മലയാള സാഹിത്യത്തിലെ മൗലിക ഗ്രന്ഥ രചനയിലും പഠനഗവേഷണ രംഗത്തും ആറുപതിറ്റാണ്ടോളം നീണ്ട ശുഭ്രസാന്നിധ്യമായ ഡോ. വി.എസ്.ശര്‍മ്മയ്ക്ക് ഇന്ന് 80-ാം പിറന്നാള്‍. മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം തൊണ്ണൂറിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പരിഭാഷകള്‍, മൗലിക ഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, ഗവേഷണ പഠനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആയിരത്തോളം പേജുകള്‍ വരുന്ന ഭോജരാജന്റെ ശൃംഗാര പ്രകാശമാണ് അദ്ദേഹം ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയത്. മലയാളത്തില്‍ ഇത്തരത്തിലൊരു ഗ്രന്ഥം ആദ്യമാണ്. ശ്രീ സ്വാതിതിരുനാള്‍ ജീവിതവും കൃതികളും എന്ന പഠനഗ്രന്ഥം പോലെ മറ്റൊന്ന് മലയാളത്തിലില്ല. ടാഗോര്‍ കൃതികളുടെ സമഗ്രപഠനമായ രവീന്ദ്ര സരോവരം എന്ന ഈടുറ്റ ഗ്രന്ഥം മലയാളത്തിന് എന്നും മുതല്‍ക്കൂട്ടാണ്. ടാഗോര്‍ കൃതികളെ ഇത്ര ആഴത്തില്‍ പഠിച്ച മറ്റൊരു വ്യക്തിയും മലയാള സാഹിത്യ ഗ്രന്ഥത്തിലുണ്ടോയെന്ന് സംശയമാണ്.
പതിനെട്ടാം നൂറ്റാണ്ടില്‍ കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് എഴുതിയ നാട്യശാസ്ത്ര സംബന്ധമായ ബാലരാമഭരതം – സരസ്വതി എന്ന സംസ്കൃത ഗ്രന്ഥത്തിന് ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തിയ പരിഭാഷ അദ്ദേഹത്തിന്റെ ഈടുറ്റ സംഭാവനയാണ്. എഴുപത്തഞ്ച് തുള്ളല്‍ക്കഥകള്‍ (സംശോദനം), ഗീതാഞ്ജലി പരിഭാഷ, ഗീതാഗോവിന്ദം വ്യാഖ്യാനം എന്നിവ മലയാളത്തിലും ശ്രീശങ്കര ദി പോയറ്റ്, മഹാരാജാ ശ്രീ സ്വാതി തിരുനാള്‍, രസ, ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഓഫ് സൗത്ത് ഇന്ത്യ, ട്രാവന്‍കൂര്‍ ഡൈനാസ്റ്റി എന്നിവ ഇംഗ്ലീഷിലുമായി അദ്ദേഹം കൈരളിക്ക് സമര്‍പ്പിച്ച സംഭാവനകളില്‍ ചിലതാണ്. ഇതിനുപുറമെ 150 ല്‍പ്പരം ഗവേഷണ പ്രബന്ധങ്ങളും രചിച്ചു. ഡോ. വി.എസ്. ശര്‍മ്മ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1993 ല്‍ ജര്‍മനി സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ആറ്റുകാല്‍ അംബാപ്രസാദത്തിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരുന്നു.
ഹരിപ്പാട്ട് പുത്തിയില് ഇല്ലത്ത് സാഹിത്യഭൂഷണന്‍ പി.എസ്. വാസുദേവ ശര്‍മ്മയുടെയും ശുചീന്ദ്രം വട്ടപ്പള്ളി സ്ഥാനികര്‍ മഠത്തില്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1936 മാര്‍ച്ച് 12 (1111 കുംഭം 29) ന് സ്വാതി നക്ഷത്രത്തിലാണ് അദ്ദേഹം ജനിച്ചത്. ഹരിപ്പാട്ട് സ്കൂള്‍ വിദ്യാഭ്യാസവും നാഗര്‍കോവില്‍ എസ്.ടി. കോളേജില്‍ ഇന്റര്‍മീഡിയറ്റും പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണ് 1956-1960 കാലഘട്ടത്തില്‍ ബിരുദ ബിരുദാനന്തര ബിരുദങ്ങള്‍ സമ്പാദിച്ചത്. ഇതിനിടയില്‍ പി.ശേഷാദ്രി അയ്യരില്‍ നിന്ന് വിവിധ ഭാഷകളും വേദാന്താദി വിഷയങ്ങളും പഠിച്ചു.
ഡോ. പി.കെ.നാരായണപിള്ളയുടെ ശിക്ഷണത്തിലാണ് എം.ലിറ്റ്, പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടിയത്. തുടര്‍ന്ന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡി.ലിറ്റ് ബിരുദവും സമ്പാദിച്ചു. പണ്ഡിതരത്നം കെ.പി.നാരായണപിഷാരടിയില്‍ നിന്ന് നാട്യശാസ്ത്രം പഠിച്ചു.
മലയാളരാജ്യം പത്രാധിപരായി 1960-61 കാലഘട്ടത്തിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് (1961-63) കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ട്രാന്സ്ലേറ്റര് ( 68-69) , ഗവേഷണം (63-68), തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ലക്ചറര്‍( 1968-69) ,കേരള സര്‍വകലാശാല മലയാളം വിഭാഗത്തില്‍ ലക്ചറര്‍, റീഡര്‍, പ്രൊഫസര്‍, വിഭാഗം അധ്യക്ഷന്‍, ഓറിയന്റല്‍ ഫാക്കല്‍റ്റി ഡീന്‍, സെനറ്റംഗം (1969-96) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2013 നവംബര്‍ മുതല്‍ 2016 ഫെബ്രുവരി വരെ കേരള സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആന്‍ഡ് വിഷ്വല്‍ ആര്‍ട്സിന്റെ ഓണററി ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഫൈനാര്‍ട്സ് ഫാക്കല്‍റ്റി ഡീന്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന്, സെനറ്റംഗം, അക്കാദമിക് കൗണ്‍സിലംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള കലാമണ്ഡലം ചെയര്മാന്, എം.ജി.സര്‍വകലാശാല ഫൈന്‍ ആര്‍ട്സ് വിഭാഗം ഡീന്‍, കിള്ളിക്കുറിശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം അധ്യക്ഷന്‍, തിരുവനന്തപുരം മാര്‍ഗി പ്രസിഡന്റ്, ബി.എസ്.ആര്.സി. അംഗം, കല്‍ക്കത്ത രാജാറാം മോഹന്റായ് ലൈബ്രറി ഫൗണ്ടേഷന് അംഗം തുടങ്ങിയ പദവികളിലും സേവനം അനുഷ്ഠിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സാംസ്കാരിക വിഭാഗം സീനിയര്‍ ഫെലോഷിപ്പ്, ഡി.എല്‍.എ ഫെലോഷിപ്പ്, സൊറാബ്ജി ടാറ്റാ ഫെലോഷിപ്പ് തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചു. ഡോ. വി.എസ്.ശര്‍മയുടെ കീഴില്‍ 12 വിദ്യാര്‍ത്ഥികള്‍ പി.എച്ച്.ഡിയും 25 പേര് എം.ഫില്‍ ബിരുദവും നേടി. ഇപ്പോഴും അദ്ദേഹം ഗവേഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേങ്ങള്‍ നല്കിവരുന്നു. വാചസ്പദി പുരസ്കാരം,വിജയദശമി പുരസ്കാരം, മൃഡാനന്ദ സ്വാമി പുരസ്കാരം, മുകുന്ദരാജ പുരസ്കാരം, എം.കെ.കെ.നായര്‍ പുരസ്കാരം, സാഹിത്യരത്നം, സാഹിത്യ കലാനിധി ബിരുദങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.
അവിവാഹിതനായ ഡോ. വി.എസ്.ശര്‍മ്മ 80-ാം വയസ്സിലും പ്രായത്തിന്റെ അവശതകള്‍ മറന്ന് ഊര്‍ജസ്വലതയോടെ ശാസ്തമംഗലത്തെ നിവേദിതയില്‍ തന്റെ സാഹിത്യ സപര്യ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: