ഇനിയാതൂലിക ചലിക്കില്ലൊരിക്കലുമി-
ന്നാമഷിക്കുപ്പിയൊഴിഞ്ഞീടുന്നു
മകരന്ദം തേടിയലയുന്ന വണ്ടുകളിന്നു
കുസുമങ്ങള്‍ തോറും തിരയുന്നു
വസുധതന്‍ പുത്രനെ
കാറ്റുവന്നോതുന്നു പൂക്കളോടും തളിരിനോടും
കാട്ടുചോലകളേറ്റുചൊല്ലുന്നൂ മണ്ണിനോടും മത്സ്യങ്ങളോടും
കേട്ടമാത്രയില്‍ പാട്ടുനിര്ത്തീടുന്നു കുയിലുകളതു-
കേട്ടു നൃത്തമാടുന്ന മയിലുകള്‍ ചിലങ്കയൂരീടുന്നു!
ഞെട്ടറ്റുവീഴുന്നു മാമ്പൂകനികളും ചെമ്പനീര്‍പ്പൂക്കളും-
വിപ്ലവം ചാലിച്ച ചെമ്പരത്തി-തെച്ചിയും
വിരിയുന്നീലാ, നാലുമണിപ്പൂക്കളും
വിങ്ങലോടൊഴുകുന്നു പേരാറ്…
മിഴിചുവന്നീടുന്നു കാന്തിതന്‍ കാമുകന് മുങ്ങുന്നു
ജലധിയില്‍ ദര്‍പ്പണം ചെയ്യുവാന്‍!
ദുഖമുഖത്തോടെയുറ്റുനോക്കീടുന്നു
ചന്ദ്രികയും പൊന്‍-താരകളു-
മിരവിന്റെ തേങ്ങലാം നത്തും-നരികളും
ഗദ്ഗദത്തോടെ കരഞ്ഞീടുന്നു
ഇന്നായെഴുത്തുപുരയടഞ്ഞുപോയി
‘ഇതുനിന്റെ (എന്റെയും) ചരമശുശ്രൂഷ്യക്കു-‘
ഹൃദയത്തില്‍ പണ്ടേ കുകുറിച്ചഗീത-
മവനിയില്തേങ്ങലായൊഴുകിടുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: