വടശ്ശേരിക്കര: നിലയ്ക്കലിലെ ശബരിമല ഇടത്താവളത്തിലെ ദേവസ്വംബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കന്നുകാലികള്‍ക്ക് കുളമ്പുരോഗ ഭീഷണി. ഇവിടെയുള്ള ഗോശാലയില്‍ കുളമ്പുരോഗം ബാധിച്ച പശുക്കള്‍ ചത്തുവീണതായും അറിയുന്നു. ധാരാളം കന്നുകാലികള്‍ രോഗം ബാധിച്ച നിലയില്‍ കാലുകള്‍ പൊട്ടിയൊഴുകി അലഞ്ഞുതിരിഞ്ഞു നടക്കുന്നതും കാണാം. ഇവ സമീപത്തെ വനത്തിലേക്ക് തീറ്റിതേടി എത്തിയാല്‍ വന്യമൃഗങ്ങളിലേക്കും രോഗം പടരാന്‍ ഇടയാക്കും. ഇത് വലിയ ആരോഗ്യ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കന്നുകാലികളെ സംരക്ഷിക്കാന്‍ നിലയ്ക്കലില്‍ ദേവസ്വംബോര്‍ഡ് ഗോശാല നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പരിപാലനം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്. വളരെ വേഗം പടരുന്നതാണ് കുളമ്പുരോഗം. മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൃഗസംരക്ഷണ വകുപ്പിനേയും ദേവസ്വം ബോര്‍ഡിനേയും സാഹചര്യം അറിയിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും നടപടികളൊന്നും ഉണ്ടാകാത്തത് ആശങ്കയുയര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: