തലയോലപ്പറമ്പ്: പടിഞ്ഞാറ്റുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവലഹരിയില്‍ വീടുകളില്‍ മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം. ഏകദേശം ആറിലധികം വീടുകളില്‍ മോഷണശ്രമം നടന്നെങ്കിലും രണ്ട് വീടുകളില്‍ നിന്നുമാത്രമാണ് നഷ്ടമുണ്ടായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.30നാണ് മോഷണശ്രമങ്ങള്‍ നടക്കുന്നത്. പഞ്ചായത്തിലെ മുന്ഗ്രാമസേവകന് ഗംഗോത്രിയില്‍ ഗംഗാധരന്റെ വീട്ടില്‍നിന്ന് ഒന്നര പവന്റെ മാല മോഷ്ടാക്കള്‍ കവര്‍ന്നു. വേനല്‍ചൂട് കനത്തതിനാല്‍ ജനല്പാളികള് തുറന്നിട്ടാണ് വീട്ടുകാര്‍ കിടന്നുറങ്ങിയത്. ജനലിനോട് ചേര്‍ന്ന് ഉറങ്ങുകയായിരുന്നു ഗംഗാധരന്റെ മകന്റെ കഴുത്തില്‍ നിന്നാണ് ഒന്നര പവന്റെ മാല കവര്‍ന്നത്. മൊബൈലും അപഹരിക്കപ്പെട്ടു. സംഭവമറിഞ്ഞ് വീട്ടുകാര്‍ മോഷ്ടാക്കളെ പിന്തുടര്ന്നെങ്കിലും ഇവര്‍ ഓടി രക്ഷപെട്ടു. ഓട്ടത്തിനിടയില്‍ മൊബൈല്‍ ഇവര്‍ക്ക് തിരികെക്കിട്ടി. വെള്ളൂരില്‍ വ്യാപാരം നടത്തുന്ന മധുരിമയില്‍ നാരായണന്റെ വീട്ടില്‍ നിന്നും മൊബൈല്‍ അപഹരിച്ചു. സംഭവമറിഞ്ഞ് വീട്ടുകാര്‍ ഇവരെ പിന്തുടര്ന്നു. ഇതിനിടയില്‍ മോഷ്ടാക്കള്‍ മൊബൈല്‍ വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണനടപടികള്‍ ആരംഭിച്ചു. എന്നാല്‍ നാട്ടുകാര്‍ രാവിലെ മുതല്‍ പരാതി നല്‍കിയിട്ടും വെള്ളൂര്‍ പോലീസ് വിഷയത്തില്‍ അലംഭാവമാണ് പുലര്‍ത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: