തിരുവനന്തപുരം: വാഹനപരിശോധനയ്‌ക്കിടെ ബൈക്ക്‌യാത്രികനെ ഹോംഗാര്‍ഡ് കയ്യേറ്റം ചെയ്‌തെന്ന് ആക്ഷേപം. വലിയശാല സ്വദേശി വിനോദാണ് തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് വോണുഗോപാലനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വാഹനപരിശോധനയ്‌ക്കിടെ തന്നെ ഹോംഗാര്‍ഡ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും വിനോദ് ആരോപിക്കുന്നു. സ്‌കൂളില്‍ നിന്ന് കുഞ്ഞിനെ വിളിക്കാന്‍ പോയ തന്നെ തടഞ്ഞുനിര്‍ത്തിയ പോലീസ്‌സംഘം മോശമായ രീതിയില്‍ പെരുമാറിയെന്നും വിനോദ് പറയുന്നു. എന്നാല്‍ പോലീസ് ഭാഷ്യം ഇങ്ങനെയാണ്. വ്യാഴാഴ്ച വൈകിട്ട് 3.30ന് തൈക്കാട് സംഗീത കോളേജ് പരിസരത്ത് വാഹനപരിശോധന നടക്കുകയായിരുന്നു. ഇതുവഴി ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച് വന്ന ഗോപനെ ഹോംഗാര്‍ഡ് കൈകാണിച്ചു. ബൈക്ക് നിര്‍ത്തിയ വിനോദ് പോലീസിനെ ചോദ്യംചെയ്ത ശേഷം ബൈക്കില്‍ കടക്കാന്‍ ശ്രമിച്ചു. ഈസമയം ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കാന്‍ ശ്രമിച്ച ഹോംഗാര്‍ഡും വേണുഗോപാലനുമായി വാക്കേറ്റമായി. പിഴയടയ്‌ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നൂറുരൂപ എറിഞ്ഞു കൊടുത്ത ശേഷം വിനോദ് പോയി. പിന്നീട് കുഞ്ഞിനെ സ്‌കൂളില്‍ നിന്നു വിളിച്ചുകൊണ്ടുവരുന്ന വഴിക്ക് പോലീസിനോട് തട്ടിക്കയറുകയായിരുന്നു. എസ്‌ഐ എസ്.പി. പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ചര്‍ച്ച നടത്തി. പരാതിയില്ലെന്ന് വിനോദ് തന്നെ വ്യക്തമാക്കിയതോടെയാണ് പ്രശ്‌നപരിഹാരമായത്. സംഭവത്തെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: