തിരുമല സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിന്റെ പത്താമത് വാര്‍ഷികോത്സവം സുഗതകുമാരി
ഉദ്ഘാടനം ചെയ്യുന്നു. അഡ്വ ബി. മധു, ഡോ എ.എം. ഉണ്ണികൃഷ്ണന്‍, ഡോ സുരേഷ്, നഗരസഭ
പ്രതിപക്ഷ നേതാവ്, അഡ്വ വി.ജി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ തിരുമല അനില്‍,
പി.വി. മഞ്ജു, പ്രിന്‍സിപ്പാള്‍ എന്‍.എസ്. ഹേമ തുടങ്ങിയവര്‍ സമീപം
തിരുവനന്തപുരം: മാതൃഭാഷ അറിയാത്ത മലയാളിയെ സൃഷ്ടിക്കുന്നതാണ് ഇന്നത്തെ പരിഷ്‌കൃത വിദ്യാഭ്യാസമെന്ന് സുഗതകുമാരി. മറ്റു ഭാഷകള്‍ പഠിക്കുന്നതോടൊപ്പം മാതൃഭാഷയ്‌ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. തിരുമല ശ്രീ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിന്റെ പത്താമത് വാര്‍ഷികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്‌കൂള്‍ തലത്തിലുള്ള കുട്ടികള്‍ മുതല്‍ വഴിതെറ്റി പോകുകയും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമകളാവുകയും മുതിര്‍ന്നവരെ തള്ളിപ്പറയുകയും ചെയ്യുന്ന സ്ഥിതിയാണ് കാണുന്നത്. ഇന്ന് സമൂഹത്തില്‍ കാണുന്ന എല്ലാ അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും കാരണക്കാര്‍ രക്ഷകര്‍ത്താക്കളും അധ്യാപകരും ആണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. തന്റെ മക്കളെ വിദ്യാഭ്യാസത്തിലൂടെ ഉന്നത പദവിയില്‍ എത്തിക്കുന്നതിനുള്ള ആഗ്രഹത്തില്‍ അവര്‍ ഉത്തമ പൗരന്മാരായി വളരണമെന്നുള്ള സത്യം മറന്നുപോകുന്നു.
നമ്മുടെ സംസ്‌കാരവും പാരമ്പര്യവുമെല്ലാം കുട്ടികളെ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. ആരാധനലയങ്ങളില്‍പ്പോലും പണം സമാഹരിച്ച് വെടിക്കെട്ടുകളും ആര്‍ഭാടങ്ങളും നടത്തുന്നതല്ലാതെ മതപാഠശാലകളോ സത്‌സംഗങ്ങളോ നടത്താനോ സമൂഹത്തെ നന്മയിലേക്ക് നടത്തുവാനോ കഴിയുന്നില്ല. അശരണര്‍ക്കും ആലംബഹീനര്‍ക്കും സഹായമെത്തിക്കാനോ കരുണയുടെയും നന്മയുടെയും പാഠങ്ങള്‍ സമൂഹത്തെ മനസ്സിലാക്കിക്കൊടുക്കുവാനോ ഭരണസമിതികള്‍ക്കും കഴിയുന്നില്ല. ഈ കാലഘട്ടത്തില്‍ ഈശ്വരചിന്തയും നൈതികകഗുണങ്ങളും നന്മയും സംസ്‌കാരവുമെല്ലാം നല്‍കിക്കൊണ്ട് നടത്തിവരുന്ന വിദ്യാഭ്യാസ സമ്പ്രദായം ശ്ലാഘനീയമാണെന്നും സുഗതകുമാരി പറഞ്ഞു.
വിദ്യാലയ സമിതി പ്രസിഡന്റ് അഡ്വ ബി. മധു അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ മലയാളവിഭാഗം പ്രൊഫസറും കോ-ഓര്‍ഡിനേറ്ററുമായ ഡോ എ.എം. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബിവിഎം ജില്ലാ സംയോജകന്‍ എ. മനോജ്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ വി.ജി. ഗിരികുമാര്‍, കൗണ്‍സിലര്‍മാരായ തിരുമല അനില്‍, പി.വി. മഞ്ജു, ഡോ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രധാനാധ്യാപിക എന്‍.എസ്. ഹേമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാലയസമിതി സെക്രട്ടറി ആര്‍. രാജന്‍ സ്വാഗതവും മാതൃസമിതി പ്രസിഡന്റ് ധന്യ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശ്രീ സരസ്വതി വിദ്യാനികേതനിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: