പന്തളം: കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ ചൂരല്‍ ഉരുളിച്ച ഇന്ന് നടക്കും. രാത്രി 12നാണ് ചടങ്ങ് ആരംഭിക്കുന്നത്. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് ഡി.പ്രകാശ് അറിയിച്ചു. രാത്രി 12ഓടെ ക്ഷേത്ര വെളിച്ചപ്പാട് പാനയടി ആരംഭിക്കും. മൂലസ്ഥാനത്ത് വേലന്റെ പറചാറ്റും ഇതേ സമയം നടക്കും. പാനയടിക്ക് ശേഷം വലിയച്ഛനില്‍ നിന്നും ഭസ്മം സ്വീകരിക്കുന്ന ഭക്തര്‍, കാതങ്ങള്‍ താണ്ടി കാവുകളില്‍ നിന്നും കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞ ചൂരലുകള്‍ പിഴുതെടുത്ത് കൊണ്ട് വരും. ചൂരലുമായി ക്ഷേത്രം വലംവച്ച ശേഷം നടയില്‍ അതിന്മേല് വടക്കോട്ട് ഉരുളും. ജീവരക്തം കാളിക്ക് സമര്‍പ്പിക്കുന്നുവെന്ന സങ്കല്‍പ്പത്തില്‍ നരബലിക്ക് സമാനമായി നടത്തുന്ന ചടങ്ങാണ് ചൂരല്‍ ഉരുളിച്ച. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് ചൂരല്‍ ഉരുളിച്ച നടക്കുന്നത്. അടവി മഹോത്സവത്തിനു മുന്നോടിയായി 18 മുതല്‍ ക്ഷേത്രമുറ്റത്ത് പടയണി നടന്നു വരികയാണ്. ഉരുളിച്ചയ്ക്ക് ശേഷമുള്ള പകലും രാത്രിയും ക്ഷേത്രപരിസരം വിജനമായിരിക്കും. നരബലിക്ക് ശേഷം പിശാചുക്കളുടെ വിഹാരരംഗമാകും എന്ന സങ്കല്‍പ്പത്തിലാണ് ഇത്. ഞായര്‍ മുതലുള്ള ദിവസങ്ങളില്‍ പടയണിയുടെ ശേഷിക്കുന്ന ചടങ്ങുകളായ നായാട്ടും പടയും, കാലന്‍കോലം എന്നിവ നടക്കും. മാര്‍ച്ച് ഒന്നിന് രാത്രി പത്തിനു ഭൈരവികോലത്തിനു ശേഷം നടക്കുന്ന തുള്ളിഒഴിക്കല് ചടങ്ങോടെ അടവി മഹോത്സവത്തിനു സമാപനമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: