ന്യൂദല്‍ഹി: ഭാരതം സാമ്പത്തിക സുസ്ഥിരതയിലേക്കെത്തിയെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണമെന്നും രാഷ്ട്രപതി പറഞ്ഞു.
പാര്ലമെന്റിന്റെസംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ നയപ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികള്‍ രാഷ്ട്രപതി എടുത്തു പറഞ്ഞു.
പാവപ്പെട്ടവരുടെ ഉന്നമനം, കര്‍ഷകരുടെ സമൃദ്ധി, യുവാക്കള്‍ക്ക് തൊഴില്‍ എന്നീ ലക്ഷ്യങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം കേന്ദ്രത്തിന്റെ ആത്യന്തിക ലക്ഷ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സുപ്രധാന നടപടികള്‍
- പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി 21 കോടി അക്കൗണ്ടുകള്‍ തുറന്നു. ഇവയില്‍ സജീവമായ പതിനഞ്ചു അക്കൗണ്ടു വഴി 32,000 കോടി രൂപയാണ് നിക്ഷേപിക്കപ്പെട്ടത്.
- മൂന്ന് ഇന്‍ഷ്വറന്‍സ്, പെന്ഷന് പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജന, അടല്‍ പെന്ഷന് യോജന .
- 2022 ഓടെ സകലര്‍ക്കും വീട് . ഇതിന്് പ്രധാനമന്ത്രി ആവാസ് യോജന. 24600 കോടി രൂപ ചെലവഴിച്ച് നാലു ലക്ഷത്തി ഇരുപത്തയ്യായിരം വീടുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു.
- എല്ലാ ഗ്രാമങ്ങളിലും 2018 ഓടെ വൈദ്യുതി,.
- ഗ്യാസ് സബ്സിഡി ഉപേക്ഷിക്കുന്ന പദ്ധതിയും ഗുണകരമാകുകയാണ്. 62 ലക്ഷത്തിലേറെപ്പേരാണ് സ്വയം സബ്സിഡി ഉപേക്ഷിച്ചത്. പകരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അന്‍പതു ലക്ഷത്തിലേറെപ്പേര്‍ക്ക് പുതിയ കണക്ഷനുകള്‍ നല്കാന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതിയ ഗ്യാസ് കണക്ഷന് നല്‍കിയത്.
- മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വഴി വിദേശനിക്ഷേപത്തില്‍ 39 ശതമാനം വര്‍ദ്ധന.
- മുദ്രാ യോജന വഴി 2.60 കോടിപ്പേര്‍ക്ക് തൊഴില്‍ വ്യവസായ, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ഒരു ലക്ഷം കോടി രൂപ നല്കി.
- എല്‍ഇഡി വിളക്കുകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതി.ഇതു പ്രകാരം ആറു കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു കഴിഞ്ഞു.
- റോഡു നിര്‍മ്മാണത്തിന് വലിയ പ്രാധാന്യം. 2019 മാര്‍ച്ചോടെ 1,78,000 ഗ്രാമങ്ങളിലും നല്ല റോഡുകള്‍. നിലച്ചുപോയ 73 റോഡ് പദ്ധതികള്‍ പുനരാരംഭിച്ചു.
ഒന്നര വര്‍ഷം കൊണ്ട് 7200 കിലോമീറ്റര്‍ ഹൈവെ നിര്‍മ്മിച്ചു കഴിഞ്ഞു.രണ്ടു ലക്ഷത്തി അറുപത്തേഴായിരം കോടി രൂപ ചെലവഴിച്ച് ദേശീയ പാത നിര്‍മ്മിക്കാന്‍ ബൃഹദ്പദ്ധതി.
- മെയ്ക്ക് ഇന്‍ ഇന്ത്യ, മുദ്രാ ബാങ്ക്, സ്കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ വഴി യുവാക്കള്‍ക്ക് വന്‍തോതില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ശ്രമം. യുവസംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതി.
- 15കോടി ഉപഭോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള പണക്കൈമാറ്റ പദ്ധതി(പഹല്‍) ഇതേവരെ 42 കേന്ദ്രപദ്ധതികളിലേക്ക് വ്യാപിപ്പിച്ചു.
- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച നയി മന്‍സില്‍ പദ്ധതിക്ക് കീഴില്‍ 20,000 മദ്രസ വിദ്യാര്‍ത്ഥികള്‍ നൈപുണ്യ പരിശീലനം നേടുന്നു.
- 2017 മാര്‍ച്ചോടെ 14 കോടി കൃഷിഭൂമിയിടങ്ങള്ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍
- 6.3 ശതമാനം വളര്‍ച്ചയോടെ ഭാരതം ലോകത്തെ ഏറ്റവും വലിയ പാല് ഉത്പാദന രാജ്യം.
- മത്സ്യമേഖലയുടെ സമഗ്ര വികസനത്തിന് 3000 കോടിരൂപയുടെ നീല വിപ്ലവം.
- സ്വച്ഛ് ഭാരത് ദൗത്യത്തിനു കീഴില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ 4,17,000 ലധികം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു.
- പുതിയ രണ്ട് ഐഐടികളും ആറ് ഐഐഎമ്മുകളും ഒരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററും ഒരു എന്‍ഐടിയും പ്രവര്‍ത്തനമാരംഭിച്ചു.
- ദിവ്യാംഗര്‍ക്കു വേണ്ടി സുഗമ്യ ഭാരത് അഭിയാന് നടപ്പാക്കുകയും 1.7 ലക്ഷത്തിലധികം പേര്‍ക്ക് സഹായക ഉപകരണങ്ങള്‍ വിതരണംചെയ്യുകയും ചെയ്തു.
- ഭരണ കാര്യക്ഷമതയ്ക്കായി കാലഹരണപ്പെട്ട 1800ഓളം നിയമങ്ങള്‍ പിന്‍വലിച്ചു.
- അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് കീഴില്‍ ആദ്യ ഘട്ടത്തില്‍ 20 നഗരങ്ങളെ തിരഞ്ഞെടുത്തു.
- കേന്ദ്രസര്‍ക്കാര്‍ ചുമതലയേറ്റശേഷം ഊര്‍ജ്ജ കമ്മി നാലുശതമാനത്തില്‍ നിന്ന് 2.3 ശതമാനമായി കുറച്ചു.
- 1,55,000 പോസ്റ്റാഫീസുകളെ കംപ്യൂട്ടര്വത്ക്കരിച്ച് കൂട്ടിയിണക്കാനുള്ള ഐടി ആധുനീകരണ പദ്ധതി 2017ല്‍ പൂര്‍ത്തിയാകും.
- ഭാവിയില്‍ എല്ലാസൈനിക വിഭാഗങ്ങളിലെയും ഫൈറ്റര്‍ ശ്രേണിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തും.
പാര്‍ലമെന്റില്‍ നടക്കേണ്ടത് ചര്‍ച്ചകള്‍: പ്രണബ് മുഖര്‍ജി
ന്യൂദല്‍ഹി: പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി ബഹളം വച്ച് തടസപ്പെടുത്തുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ക്ക് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയുടെ ചുട്ടയടി. പാര്‍ലമെന്റ് ജനങ്ങളുടെ പരമമായ അഭിലാഷമാണ്. അവിടെ നടക്കേണ്ടത് ചര്‍ച്ചകളും സംവാദങ്ങളുമാണ്. ബഹളവും തടസപ്പെടുത്തലുകളുമല്ല. സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിനിടെ രാഷ്ട്രപതി തുറന്നടിച്ചു.
സകല ദിശകളില്‍ നിന്നും നല്ല നല്ല ചിന്തകള്‍ വരട്ടെ. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നടക്കുന്ന ചര്‍ച്ചകളുടെയും സംവാദങ്ങളുടേയും സത്ത അവയാകട്ടെ. ഈ വലിയ സ്ഥാപനത്തിലെ അംഗമാകുന്നത് വഴി വലിയ ബഹുമതിയാണ് നമുക്ക് ലഭിക്കുന്നത്. അതുവഴി വലിയ ഉത്തരവാദിത്വവും നമുക്കുണ്ട്.
എംപിമാരെ അവരുടെ കടമകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി രാഷ്ട്രപതി പറഞ്ഞു. പാര്‍ലമെന്റിന്റെ സുഗമവും ക്രിയാത്മകവുമായ നടത്തിപ്പിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പരസ്പര സഹകരണത്തിന്റെ വഴിയിലൂടെ എംപിമാര്‍ തങ്ങളുടെ കടമകള്‍ നിറവേറ്റാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: