താനൂര്‍: കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവര്ക്കും വികസനം’ ഫോട്ടോ പ്രദര്‍ശനം താനൂര്‍ നഗരസഭാ ഓഫീസ് അങ്കണത്തില്‍ ആരംഭിച്ചു. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പെഴ്സണ്‍ സി.കെ.സുബൈദ നിര്‍വഹിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളായ ജന്‍ധന്‍യോജന, സുകന്യ സമൃദ്ധി യോജന, ബേട്ടീ ബച്ചാവോ ബേട്ടീ പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, മുദ്രാ ബാങ്ക്, ശുചിത്വ ഭാരത മിഷന്, അടല്‍ പെന്ഷന് യോജന, പ്രധാന മന്ത്രി ജീവന് ജ്യോദി ബീമാ യോജന തുടങ്ങി നിരവധി പദ്ധതികളെക്കുറിച്ചുള്ള വിവരണങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്കുകളുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള സംശയ നിവാരണത്തിനായി ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കും മലപ്പുറം സാമ്പത്തിക സാക്ഷരതാ മിഷനും സംയുക്തമായി ഒരുക്കിയ സ്റ്റാളും പ്രദര്‍ശനത്തിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര പരസ്യ ദൃശ്യ പ്രചാരണ വിഭാഗമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം സൗജന്യമായി കാണാനുള്ള സൗകര്യമുണ്ടാവും. പ്രദര്‍ശനം 25ന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: