മൃദംഗവാദനത്തില്‍ സ്വന്തമായ ഇടം കണ്ടെത്തിയ കലാകാരനാണ് കവിയൂര്‍ സനല്‍. 1986 മുതല്‍ ഈ രംഗത്ത് സജീവമാണ്. ആയിരത്തോളം വേദികളില്‍ ഇതിനോടകം പല സംഗീതജ്ഞരുടേയും കച്ചേരികളില്‍ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ വേദിയും പുതുമ നിറഞ്ഞ അനുഭവവും ഒട്ടനേകം പാഠങ്ങളുമാണ് സമ്മാനിക്കുന്നതെന്നാണ് സനലിന്റെ അഭിപ്രായം. അനുഭവസമ്പത്താണ് ഈ രംഗത്ത് ഉയരുന്നതിനുള്ള മുഖ്യഘടകം എന്നാണ് ഇദ്ദേഹത്തിന്റെ വിശ്വാസം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ അരങ്ങേറ്റം. തന്നെ മൃദംഗം പഠിപ്പിക്കണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നു എന്ന് സനല്‍. ചെറുപ്പംമുതല്‍ താളവാദ്യങ്ങളോട് സനല്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. മൃദംഗകലാകാരന്‍ മഞ്ഞളൂര്‍ വേണുവാണ് ആദ്യഗുരു. ഹൈ സ്കൂള്‍ പഠനശേഷം പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസായി.
മൃദംഗമായിരുന്നു പ്രധാനവിഷയം. അതിനുശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളേജില്‍ നിന്നും ഗാനപ്രവീണയും പാസായി. മൃദംഗവാദന വഴിയില്‍ത്തന്നെ പോകണമെന്ന ഉറച്ചതീരുമാനത്തില്‍ മുന്നോട്ടുപോയി. അവിടെയെല്ലാം ഗുരുക്കന്മാരായി ഈ രംഗത്തെ പ്രശസ്തരെ കിട്ടിയെന്നതും സനല്‍ ഭാഗ്യമായി കരുതുന്നു. മൃദംഗവിദ്വാന്മാരായ പാറശാല രവി, കടനാട് വി.കെ. ഗോപി, ചേര്‍ത്തല എസ്. ദിനേശന് ഇവരെല്ലാമായിരുന്നു അധ്യാപകര്‍. പാറശാല രവിയുടെ കൂടെതാമസിച്ചായിരുന്നു പഠനം. മൃദംഗത്തെ സംബന്ധിച്ച് ആദ്യമായി ഒരു പുസ്തകം രചിച്ചതും തന്റെ ഈ ഗുരുവാണെന്ന് സനല്‍ അഭിമാനത്തോടെ പറയുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ മൃദംഗബോധിനി, മൃദംഗത്തിന്റെ തനിയാവര്‍ത്തനം, ആദിതാളം, ചായ്പ് താളങ്ങള്‍ എന്നീ പുസ്തകങ്ങളും ഇദ്ദേഹം രചിച്ചതാണ്. മാത്രമല്ല മൃദംഗവിദ്വാനും കര്‍ണാടക സംഗീതജ്ഞനുമായിരുന്ന മാവേലിക്കര വേലുക്കുട്ടി നായരുടേയും തഞ്ചാവൂര്‍ ടി.കെ. മൂര്‍ത്തിയുടേയും ശിഷ്യനാണ് പാറശാല രവി. അദ്ദേഹവുമായുള്ള അടുപ്പം കലാരംഗത്ത് താന്‍ ആരാധിച്ചിരുന്ന പലരേയും നേരില്‍ കാണുവാനും പരിചയപ്പെടുവാനും ഇടയാക്കിയത്.
സംഗീതക്കച്ചേരികളില്‍ മൃദംഗം വായിക്കുവാനാണ് സനലിന് കൂടുതല്‍ ഇഷ്ടം. സംഗീതജ്ഞനൊപ്പം തന്നെ പക്കമേളക്കാര്‍ക്കും ആസ്വാദകരുടെ ശ്രദ്ധകിട്ടുകയും ചെയ്യുമെന്നതിനാലാണിത്. കച്ചേരിയില്‍ ഇംപ്രൊവൈസേഷനുള്ള നിരവധി അവസരം കിട്ടും. അത് കലാകാരനെന്ന നിലയില്‍ ഗുണം ചെയ്യും. മൃദംഗവാദനവും ഒരര്‍ത്ഥത്തില്‍ കണക്കുകളുടെ കളിയാണെന്നും സനല്‍ പറയുന്നു. മികവ് നേടണമെങ്കില്‍ നിരന്തരം പഠനം വേണം. കച്ചേരി എപ്പോഴും ഒരു കൂട്ടായ പ്രയത്നമാണ്. പക്കമേളക്കാരും സംഗീതജ്ഞനും ചിലപ്പോള്‍ ആദ്യമായിട്ടാവാം കാണുന്നത്. എല്ലാവരും ചേര്‍ന്നൊരു പ്രാക്ടീസിനുപോലും സാധിച്ചുവെന്ന് വരില്ല. പലരുടേയും ശൈലിയും (പാഠാന്തരം) വ്യത്യസ്തമായിരിക്കും. അതിനൊപ്പം സഞ്ചരിക്കണമെങ്കില്‍ പ്രധാനം മനോധര്‍മമാണ്. അനുഭവസമ്പത്തിലൂടെയാണ് ഇത് നേടുക. ഓരോ കച്ചേരിയും അവസാനിക്കുന്നതുവരെ കലാകാരനെന്ന നിലയില്‍ വെല്ലുവിളിയാണെന്നും സനല്‍ പറയുന്നു.
പത്മഭൂഷണ്‍ ഡോ. കെ.ജെ യേശുദാസ്, പത്മഭൂഷണ്‍ ടി.എന്‍. ശേഷഗോപാലന്, പത്മശ്രീ ടി.വി. ശങ്കരനാരായണന്, പി. ഉണ്ണികൃഷ്ണന്, നെയ്യാറ്റിന്‍കര വാസുദേവന്‍, ഡോ. ഓമനക്കുട്ടി, അരുന്ധതി, മാതംഗി സത്യമൂര്‍ത്തി, കാവാലം ശ്രീകുമാര്‍ തുടങ്ങി പ്രശസ്തരായ നിരവധി സംഗീതജ്ഞര്‍ക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. ഗുരുവിനൊപ്പം ഒട്ടുമിക്ക പ്രഗത്ഭരേയും പരിചയപ്പെട്ടിട്ടുള്ളതുകൊണ്ട് എല്ലാവരില്‍ നിന്നും പ്രത്യേക വാത്സല്യവും സ്നേഹവുമാണ് ലഭിച്ചത്. ഒന്നിലധികം വേദികള്‍ ഇവരോടൊപ്പം പങ്കിട്ടിട്ടുണ്ട്.
ഇപ്പോള്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജില്‍ മൃദംഗവിഭാഗം അധ്യാപകനാണ്. 1998 മുതല്‍ 2004 വരെ കാലടി സംസ്കൃത സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു. 2005 ലാണ് ആര്എല്വിയിലെത്തുന്നത്. പാലക്കാട് ചെമ്പൈ സംഗീത കോളേജിലും തിരുവനന്തപുരം സ്വാതിതിരുനാള്‍ കോളേജിലും ജോലി ചെയ്തിട്ടുണ്ട്. 1997 ല്‍ ഗാനപ്രവീണയ്ക്ക് സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടി. മൂന്ന് സംഗീത കോളേജിലും എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും ചേര്‍ത്താണ് അന്ന് റാങ്ക് നിശ്ചയിച്ചിരുന്നത്. ഗാനപ്രവീണയ്ക്ക് റാങ്ക് നേടുന്നവര്‍ക്കുള്ള പ്രേംനസീര്‍ അവാര്‍ഡ് ആദ്യമായി കിട്ടിയതും സനലിനായിരുന്നു. ഓള് ഇന്ത്യ റേഡിയോ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. ചെമ്പൈ സംഗീതോത്സവത്തില്‍ വര്‍ഷങ്ങളായി മൃദംഗം വായിച്ചിട്ടുണ്ട്. ഏത് തൊഴില്‍ പഠിച്ചാലും അതില്‍ മാസ്റ്റര്‍ ആകണമെങ്കില്‍ ആത്മാര്‍ത്ഥമായ പരിശ്രമം വേണം എന്നാണ് സനലിന്റെ അഭിപ്രായം. തന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണം അച്ഛനാണെന്നും അദ്ദേഹം പറയുന്നു.
നിരന്തരമായ പരിശീലനമാണ് കലാകാരന് ആവശ്യം. പാഠക്കൈ, ആവര്‍ത്തനം, നടകള്‍, ഗതിഭേദങ്ങള്‍ ഇങ്ങനെയാണ് മൃദംഗപഠനം. പത്തോളം യൂറോപ്യന്‍ രാജ്യങ്ങളില്‍ ബാലഭാസ്കറിനൊപ്പം ഫ്യൂഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ന്യൂസിലന്റ്, സ്വിറ്റ്സര്‍ലന്റ്, ഓസ്ട്രിയ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഇതിനകം കച്ചേരിയുമായി ബന്ധപ്പെട്ട് പോയിട്ടുണ്ട്. 2010 ല്‍ സത്യസായി ഓര്‍ഗനൈസേഷന്റെ ലയരത്ന പുരസ്കാരം ലഭിച്ചിരുന്നു. അവാര്‍ഡുകളുടെ മഹത്വം ഇന്ന്
ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നാണ് സനലിന്റെ അഭിപ്രായം. തഞ്ചാവൂര്‍ ടി.കെ. മൂര്‍ത്തിയെപ്പോലുള്ള പ്രഗത്ഭര്‍ക്കുപോലും അര്‍ഹമായ പല പുരസ്കാരങ്ങളും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മൃദംഗവുമായി ബന്ധപ്പെട്ട പുസ്തകം പ്രസിദ്ധീകരിക്കണം എന്നാണ് സനലിന്റെ ആഗ്രഹം. കലയെ പൂര്‍ണമനസ്സോടെ ആസ്വദിക്കുന്നവരുടെ സദസാണ് കലാകാരന്റെ സമ്പത്തെന്നും കവിയൂര്‍ സനല്‍ പറഞ്ഞു. കവിയൂര്‍ വഴിമംഗലത്ത് വീട്ടില്‍ വാസുദേവന്‍ നായരുടേയും സരസ്വതി അമ്മയുടേയും മകനാണ്. ഭാര്യ എബിത. മകന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാരംഗ്. തിരുവനന്തപുരത്താണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: