ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മുന്‍ പ്രചാരകനും തൃശ്ശിവപേരൂരിലെ വ്യാപാരിയുമായ അനന്തന് അവിടുത്തെ ഏറ്റവും മുതിര്‍ന്ന സംഘ സ്വയംസേവകനായ ജി.മഹാദേവന് ആസ്പത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് പഴയതുപോലെ എല്ലാവര്ക്കും പ്രചോദനവും പ്രോത്സാഹനവും സന്തോഷവും നല്കാന് സാക്ഷാല്‍ വടക്കുംനാഥന് അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുകയാണ്. അതേസമയം ജി. എം എന്ന് സംഘത്തിലും പുറത്തുള്ളവരും ആദരപൂര്‍വം സംബോധന ചെയ്യുന്ന അദ്ദേഹത്തെപ്പറ്റിയുള്ള ഓര്‍മകള്‍ തിക്കിത്തിരക്കി വരികയാണ്.
അവസാനമായി അദ്ദേഹത്തെ കണ്ടതും വേദി പങ്കിട്ടതും കഴിഞ്ഞ അടിയന്തരാവസ്ഥാ അനുസ്മരണ ദിനത്തില്‍ തൃശ്ശിവപേരൂരിലെ ഭാരതീയ ജനതാപാര്‍ട്ടി, ബ്രഹ്മസ്വം മഠത്തിലെ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയിലാണ്. അടിയന്തരാവസ്ഥയില്‍ മിസാ തടവുകാരനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹം തന്നെയാണ് ജില്ലയിലെ സംഘപരിവാര്‍ തടവുകാര്‍ക്ക് നേതൃത്വം നല്‍കിയത്. വീയ്യൂര്‍ ജയിലില്‍, പരമേശ്വര്‍ജി, രാജേട്ടന്, പ്രാന്തകാര്യവാഹായിരുന്ന അനന്തേട്ടന്, സി.കെ.പത്മനാഭന് തുടങ്ങി പരിവാറിലെ പ്രമുഖ പ്രവര്‍ത്തകരെല്ലാമുണ്ടായിരുന്നു. അനുസ്മരണ പരിപാടി സമയത്തു ജി.എം. ഒല്ലൂരിലെ വൈദ്യരത്നം ചികിത്സാലയത്തില്‍ കഴിയുകയാണ്. പരിപാടിയുടെ പ്രാധാന്യം കണക്കിലെടുത്ത് മൂസ്സിന്റെ പ്രത്യേകാനുമതി നേടി അദ്ദേഹം എത്തുകയായിരുന്നു. അതിനുശേഷം ഭക്ഷണത്തിനുപോലും കാക്കാതെ ഒല്ലൂര്‍ക്കു മടങ്ങുകയും ചെയ്തു. ആ സമയത്ത് സംഘത്തിന്റെ ഔപചാരിക ചുമതലകളില്‍നിന്നു വിടുതല്‍ നേടിയെങ്കിലും പൂര്‍വാധികം ഉത്സാഹത്തോടെ പല നൂതന സംരംഭങ്ങളെക്കുറിച്ചും ആലോചിക്കുന്ന കാര്യം പറഞ്ഞു. അടിയന്തരാവസ്ഥാ പീഡിതരായി അവിടെയെത്തിയവര്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ അനന്തര തലമുറകള്‍ക്കും ജി.യുടെ സാന്നിധ്യവും വാക്കുകളും ആവേശം പകര്‍ന്നിരുന്നു.
ഞാന്‍ തൃശ്ശിവപേരൂരില്‍ ആദ്യം പോയത് ഗുരുവായൂരില്‍ പ്രചാരകനായിരുന്ന 1957 ലാണ്. പരമേശ്വര്‍ജിയുടെ കൂടെയാണ് യാത്ര. ഗുരുവായൂര്‍ക്കുള്ള റോഡ് തുടങ്ങുന്ന സ്ഥലത്തെ മൂലയ്ക്കു വിപിഎന്‍ ബില്‍ഡിങ്ങിലുണ്ടായിരുന്ന ലക്ഷ്മി പ്രസാദ് ബാങ്കില്‍ മഹാദേവന് എന്നയാളെ കണ്ട് പരിചയപ്പെടാന്‍ പരമേശ്വര്‍ജി നിര്ദ്ദേശിച്ചതനുസരിച്ചുചെന്നു. ജോലിത്തിരക്കിനിടയിലും കാര്യങ്ങള്‍ പറയുകയും വൈകുന്നേരം ശാഖയിലും മറ്റും ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു.
1943 ലോ 44 ലോ തൃശ്ശിവപേരൂരില്‍ സംഘപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മുതല്‍ ജി അതിലുണ്ടത്രെ. അവിടെ സീതാറാം മില്ലില്‍ ഉദ്യോഗസ്ഥനായിരുന്ന ദീക്ഷിതിന്റെ വസതിയായിരുന്നു സംഘപ്രവര്‍ത്തന കേന്ദ്രമത്രെ. അവിടെയായിരുന്നു ആദ്യകാല പ്രചാരകന്മാര് താമസിച്ചത്. അവിടുത്തെ കേശവ ദീക്ഷിത് പ്രചാരകനായി കല്‍ക്കത്തയില്‍ പ്രവര്‍ത്തിച്ചു. പശ്ചിമബംഗാളിന്റെ പ്രാന്തപ്രചാരകനുമായി. ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരിക്കെ വേനല്‍ അവധിക്കാലത്ത് തൃശ്ശിവപേരൂരില്‍ വിസ്താരകനായി വന്ന ദത്താജി ഡിഡോള്‍ക്കര്‍ പഠനം പൂര്‍ത്തിയാക്കി 1948 കാലത്ത് കോഴിക്കോട്ടും പിന്നീട് 53 ല്‍ തിരുവനന്തപുരത്തും പ്രചാരകനായശേഷം 1964 വരെ തമിഴ്നാട് കേരള പ്രാന്തപ്രചാരകനായി പ്രവര്‍ത്തിച്ചിരുന്നു.
ലക്ഷ്മിപ്രസാദ് ബാങ്ക്, ധനലക്ഷ്മി ബാങ്കില്‍ ലയിച്ചപ്പോല് ജി.എം അതിന്റെ ഭാഗമായി. അതിന്റെ ജനറല്‍ മാനേജര്‍ പദവി വരെ ഉയര്‍ന്നു. അങ്ങനെ അവിടെയും ജിഎം ആയി. അപ്പോള്‍ സ്വയംസേവകര്‍ അദ്ദേഹത്തെ ജി. മാത്രമാക്കി. ബാങ്കില്‍ ജോലിയായിരുന്നപ്പോഴാണ് അടിയന്തരാവസ്ഥയില്‍ തടവിലായത്. ജീവിതത്തിലെ ഏറ്റവും കഠിനമായ ആ പരിതസ്ഥിതിയെ അദ്ദേഹം അങ്ങേയറ്റത്തെ മനസ്സാന്നിധ്യത്തോടെ നേരിട്ടു. അക്കാലത്തൊരിക്കല്‍ വീട്ടില്‍ ചെന്നതും സഹധര്‍മിണിയെ കണ്ടതും അവിസ്മരണീയ അനുഭവമായിരുന്നു. വിമോചിതനായി ജോലിയില്‍ തിരിച്ചുവന്നതും കാരാഗൃഹവാസക്കാലത്തെ വേതനവും സര്‍വീസും കയറ്റവും വകവെച്ചുകിട്ടിയതും പ്രയാസങ്ങളെ മറികടക്കാന്‍ സഹായിച്ചു, ദുരനുഭവങ്ങളുടെ ഓര്‍മകള്‍ സദാ നിലനില്ക്കാതിരിക്കില്ല.
ജിയുടെ ലളിതജീവിതം ആര്‍ക്കും മാതൃകയാക്കാവുന്നതാണ്. അനാവശ്യമായി ഒരു കാര്യവും ചെയ്യില്ല എന്ന് ഏതാനും മാസക്കാലം ജന്മഭൂമിയുടെ മാനേജരായി ജോലി ചെയ്തപ്പോഴത്തെ അനുഭവംകൊണ്ടു പറയാനാവും. ബാങ്കില്‍നിന്നു വിരമിച്ചശേഷം സംഘാധികാരികളുടെ അഭിപ്രായത്തെ മാനിച്ച് അദ്ദേഹം ആ കയ്പ് ഗുളിക സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ജന്മഭൂമിയുടെ സാമ്പത്തികനില അത്യന്തം പരിതാപകരമായിരുന്നു. അന്നു ജീവനക്കാര്‍ക്ക് സേവനവേതന വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തി, ഇഎസ്ഐ, പിഎഫ് തുടങ്ങിയവയ്ക്കു തുടക്കമിട്ടു. പത്രസ്ഥാപനങ്ങളിലെ നിയമപ്രകാരമുള്ള കാര്യങ്ങള്‍ പഠിച്ച് അതു നടപ്പിലാക്കി, ഓഫീസ് ചിട്ടകള്‍ വരുത്തി. അദ്ദേഹം ദിവസവും തൃശ്ശിവപേരൂരില്‍നിന്നു ട്രെയിനിലാണ് വന്നുകൊണ്ടിരുന്നത്. സീസണ് ടിക്കറ്റ് എടുക്കുമ്പോള്‍ ഏറ്റവും പ്രയോജനകരം ഏതു വണ്ടിയായിരിക്കുമെന്നു പഠിച്ച് എക്സ്പ്രസില്‍ എടുത്തു. നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് നടന്നാണ് ആദ്യമൊക്കെ വന്നത്. പിന്നീട് ഓഫീസില്‍നിന്ന് വാഹനം ഏര്‍പ്പാടാക്കി.
വസതിയില്‍ നിന്ന് പ്രാതല്‍ കഴിച്ചുവരും. ഉച്ചഭക്ഷണം കാര്യാലയത്തില്‍, സായാഹ്ന ഭക്ഷണം തിരിച്ചുവീട്ടിലെത്തിയശേഷം ഇതായിരുന്നു ചിട്ട. കാര്യാലയത്തിലെ മോരിനോട് അതിയായ സ്നേഹം വന്നതിനാല്‍ അതു തയ്യാറാക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കി. ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂടെ താമസിക്കാന്‍ അവസരമുണ്ടായി. രാമകൃഷ്ണാശ്രമത്തിലെ മൃഡാനന്ദ സ്വാമികള്‍ ജന്മഭൂമിയില് എഴുതിവന്ന ലഘു ഉപദേശങ്ങള്‍ പുസ്തകമാക്കിയതിന്റെ വിമോചനത്തിന് പൂങ്കുന്നത്തെ ആശ്രമത്തില്‍ ഏര്‍പ്പാടു ചെയ്തിരുന്നു. അവിടെ നടന്ന ഭവ്യമായ ചടങ്ങിനുശേഷം പൂങ്കുന്നം ഗ്രാമത്തിലെ തന്റെ വസതിയില്‍ താമസിക്കാന്‍ അദ്ദേഹം ക്ഷണിച്ചു. അന്നത്തെ കുശല വിവരണത്തില്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ രസകരമായി കേട്ടു. 1953 കാലത്ത് തിരുവനന്തപുരം ശാഖയിലുണ്ടായിരുന്ന ഒരു സുന്ദരം, പിന്നീട് തമിഴ്നാട്ടിലെ ശങ്കരന് കോവില്‍ എന്ന സ്ഥലത്ത് അധ്യാപകനായി, സംഘപ്രവര്‍ത്തനം തുടര്‍ന്നിരുന്നു. സംയുക്ത ഒടിസികളില്‍ അദ്ദേഹത്തെ കണ്ടുപരിചയം പുതുക്കാറുണ്ടായിരുന്നു.
ആ സുന്ദരം ആയിടെ എന്തോ ആവശ്യത്തിന് തൃശിവപേരൂരില് വരികയും പഴയകാല കഥകള്‍ പറയുന്നതിനിടെ എന്നെപ്പറ്റിയും പരാമര്‍ശമുണ്ടായതായും ‘ജി’ പറഞ്ഞു. രാത്രി ഭക്ഷണം അവിടെ കഴിഞ്ഞു, നിലത്തിരുന്നാണ്. കിടക്കുന്നതും നിലത്തു പായ വിരിച്ചുതന്നെ. ഒരുവിധ ആര്‍ഭാടമെന്നു പറയാവുന്ന സാമഗ്രിയുമില്ല. അതി പ്രഗത്ഭരായ പലരുടെയും ജീവിതരീതി ഇതായിരുന്നു എന്ന് ഓര്‍മവരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ ഞങ്ങളുടെ പ്രിന്‍സിപ്പാളായിരുന്ന ഡോ.സി.എസ്.വെങ്കിടേശ്വരന് കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡയറക്ടറായാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ മകന് സി.വി.സുബ്രഹ്മണ്യന് കേന്ദ്ര സെക്രട്ടറിയുമായിരുന്നു. ഡോ.സി.വി.രാമന്റെ ജന്മദിനം ദേശീയ സയന്‍സ് ദിനമായി ഭാരതീയ ജനസംഘം ആചരിക്കാന്‍ തീരുമാനിച്ചപ്പോള്‍, അതിന് അദ്ദേഹത്തെ ക്ഷണിക്കാന്‍ നിര്‍ദ്ദേശം വന്നു.
വാധ്യാര്ജിയുമൊത്ത് ഞാന്‍ ഇരിങ്ങാലക്കുടയിലെ മഠത്തില്‍ അദ്ദേഹത്തെ ക്ഷണിക്കാന്‍ പോയി. നിലത്തു പായിലിരുന്ന്, ബഞ്ചിന്മേല് അട്ടികളായി വച്ച കടലാസുകള്‍ പരിശോധിക്കുകയായിരുന്നു ഡോ.വെങ്കിടേശ്വരന്. പല ലോകപ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളും മറ്റും അദ്ദേഹത്തിന്റെ പരിശോധനയ്ക്കായി അയയ്ക്കപ്പെട്ടവയായിരുന്നു അത്. പരിചയപ്പെടുത്തേണ്ടി വന്നില്ല. 15 വര്‍ഷം മുമ്പത്തെ വിദ്യാര്‍ത്ഥിയെ അദ്ദേഹം പേരുസഹിതം ഓര്‍മിച്ചു. ഒരു കസേര പോലും ആ തളത്തിലില്ല. വലിപ്പം ആര്‍ഭാടത്തിലല്ല എന്ന് പ്രഖ്യാപിക്കുന്നവരില്‍ ‘ജി’യും പെടും.
ഭാസ്കര്‍ റാവുജി അനുസ്മരണത്തിന് എറണാകുളം സരസ്വതി വിദ്യാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്കുശേഷം, തൃശ്ശിവപേരൂരിലെ അനുസ്മരണത്തിന് ഞാന്‍ ചെല്ലണമെന്ന ‘ജി’യുടെ ക്ഷണം സ്വീകരിച്ചു. അങ്ങോട്ടുള്ള യാത്ര ട്രെയിനില്‍ മതി. രണ്ടുപേര്‍ക്കുള്ള ബസ് ചാര്‍ജിനെക്കാള്‍ കുറച്ചേ ചെലവ് വരൂ എന്നും മുക്കാല്‍ മണിക്കൂറും ലഭിക്കാമെന്നുമായിരുന്നു ജിയുടെ ന്യായം.
വ്യക്തിപരമായ ബന്ധം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം അങ്ങേയറ്റത്തെ നിഷ്ഠ പുലര്‍ത്തുന്നുണ്ട്. എന്റെ മകന് അനു നാരായണന്റെ വിവാഹത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. അന്നു വിഭാഗ് സംഘചാലകായിരുന്ന ചാലക്കുടിയിലെ പത്മനാഭസ്വാമിയും ജിയും വന്ന് നമസ്തേ പറഞ്ഞത് എനിക്ക് വിസ്മയമായി. ശാരീരികമായി വിഷമതകള്‍ മൂലം അന്ന് വേണ്ടവിധം എല്ലാവരുമായി സംവദിക്കാന്‍ കഴിയാത്തതിന്റെ വിഷമം അവരെ അറിയിക്കാന്‍ പോലും കഴിഞ്ഞില്ല.
സംഘ ബൈഠക്കുകളില്‍ റിപ്പോര്‍ട്ടു പറയുമ്പോള്‍ ‘ജി’ എന്നു തൃശ്ശിവപേരൂര്‍ എന്നേ പറയുമായിരുന്നുള്ളൂ. ട്രിച്ചൂര് എന്ന ഇംഗ്ലീഷ് പേര് ഔദ്യോഗികമായി മാറ്റി അത് തൃശൂര്‍ എന്നാക്കിയത് ശിവന്റെ പേരിലുള്ള ഊരാണത് എന്ന കാര്യം ആരും ഓര്‍ക്കരുതെന്ന ദുരുദ്ദേശ്യത്തോടെയാണല്ലൊ. കണ്ണന്നൂര്‍ എന്ന പേര് കണ്ണൂര്‍ എന്നാക്കിയപ്പോഴും ഉദ്ദേശ്യം മറ്റൊന്നായിരുന്നില്ല.
‘ജി’ ആരോഗ്യവാനായി നമുക്ക് പ്രചോദനമായി വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: