കോട്ടയം: ഭാരതത്തിന്റെ പൗരണികമായ സാംസ്‌കാരിക ദര്‍ശനം പ്രതിഭലിപ്പിക്കുവാന്‍ ശ്രമിക്കുന്നതില്‍ ഏറ്റവും ഉന്നതമായി നില്‍ക്കുന്ന വിദ്യാഭ്യാസ പ്രസ്ഥാനമാണ് പുതുപ്പള്ളി ശ്രീശങ്കരവിദ്യാപീഠമെന്ന് ജസ്റ്റീസ് കെ.ടി.തോമസ് പറഞ്ഞു. ശ്രീശങ്കര വിദ്യാപീഠം പുതുപ്പള്ളിയുടെ 17-ാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വം ഇല്ലാത്തതാണ് ഭാരതം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിഷലിപ്തമായ യമുനാനദിയിലെ വിഷം അകറ്റിയ ശ്രീകൃഷ്ണഭഗവാനാണ് ശുചിത്വത്തിന്റെ ഏറ്റവും വലിയ കഥാനായകന്‍. ഭാരതത്തിന്റെ പൈതൃകം ഗീതയിലാണെന്നും അത് പഠിച്ചാല്‍ ഭാരതത്തെ വഴികാട്ടുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ യുവതലമുറയുടെ ദേശീയ ബോധത്തെ ശക്തമായി ഉത്തേജിപ്പിക്കുന്ന ഒരു ഭാരതീയ പൗരനാണ് നടന്‍ മോഹന്‍ലാലെന്ന് അദ്ദേഹം പറഞ്ഞു. പട്ടാളത്തില്‍ ചേര്‍ന്ന് മാറ്റങ്ങള്‍ വരുത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചില്ലെങ്കിലും തന്റെ സ്ഥലത്തെ മലിനീകരണം മാറ്റാന്‍ മനസ് തന്നെ പ്രേരിപ്പിക്കണമേ എന്ന് ഓരോകുട്ടിയും പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ പ്രൊഫ. പി.എം.ഗോപി അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സംസ്ഥാന കാര്യകാരി അംഗം അഡ്വ.എന്‍.ശങ്കര്‍റാം മുഖ്യപ്രഭാഷണം നടത്തി. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നിബു ജോണ്‍, വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ലളിതാംബിക, കുഞ്ഞമ്മ ടീച്ചര്‍ പ്രിന്‍സിപ്പല്‍ ബി.രാജീവ്, ക്ഷേമസമിതി പ്രസിഡന്റ് എം.ജി.നാരായണന്‍, മാതൃസമിതി പ്രസിഡന്റ് എം.ജി.ബിന്ദു, വിദ്യാലയ സമിതി പ്രസിഡന്റ് കെ.എസ്.രജു തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി.സുനില്‍ സ്വാഗതവും, ക്ഷേമസമിതി പ്രസിഡന്റ് കെ.ആര്‍.രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു.
















