നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറിയിട്ട് രണ്ടു വര്‍ഷമാകാന്‍ പോവുമ്പോള്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥരാവുന്നത് ആര് എന്നു ചോദിച്ചാല്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ എന്നാവും മറുപടി. അധികാരമേറിയ അന്നുമുതല്‍ നരേന്ദ്രമോദിയുടെ ചോരയ്ക്കായ് ദാഹിച്ചുനടക്കുകയാണ് അക്കൂട്ടര്‍. അതിനായി ഏതറ്റംവരെ പോകാനും ഏതു ദേശദ്രോഹനിലപാടു സ്വീകരിക്കാനും അത്തരക്കാര്‍ തയാറാവുന്നു. പ്രശ്നങ്ങളുടെ ഭാഗത്തുനിന്ന് പരിഹരിക്കാനല്ല, ഉള്ള പ്രശ്നത്തെ എങ്ങനെയൊക്കെ വക്രീകരിച്ചും സങ്കീര്‍ണമാക്കിയും സംഘര്‍ഷത്തിലേക്ക് വഴിതിരിച്ചുവിടാമെന്നാണ് അവര്‍ ആലോചിക്കുന്നത്. അതിനുപറ്റിയ അന്തരീക്ഷം പരുവപ്പെടുത്തിയെടുക്കുന്നതില്‍ അവര്‍ ഒരു പരിധിവരെ വിജയിക്കുന്നുണ്ടെന്നതാണ് വേദനാജനകമായ വസ്തുത.
ഇവിടെ ജീവിക്കുകയും മറ്റൊരു രാജ്യത്തിനും താല്പര്യത്തിനുമായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ പലപേരില്‍ സമൂഹത്തില്‍ സക്രിയമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന കാര്യം കാണാതെ പോകരുത്. തെറ്റിദ്ധരിപ്പിച്ച് സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയും അതുവഴി തങ്ങളുടെ ഉദ്ദേശ്യം നടപ്പാക്കുകയുമാണ്. നിഷ്പക്ഷ നിലപാടുള്ളവരെപ്പോലും ഒരുവേള ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്പ്രഭമാക്കുന്നണ്ട്. അതിനുതക്ക മെയ്വഴക്കവും വാഗ്ധോരണിയും അവര്‍ക്കുണ്ട്. ഈദൃശ കാര്യങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മോദി ഒഡീഷയിലെ ബാര്‍ഗര്‍ഹില്‍ പൊതുസമ്മേളനത്തില്‍ സംസാരിച്ചത്. ആ വാക്കുകളിലെ ആത്മാര്‍ത്ഥതയെക്കുറിച്ച് സാധാരണക്കാര്‍ക്ക് തരിമ്പും സംശയമില്ല. എന്നാല്‍ നേരത്തെ സൂചിപ്പിച്ചവരുടെ കാര്യം അങ്ങനെയല്ല.
നിലവിലുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തേണ്ടത് ഇവിടത്തെ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ മാത്രം താല്‍പ്പര്യമല്ല. തങ്ങളുടെ രഹസ്യഅജണ്ടയ്ക്ക് വളക്കൂറുള്ള സാഹചര്യം ഒരുക്കിയെടുക്കുക എന്നത് വൈദേശിക താല്‍പ്പര്യങ്ങളുടെ വൈറസുകള്‍ സജീവമായ ചില സര്‍ക്കാരിതര ഏജന്‍സികളുടെയും ആഗ്രഹമാണ്. ഇതിന് കാലാകാലങ്ങളായി ഇവിടെ ഭരിക്കുന്നവര്‍ വഴിവെച്ചുകൊടുത്തിട്ടുണ്ട്. അത്തരക്കാരില്‍ നിന്ന് ഈ സൗജന്യങ്ങളും സൗകര്യങ്ങളും വേണ്ടുവോളം അത്തരം രാഷ്ട്രീയ താല്‍പ്പര്യക്കാര്‍ കൈപ്പറ്റിയിട്ടുമുണ്ട്. പാവങ്ങളുടെയും ദുര്‍ബലരുടെയും അവശരുടെയും പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന എന്‍ജിഒകളില്‍ പലതിനും ദേശവിരുദ്ധ താല്പ്പര്യങ്ങളുണ്ടെന്നത് അത്ര രഹസ്യമൊന്നുമല്ല. എന്നാല്‍ നേരത്തെയുള്ള ഭരണകൂടങ്ങള്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയും എന്‍ജിഒകള്‍ക്ക് സര്‍വതന്ത്ര സ്വാതന്ത്ര്യം വകവെച്ചുകൊടുക്കുകയുമായിരുന്നു. അതിന്റെ ബലത്തില്‍ അവര്‍ കയറിക്കൂടി സൈ്വരവിഹാരം നടത്താത്ത മേഖലകള്‍ പരിമിതമായിരിക്കുന്നു.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ അങ്ങനെയല്ല. നേരെചൊവ്വെ പ്രവര്‍ത്തിക്കാത്ത, മതിയായ കണക്കും കാര്യങ്ങളും സമര്‍പ്പിക്കാത്ത ഏന്ജിഒകളെ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് വിലക്കാന്‍ പോന്ന സാഹചര്യം ഉരുത്തിരിഞ്ഞിട്ടുണ്ട്. അവരുടെ ഫണ്ട് എത്ര, എവിടെ നിന്ന്, എങ്ങനെയൊക്കെ ചെലവഴിക്കുന്നു, ഗുണഭോക്താക്കള്‍ ആര് എന്നതിനെക്കുറിച്ചൊക്കെ അന്വേഷണം ആരംഭിച്ചു. ഒരു കണക്കും ആര്‍ക്കും കൊടുക്കാതെ സര്‍വതന്ത്ര സ്വാതന്ത്ര്യം അനുഭവിച്ചവരെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ദുസ്സഹമായ അനുഭവമായി. നേരാംവണ്ണം പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊരു പ്രശ്നമേ ആയിരുന്നില്ല. എന്നാല്‍ അത്തരക്കാരുടെ എണ്ണം തുലോം കുറവായിരുന്നു. തങ്ങള്‍ ഇഷ്ടംപോലെ പ്രവര്‍ത്തിക്കുമെന്ന ധാര്‍ഷ്ട്യത്തിന്റെ മുനയൊടിക്കാന്‍ മോദി സര്‍ക്കാരിനായി എന്നതാണ് എടുത്തുപറയേണ്ട സംഗതി.
എന്നാല്‍ ഇതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന തരത്തിലേക്ക് സ്ഥിതിഗതികളെ മാറ്റാന്‍ ഇവിടത്തെ ദൂരക്കാഴ്ചയില്ലാത്ത രാഷ്ട്രീയ നപുംസകങ്ങളെ കൂട്ടുപിടിച്ച് ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഏതു സംസ്ഥാനത്ത് എന്ത് പ്രശ്നമുണ്ടായാലും അതിന്റെ ഉത്തരവാദിത്തം നരേന്ദ്രമോദി സര്‍ക്കാരില്‍ ഇവര്‍ കെട്ടിവെക്കുന്നു. നട്ടാല്‍ പൊടിക്കാത്ത നുണബോംബ് വ്യവസായം പൊടിപൊടിക്കുന്നു. ഇതിന് ഒരു വിഭാഗം മാധ്യമ സംഘത്തെയും അവര്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് വാസ്തവം. ഉര്‍വശീശാപം ഉപകാരം പോലെയാണ് മാധ്യമ ഉപജാപകസംഘത്തിന്റെ പെരുമാറ്റവും. ഒരു കുടുംബത്തിന്റെ സ്വത്തായി ഇന്ത്യ മഹാരാജ്യത്തെ തീറെഴുതിയെടുത്തതില് അഭിമാനിക്കുന്ന ഒരു രാഷ്ട്രീയ കക്ഷി സ്ഥാപിത താല്‍പ്പര്യത്തിന്റെ ദുഷ്ടലാക്കുമായി മുന്നേറുകയാണ്. രാഷ്ട്രീയ നൃശംസതയുടെ കൊടിക്കൂറകളുമായി ഹൈദരബാദ്, ജെഎന്‍യു സര്‍വകലാശാലകളില്‍ അവര്‍ ചവിട്ടു നാടകം നടത്തുന്നു. ദേശദ്രോഹത്തിന്റെ വിത്തുകള്‍ പാകാന്‍ ഒരുങ്ങിപ്പുറപ്പെടുന്നവരെ തടയാനല്ല അവര്‍ക്ക് ഗതിവേഗം നല്‍കാനാണ് അവര്‍ ശ്രമിക്കുന്നത്.
മോദി സര്‍ക്കാരിനെ തടയാനുള്ള നീക്കത്തിന് കൈത്താങ്ങായി കമ്യൂണിസ്റ്റ് കക്ഷികളെയും കോണ്‍ഗ്രസ് വാടകക്കെടുത്തിരിക്കുന്നു. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പരസ്പര സഹായ സഹകരണ സംഘമായി പ്രവര്‍ത്തിക്കാനുള്ള നിലമൊരുക്കലാണ് ഇതെല്ലാം. ഇത്തരം നെറികേടുകളെ മുളയിലേ നുള്ളാന്‍ പോരുന്ന രാഷ്ട്രീയ വിവേകം വളര്‍ത്തിയെടുക്കുകയാണ് ആവശ്യം. പുതിയ തലമുറയെ നേര്‍വഴിക്ക് നയിക്കാന്‍ പര്യാപ്തമായ ഒരു രാഷ്ട്രീയ സംസ്കാരം ദൈവഗത്യാ വളര്‍ന്നുവരുന്നുണ്ട്. ഏതൊക്കെ തരത്തില്‍ തടയാന്‍ ശ്രമിച്ചാലും അതൊന്നും നടക്കില്ലെന്ന സൂചനയിലേക്കാണ് നരേന്ദ്രമോദി ഒറീസ്സയിലെ പ്രസംഗത്തില്‍ രാഷ്ട്രത്തിന്റെ ശ്രദ്ധക്ഷണിച്ചത്.
രാഷ്ട്രം പ്രഥമം രാഷ്ട്രീയം ദ്വിതീയം എന്ന കാഴ്ചപ്പാട് ജനങ്ങള്‍ നെഞ്ചേറ്റുകതന്നെ ചെയ്യും. അതിന്റെ മഹത്തായ സന്ദേശമല്ലേ മാധ്യമ പ്രചാരണങ്ങള്‍ ഒന്നും ശ്രദ്ധിക്കാതെ ഛത്തീസ്ഗഢിലെ 104 വയസ്സുള്ള അമ്മ കുന്‍വര്‍ ഭായ് യാദവ് സ്വച്ഛ് ഭാരത് മിഷനുവേണ്ടി സ്വയം മുന്നോട്ടുവന്നത്, ഗ്രാമത്തിന് ശൗചാലയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിച്ചുകൊടുത്തത്, അതിന് മിച്ചം പിടിച്ച തന്റെ പണം ചെലവഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: