മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മാഡ്രിഡ് ടീമുകള്‍ക്ക് സമനില. റയല്‍ മാഡ്രിഡ് എവേ മത്സരത്തില്‍ മലാഗയുമായും അത്ലറ്റികോ മാഡ്രിഡ് സ്വന്തം മൈതാനത്ത് വിയ്യാറയലുമായാണ് സമനില വഴങ്ങിയത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു ഗോള്‍ നേടുകയും ഒരു പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്ത കൡയില്‍ റൗള്‍ അല്ബന്റോസ നേടിയ ഗോളിലാണ് മലാഗ സമനില പിടിച്ചത്. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മുന്നിട്ടുനിന്നത് റയല്‍ താരങ്ങളായിരുന്നു. കളിയുടെ 68 ശതമാനവും പന്ത് നിയന്ത്രിച്ചുനിര്‍ത്തിയ റയല്‍ പായിച്ച 14 ഷോട്ടുകളില്‍ 7 എണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും മലാഗ ഗോളി കീഴടങ്ങിയത് ഒരിക്കല്‍ മാത്രം. അതേസമയം മലാഗ താരങ്ങള്‍ റയല്‍ പോസ്റ്റിലേക്ക് ലക്ഷ്യം വച്ചത് 5 തവണ. ഒരിക്കല്‍ റയല്‍ ഗോളി കെയ്ലര് നവാസ് കീഴടങ്ങുകയും ചെയ്തു. ഇരുടീമുകളിലെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനമാണ് ഇന്നലെ കളിക്കളത്തില്‍ നിറഞ്ഞുനിന്നത്. ബെന്‍സേമയും ഗരെത്ത് ബെയ്ലും ഇല്ലാതെ കളത്തിലിറങ്ങിയ റയല്‍ തുടക്കം മുതല്‍ തന്നെ എതിര് പ്രതിരോധത്തെ വിറപ്പിച്ചു.
17-ാം മിനിറ്റില്‍ റയലിന്റെ ജെസ്സെയുടെ ഷോട്ട് മലാഗ ഗോളി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം മലാഗയുടെ ജുവാന്പി പായിച്ച ഷോട്ട് റയല്‍ ഗോളിയും രക്ഷപ്പെടുത്തി. പിന്നീട് 24-ാം മിനിറ്റിലും ജെസ്സെയുടെ ഷോട്ടിന് മുന്നില്‍ മലാഗ ഗോളി കാര്‍ലോസ് കമേനി വിലങ്ങുതടിയായി. 33-ാം മിനിറ്റില്‍ റയല്‍ ലീഡ് നേടി. ടോണി ക്രൂസ് നല്കിയ ക്രോസ് നല്ലൊരു ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മലാഗ വലയിലെത്തിച്ചു. മൂന്നുമിനിറ്റിനുശേഷം ലീഡ് ഉയര്‍ത്താനുള്ള റയലിന്റെ ശ്രമം വിഫലമായി. അവര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി എടുത്തത് ക്രിസ്റ്റിയാനോ. എന്നാല്‍ ക്രിസ്റ്റിയാനോയുടെ ഷോട്ട് മലാഗ ഗോളി വീണുകിടന്ന് രക്ഷപ്പെടുത്തി.
50-ാം മിനിറ്റില്‍ മലാഗക്ക് സമനില പാലിക്കാന്‍ കിട്ടിയ അവസരം റയല്‍ ഗോളിയുടെ കരുത്തിന് മുന്നില്‍ വിഫലമായി. 56-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ക്രിസ്റ്റിയാനോ പായിച്ച ഷോട്ടും മലാഗ ഗോളിയുടെ മെയ്വഴക്കത്തിന് മുന്നില്‍ വിഫലമായി. 66-ാം മിനിറ്റില്‍ മലാഗ സമനില പിടിച്ചു.വെല്ലിങ്ടണ്‍ നല്കിയ ക്രോസ് പിടിച്ചെടുത്തശേഷം റൗള്‍ അല്ബന്റോസ ബോക്സിന്റെ മധ്യത്തില്‍ നിന്ന് പായിച്ച ഷോട്ടാണ് കെയ്ലര് നവാസിനെ മറികടന്ന് വലയിലെത്തിയത്. തുടര്‍ന്ന് ഇരുടീമുകളും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല.
മറ്റൊരു മത്സരത്തില്‍ മികച്ച ആധിപത്യം നേടിയിട്ടും സ്വന്തം തട്ടകത്തില്‍ വിയ്യാറയലിനെ മറികടക്കാന്‍ അത്ലറ്റികോ മാഡ്രിഡിന് കഴിഞ്ഞില്ല. മാഡ്രിഡ് ടീമുകള്‍ സമനില പാലിച്ചതോടെ കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന ബാഴ്സയുടെ ലീഡും ഉയര്‍ന്നു. 25 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സക്ക് 63ഉം അത്ലറ്റികോക്കും റയല്‍ മാഡ്രിഡിനും 55ഉം 54ഉം പോയിന്റുകളുമാണുള്ളത്. അടുത്ത ശനിയാഴ്ച മാഡ്രിഡ് ഡെര്‍ബി അരങ്ങേറും. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് അത്ലറ്റികോ-റയല്‍ പോരാട്ടം.
ഇന്നലെ പുലര്‍ച്ചെ സമാപിച്ച മറ്റ് മത്സരങ്ങളില്‍ വലന്‍സിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രനാഡ എഫ്സിയെയും റയല്‍ സോസിഡാണ് 1-0ന് അത്ലറ്റികോ ബില്‍ബാവോയെയും പരാജയപ്പെടുത്തിയപ്പോള്‍ റയോ വയ്യക്കാനോ-സെവിയ കളി 2-2ന് സമനിലയില്‍ പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: