മുത്തുകള്‍ പോലാം പദങ്ങളേ ഭാഷത-
ന്നബ്ധിയില്നിന്നു പെറുക്കിമിനുക്കിയീ
വിശ്വപ്രണയമാം നൂലതില്‍ കോര്‍ത്തുള്ള
വിശ്രുതഹാരങ്ങളല്ലോ നിന്ഗീതികള്.
തൂലികയാകുമുളിയാല് കടഞ്ഞൊരു
ശില്പസമം കാവ്യജാലം മനോഹരം
കാലപ്രമാണമിണങ്ങി, രാഗാര്‍ദ്രമാം,
ശീലുകള്നെയ്ത മഹാകവേ വന്ദനം.
പൂവിന്നഴകുമാ മന്ദാനിലന്‍ തന്റെ
തഴുകലും പുഴയുടെ മഞ്ജുസംഗീതവും
മഴവില്ലും സവിതാവിന് രഥയാത്രയും പിന്നെ
കടലിന്നിരമ്പവും കുയിലിന് നിനാദവും
മഴയുടെ കാന്തിയും, നക്ഷത്രജാലങ്ങള്‍
മൂകമായോതും പ്രപഞ്ചവിധാനവും
മാനവജീവിതസ്പന്ദനങ്ങളും
ശോക ഭാവവും, പീഡയും,രാഗവും തുഷ്ടിയും,
ഒക്കവേ തുമ്പികള്‍ പോലെ നിന് കാവ്യ
പ്രപഞ്ചത്തിലാകെപ്പറന്നു കളിക്കവേ
സ്തബ്ധനായ് വന്ദിച്ചുനിന്നുപോയ് ഞാന്‍,ഇനി
യെത്തുമോ ഒഎന്‍വി പോലവേ മറ്റൊരാള്‍?
പ്രതികരിക്കാൻ ഇവിടെ എഴുതുക: