നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ സ്‌കൂളുകള്‍ക്ക് നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജ് ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്‌കൂള്‍ ബസുകള്‍ നല്‍കിയപ്പോള്‍ നഗരസഭയിലെ മികച്ച സ്‌കൂളുകളെ അവഗണച്ചുവെന്ന് ബിജെപി നെയ്യാറ്റിന്‍കര നിയോജകമണ്ഡലം കമ്മറ്റി ആരോപിച്ചു. താലൂക്കിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന നെയ്യാറ്റിന്‍കര ജെബിഎസില്‍ കഴിഞ്ഞ പത്തുവര്‍ഷമായി പിടിഎയുടെ നേതൃത്വത്തില്‍ മൂന്നു വാഹനങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി സര്‍വീസ് നടത്തിവരികയാണ്. അക്കാദമിക്, പാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ജെബിഎസിനെയും ജില്ലയിലെ ഏറ്റവും വലിയ സ്‌കൂളുകളില്‍ ഒന്നായ നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് എച്ച്എസ്എസിനെയും ബസ് വിതരണത്തില്‍ എംഎല്‍എ അവഗണിച്ചതില്‍ ബിജെപിക്കൊപ്പം രക്ഷിതാക്കളും പ്രതിഷേധമായെത്തി. എംഎല്‍എയുടെ പക്ഷപാതപ സമീപനം വിദ്യാര്‍ഥികളോട് കാണിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. അവഗണിച്ച സ്‌കൂളുകള്‍ക്കും ബസ് നല്‍കണമെന്നും ഇല്ലാത്തപക്ഷം പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ബിജെപി നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി. ഹരി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മഞ്ചന്തല സുരേഷ്, അഡ്വ പൂഴിക്കുന്ന് ശ്രീകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: