ദോഹ: ഇന്ത്യന്‍ താരം സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിംഗിസ് ജോഡികളുടെ അപരാജിത കുതിപ്പിന് വിരാമം. തുടര്‍ച്ചയായ 41 വിജയങ്ങളുമായി കുതിക്കുകയായിരുന്ന സാനിയ സഖ്യത്തിന് ഖത്തര്‍ ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് കാലിടറിയത്.
ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയെ എലീന വെസ്‌നിന- ദാരിയ കാസാറ്റിന സഖ്യമാണ് അട്ടിമറിച്ചത്. മൂന്നു സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സാനിയ-ഹിംഗിസ് സഖ്യം തോല്‍വി സമ്മതിച്ചത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സാനിയ സഖ്യത്തിന് രണ്ടും മൂന്നും സെറ്റുകളില്‍ പിഴക്കുകയായിരുന്നു. സ്‌കോര്‍: 2-6, 6-4, 10-5.
ജാനാ നോവോത്‌ന-ഹെലെന സുകോവ സഖ്യത്തിന്റെ പേരിലാണ് തുടര്‍വിജയങ്ങളുടെ റിക്കാര്‍ഡ്. 1990-ല്‍ 44 തുടര്‍വിജയങ്ങളാണ് ഈ സഖ്യം നേടിയത്. ഇൗ റെക്കോര്‍ഡിനൊപ്പമെത്താന്‍ മൂന്ന് വിജയങ്ങളായിരുന്നു സാനിയ-ഹിംഗിസ് സഖ്യത്തിന് വേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നിച്ചതു മുതല്‍ മുന്നേറ്റം തുടരുന്ന സാനിയയും ഹിംഗിസും ഇതുവരെ 13 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ സ്വന്തമാക്കിയത് നാല് കിരീടങ്ങളാണ്.
ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍, സിഡ്‌നി ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗ് ലേഡീസ് കിരീടങ്ങളാണ് ഈ വര്‍ഷം സഖ്യം സ്വന്തമാക്കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ സിന്‍സിനാറ്റി ഓപ്പണിന്റെ സെമിഫൈനലിലായിരുന്നു ഇവര്‍ അവസാനം തോറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: