കൊച്ചി: തിരുവനന്തപുരത്തെയും മംഗലാപുരത്തെയും ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്കാന് തയാറാണെന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരന്. വാഹന ബാഹുല്യവും ജനസാന്ദ്രതയുമേറിയ കേരളത്തിന് ഭാവിയിലേക്ക് കുതിക്കണമെങ്കില്‍ ഇത്തരമൊരു പദ്ധതി കൂടാതെ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാധനം ട്രസ്റ്റ് ആവിഷ്കരിച്ച മീറ്റ് ദി ഗ്രേറ്റ് അച്ചീവേഴ്സ് പരമ്പരയ്ക്ക് തുടക്കം കുറിച്ച് സെന്റ് തെരേസാസ് കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു. ഡോ. ഇ. ശ്രീധരന്.
കൊച്ചി മെട്രോ നാല് വര്‍ഷം കൊണ്ട് നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടത്. സ്ഥലം പൂര്‍ണമായി ഏറ്റെടുത്ത് കൈമാറിയ ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള ഭാഗത്ത് നിശ്ചിത സമയത്തിനുള്ളില്‍ മെട്രോ പൂര്‍ത്തിയാകും. മൊത്തം 24 കിലോമീറ്ററില്‍ 18 കിലോമീറ്ററാണ് ഗതാഗത സജ്ജമാകുക. കേരളത്തെ പോലൊരു സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കല്‍ ഭഗീരഥ പ്രയത്നം തന്നെയാണ്. ഭൂമി ലഭിച്ചു കഴിഞ്ഞാല്‍ മെട്രോ നിര്‍മാണം വെല്ലുവിളിയല്ല. കൊച്ചിയ്ക്ക് മുമ്പേ ആരംഭിച്ച ബംഗളൂരു മെട്രോ ഇനിയും പൂര്‍ത്തിയായിട്ടില്ല. നിശ്ചിത കാലാവധിയിലും മൂന്നു വര്‍ഷം ഇതിനകം വൈകി. ബംഗളൂരു മെട്രോ ഇക്കാര്യത്തില്‍ നല്ല മാതൃകയല്ലെന്നും ഇ. ശ്രീധരന് പറഞ്ഞു.
ജില്ലയിലെ വിവിധ കലാലയങ്ങളില്‍ നിന്നെത്തിയ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഇ. ശ്രീധരനുമായുള്ള മുഖാമുഖത്തില്‍ പങ്കെടുത്തത്.ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്ത്തകന് ബാബുജോസഫ് മോഡറേറ്ററായി.. പ്രൊഫ. കെ.വി. തോമസ് മേയര്‍ സൗമിനി ജയിന്, സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: