5000 രൂപ വാങ്ങി അപ്പോള്‍ത്തന്നെ നല്കി. ബാക്കിയുള്ള 5000 രൂപയും ഒരാഴ്ചക്കകം നല്കി.
ഈ വിവരം കേസ് നടത്തുന്ന അഡ്വക്കേറ്റുമായി സംസാരിച്ചപ്പോഴാണ് ആര്‍ക്കും പണം നല്കി കേസ് ഒതുക്കാനാകില്ല എന്ന വിവരം താജുദ്ദീന് വ്യക്തമായത്. വിഷമസ്ഥിതിയില്‍ കഴിയുമ്പോഴാണ് മോഷണ കേസില്‍ ജില്ലാ കോടതി ശിക്ഷിച്ച പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ സജികുമാര്‍ പിടിയിലായത്. സജികുമാറിന്റെ ഫോട്ടോ പത്രത്തില്‍ വന്നപ്പോഴാണ് താജുദ്ദീന് സജികുമാറിനെ തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഉപ്പുതറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. റിമാന്‍ഡില്‍ കഴിയുന്ന സജിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കട്ടപ്പന ഡിവൈഎസ്പി പി. കെ ജഗദീഷാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: