ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെ എന്ന പരമോന്നത നീതിപീഠത്തില്‍നിന്നും അടുത്തകാലത്തുണ്ടായ ചോദ്യം വ്യാപകമായ സമ്മിശ്രപ്രതികരണത്തിനിടയാക്കിയിരിക്കുകയാണല്ലോ. അയ്യപ്പന് നിത്യബ്രഹ്മചാരിയാണ് അതുകൊണ്ട് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ആചാരലംഘനമാകുമെന്ന് സാധാരണ ഭക്തര്‍ അഭിപ്രായപ്പെടുന്നു. ഹിന്ദുസമൂഹം സ്ത്രീസമൂഹത്തോട് കാണിക്കുന്ന അവഗണനയുടേയും പാര്ശ്വവത്കരണത്തിന്റേയും ഉത്തമ ഉദാഹരണമാണിതെന്ന് സ്ത്രീസമത്വവാദികളെന്ന് അവകാശപ്പെടുന്നവരും വാദിക്കുന്നു. ഭരണഘടന പൗരന് നല്കുന്ന ലിംഗസമത്വം ശബരിമലയില്‍ പൗരികള്ക്ക് നിഷേധിക്കുകയാണെന്ന് ചില നിയമജ്ഞന്മാരും പറയുന്നു. ഇത്രയധികം ചര്‍ച്ചകള്‍ നടക്കുന്നതുകൊണ്ട് അന്ധമായ ഭക്തിയും വിഭക്തിയും വിരോധവും മാറ്റിവച്ച് വിചാരത്തിന്റെ വഴിയിലൂടെയുള്ള ഒരു അന്വേഷണം ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണ്.
ശബരിമല തന്ത്രശാസ്ത്രമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുക്ഷേത്രവും ലോകത്തിലേറ്റവും കൂടുതല്‍ ആളുകള്‍ ദര്‍ശനം നടത്തുന്ന ഒരു ആരാധനാലയവുമാണ്. അതുകൊണ്ട് തന്ത്രശാസ്ത്രത്തിന്റേയും സാമൂഹ്യശാസ്ത്രത്തിന്റേയും വെളിച്ചത്തില്‍വേണം അവിടുത്തെ യുവതി പ്രവേശനത്തെക്കുറിച്ച് ചിന്തിക്കുവാന്‍. ശക്തിക്ഷയത്തില്നിന്നും ഭക്തനെ കരകയറ്റലാണ് ക്ഷേത്രങ്ങളുടെ പ്രധാന ഉദ്ദേശ്യങ്ങളില്‍ ഒന്ന്. ശ്രീകോവിലിനകത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തില്നിന്നുമാണ് ഭക്തന് ശക്തി ലഭിക്കുന്നത്. തന്ത്രി പ്രതിഷ്ഠാസമയത്ത് നല്കിയ പ്രാണശക്തിയാണ് വിഗ്രഹത്തെ ചൈതന്യവത്താക്കുന്നത്.
പ്രാണപ്രതിഷ്ഠ എന്നാണിതിനുപേരും. തന്ത്രി നല്കുന്ന ശക്തി വിഗ്രഹത്തില്‍ ഇടത്തുനിന്നും വലത്തോട്ട് പ്രദക്ഷിണം ചെയ്യുന്നുവെന്നാണ് സങ്കല്‍പ്പം. മനുഷ്യരുടെ ശരീരത്തുള്ള പ്രാണശക്തിയും ഇതേദിശയില്‍ തന്നെയാണ് ചലിക്കുന്നത്. എന്നാല്‍ ആര്‍ത്തവം, പ്രസവം, മരണം എന്നിസമയങ്ങളില് വലത്തുനിന്നും ഇടത്തോട്ട് ചലനം നടക്കുന്നു. ഇങ്ങനെ വിപരീതദിശയിലുള്ള പ്രാണപ്രവാഹമുണ്ടായാലേ ശരീരത്തിന്റെ ഭാഗമായ അണ്ഡവും അതുവളര്ന്നുണ്ടായ ശിശുവും വേര്‍പ്പെട്ട് പുറത്തുപോവുകയുള്ളൂ. ഇതുപോലെതന്നെയാണ് മരണസമയത്ത് ശരീരത്തില്‍നിന്നും പ്രാണനുകളും വിട്ടുപോകുന്നത്. ഒരു പിതാവ് മരിക്കുമ്പോള്‍ അയാളുടെ അന്നമയകോശത്തിന്റേയും പ്രാണമയകോശത്തിന്റേയും ഭാഗമായ ബീജം വളര്‍ന്നുണ്ടായ കുട്ടിയുടെ ശരീരത്തും അനുരണനം നടക്കുന്നു. അങ്ങനെ ഇടത്തോട്ട് ചൈതന്യം പ്രവഹിക്കുന്ന വ്യക്തി വലത്തോട്ട് ചൈതന്യം പ്രവഹിക്കുന്ന ക്ഷേത്രത്തിന്റെ പരിധിയില്വന്നാല് ക്ഷേത്രത്തിലെ ചൈതന്യത്തിന് കുറവുവരും. വലത്തോട്ട് കറങ്ങുന്ന ചക്രവും ഇടത്തോട്ട് കറങ്ങുന്ന ചക്രവും കൂട്ടിമുട്ടിയാല്‍ വേഗതകുറയുന്നതുപോലെ.
മരണശേഷം കുറെദിവസം കഴിയുമ്പോള്‍ ബന്ധുക്കളുടെ പ്രാണശരീരത്തിലെ ചലനം പൂര്‍വ്വസ്ഥിതിയിലാകുകയും അവര്‍ക്ക് ക്ഷേത്രപ്രവേശനത്തിനുള്ള തടസ്സം നീങ്ങുകയും ചെയ്യും. അകന്ന ബന്ധുക്കളുടെ പ്രാണശരീരത്തിലുണ്ടാകുന്ന വിപരീതചലനം കുറവായതുകൊണ്ട് അവര്‍ക്ക് മുടക്കമുണ്ടാകുന്നില്ല. കൂടെ താമസിക്കുകയാണെങ്കിലും രക്തബന്ധമില്ലാത്തതുകൊണ്ട് ഭാര്യയ്ക്കോ ഭര്‍ത്താവിനോ മരണാനന്തരം മുടക്കംവരുന്നില്ല. ഇങ്ങനെ പുലയോ വാലായ്മയോ ഉള്ളവര്‍ ക്ഷേത്രത്തില്‍ കയറിയെന്നറിഞ്ഞാല്‍ ദേവചൈതന്യത്തിനുണ്ടായ ലോഭം പരിഹരിക്കുവാന്‍ മന്ത്രംജപിച്ച് ചൈതന്യം വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഒരുപരിഹാരം. ഈ കാരണംകൊണ്ടാണ് ചില ആളുകള്‍ക്ക് ചില സമയങ്ങളില്‍ ക്ഷേത്രദര്‍ശനം പാടില്ലെന്നു പറയുന്നത്.
ശബരിമലയില്മാത്രമല്ല, കേരളത്തിലെ ഒരുക്ഷേത്രത്തിലും യൗവനാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് മാസത്തില്‍ ഏഴ്ദിവസം പ്രവേശനമില്ല. പ്രസവിച്ചാല്‍ അത് പതിനഞ്ച് ദിവസമായി മാറും. അടുത്ത ബന്ധുക്കള്‍ മരിച്ചാലും മുടക്കമാണ്. അവര്‍ക്ക് 13 ദിവസം ക്ഷേത്രദര്‍ശനം നിഷിദ്ധമാണ്. രണ്ടാമതും മൂന്നാമതും പറഞ്ഞ ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്മാര്ക്കും ദര്‍ശനത്തിന് വിലക്കാണ്. ക്ഷേത്രദര്ശനത്തിനുമാത്രമല്ല സാത്വികമായ എല്ലാ കാര്യങ്ങളില്‍നിന്നും ഇവരെ മാറ്റിനിര്‍ത്തുന്നു. ഇതില്‍നിന്നും സ്ത്രീവിവേചനമല്ല, മാറ്റിനിര്‍ത്തുന്നതിന് കാരണം വേറെയാണെന്ന് വ്യക്തമാണല്ലോ. പത്ത് വയസ്സിനുമുമ്പും 50 വയസ്സിനുശേഷവും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലൂടെ അത് അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.
ഇങ്ങനെ മൂന്ന് കാരണങ്ങള്‍ മാത്രമേ ദര്‍ശനത്തിന് തടസ്സം സൃഷ്ടിക്കുന്നുള്ളൂ. അല്ലാതെ യൗവ്വനകാലത്ത് മുഴുവനും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് സ്ത്രീക്ക് വിലക്കേര്‍പ്പെടുത്തുവാന്‍ ഒരു ശാസ്ത്രവും പറയുന്നില്ല. അയ്യപ്പന് വ്യക്തിയല്ല ശക്തിയാണ് അതിന് ലോഭംവരുമെന്നതുകൊണ്ടാണ് മേല്‍പ്പറഞ്ഞ കുറഞ്ഞദിവസങ്ങളില്‍ അവിടെ ചെല്ലരുതെന്ന് പറയുന്നത്. ഇത് രൂഢമായ വിശ്വാസമാണ്. അതിന് ഉപോദ്ബലകമായ ഒരു ശാസ്ത്രവും ഉണ്ട്. മറ്റ് ആധുനിക ശാസ്ത്രങ്ങളെപോലെ പ്രത്യക്ഷമല്ല അതിന് പ്രമാണം, അനുമാനവും ആപ്തവുമാണെന്നുമാത്രം. ഈ ശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ് ക്ഷേത്രങ്ങളെല്ലാം നിലനില്‍ക്കുന്നത്. അതിനെ അനുസരിച്ചില്ലെങ്കില്‍ പിന്നെ ആ വിധാനംതന്നെ തകരും.
ശബരിമലയില്‍ സ്ത്രീകളെ തടയുവാന്‍ ഐതിഹ്യമല്ലാതെ ഹിന്ദുക്കള്‍ വിശ്വസിക്കുന്ന പ്രമാണങ്ങളിലൊന്നും പറയുന്നില്ല. അതുകൊണ്ട് ശബരിമലയില്‍ ആരും അവരെ തടയാറുമില്ല. 1991 വരെ അപൂര്‍വ്വം സ്ത്രീകള്‍ അവിടെ വന്നിരുന്നു. കുട്ടിയ്ക്ക് പേരിടലും ചോറൂണും മറ്റും നടത്തുകയും ചെയ്തിരുന്നു. അത് ഏറെ തിരക്കുള്ള മണ്ഡലകാലത്തിലല്ല എന്നുമാത്രം. തടസ്സമില്ലാത്തതുകൊണ്ട് ദേവസ്വംബോര്‍ഡ് യുവതികളായ സിനിമാനടികള് അവിടെ പ്രവേശിപ്പിച്ച് സിനിമ ഷൂട്ടിംഗ് നടത്തുന്നതിനും അനുമതി കൊടുത്തിരുന്നു. 41 ദിവസം വ്രതം നോക്കുവാന്‍ കഴിയാത്തതുകൊണ്ട് ഇന്ന് വ്രതം നോക്കാത്ത പുരുഷന്മാര് വരുന്നതുപോലെ അവരും കെട്ട് നിറയ്ക്കാതെയാണ് വന്നിരുന്നത്. പുണ്യമായ പതിനെട്ടാംപ്പടി ചവിട്ടാതെ വടക്കേ നടയിലൂടെ കയറി ദര്‍ശനം നടത്തി തിരികെപോകുകയാണ് പതിവ്. ഇന്ന് ചില ഹിന്ദുവിരോധികളായ പുരോഗമനവാദികള്‍ പറയുന്നതുപോലെ ഹിന്ദു സംഘടനകളൊന്നും സ്ത്രീകളെ തടയുവാന്‍ ആവശ്യപ്പെട്ടിട്ടില്ല. അതിനുവേണ്ടി ഒരുസമരവും നടത്തിയിട്ടുമില്ല.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും തുല്യസ്ഥാനം കല്പ്പിക്കണമെന്നാവശ്യപ്പെടുന്ന ഹിന്ദു സംഘടനകള്‍ അതിന് ഒരുങ്ങുകയുമില്ല. ലോകാനുഗ്രഹ ഹേത്വര്‍ത്ഥം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അയ്യപ്പനും ആരെയും മാറ്റി നിര്ത്തുവാനാഗ്രഹിക്കുകയില്ല. എല്ലാവരെയും അനുഗ്രഹിക്കുക മാത്രമേ ചെയ്യുകയുള്ളൂ.
1991-ല്‍ ഒരു ഭക്തന് സമീപിച്ചതിനെതുടര്‍ന്ന് ഹൈക്കോടതിയാണ് 1965-ലെ ഹിന്ദു ആരാധനാലയ പ്രവേശനനിയമത്തിലെ ചട്ടം മൂന്ന് അനുസരിച്ച് യുവതികളെ ദര്ശനത്തിനനുവദിക്കരുതെന്ന് ഉത്തരവിട്ടത്. ഇതുതന്നെ സുവര്‍ണ്ണ അവസരമെന്ന് കരുതി മേല്‍കോടതിയില്‍ അപ്പീലുപോകാതെ സര്‍ക്കാര്‍ വിധി നടപ്പാക്കുകയും ചെയ്തു. താന്ത്രിക കാര്യങ്ങള്‍കൊണ്ടോ, മതപരമായ കാര്യങ്ങള്‍കൊണ്ടോ അല്ല ശബരിമലയില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തിയിരിക്കുന്നത്. അതിന്റെ പേരില്‍ ഹിന്ദു സംഘടനകളെയും ക്ഷേത്രസംവിധാനത്തേയും ആക്ഷേപിക്കുന്നത് അന്യായമാണ്.
പക്ഷെ, പരിമിതമായ സൗകര്യങ്ങള്മാത്രമുള്ളതുകൊണ്ട് ശബരിമലയില്‍ ഇന്ന് യുവതികള്‍ക്കുകൂടി പ്രവേശനം കൊടുത്താല്‍ അത് ആസ്ഥാപനത്തിന്റെ കീര്ത്തിനശിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പമ്പയില്‍നിന്നും സന്നിധാനത്തേക്കുള്ള യാത്രയില്‍ ചിലപ്പോള്‍ ഭക്തര്‍ക്ക് പതിനഞ്ചും ഇരുപതുംവരെ മണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവരാറുണ്ട്. വഴിയിലൊന്നും മൂത്രമൊഴിക്കാനുള്ള സൗകര്യംപോലും ഇല്ല എന്നിരിക്കെ ഇത് യുവതികള്‍ക്ക് കടുത്ത പീഡനമായിരിക്കും. ചീത്ത മനസ്സുമായി ശബരിമലയിലെത്തുന്ന പുരുഷന്മാര് സന്നിധാനത്തെ ഉന്തുംതള്ളും മുതലെടുക്കുവാന്‍ ശ്രമിക്കുകയും അത് വലിയ അത്യാഹിതങ്ങള്‍ക്ക് ഇടവരുത്തുവാനും ഇടയുണ്ട്. പത്തും പതിനഞ്ചും ലക്ഷം അയ്യപ്പന്മാര് തങ്ങുന്ന സന്നിധാനത്ത് പതിനായിരംപേര്ക്കുപോലും സുരക്ഷിതമായി വിരിവച്ച് ഉറങ്ങുന്നതിനുള്ള സൗകര്യംപോലും ദേവസ്വം ഒരുക്കിയിട്ടില്ല.
ബഹുഭൂരിപക്ഷംപേരും മരചുവട്ടിലും വിജനമായ സ്ഥലത്തുമൊക്കെ കിടന്നുറങ്ങുകയാണ് പതിവ്. അതിന്റെകൂടെ യുവതികള്‍ കൂടിയുണ്ടെങ്കിലത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ശബരിമലയില്‍ വരുന്ന ഭക്തരെല്ലാം നല്ലവരായികൊള്ളണമെന്നില്ലല്ലോ. അതുകൊണ്ട് ഇന്നുള്ള സൗകര്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാതെ യുവതികള്‍ക്കുള്ള വിലക്ക് നീക്കിയാല്‍ അത് ഗുണത്തേക്കാള്‍ അധികം ദോഷമാണ് വരുത്തുക. അത് വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടവരുത്തി എന്നുവരാം. അതുകൊണ്ട് താന്ത്രികമായ കാര്യങ്ങള്‍ അല്ല സാമൂഹ്യവും ഭരണപരവുമായ കാര്യങ്ങളാണ് സ്ത്രീകളെ ശബരിമലയില്‍ നിന്ന് മാറ്റി നിര്‍ത്തുവാന്‍ കാരണം എന്ന് തിരിച്ചറിയണം.
അതിന് ഉത്തരവാദി ദേവസ്വംബോര്‍ഡും സര്‍ക്കാരുമാണ്. കോടതിക്കുമാത്രം ഈ വിഷയം വിടാതെ ആചാര്യന്മാരും ഹിന്ദുസംഘടനകളുമായി കൂടിയാലോചിച്ച് ഭരിക്കുന്നവര്‍ ഇതിന് പരിഹാരം കാണുകയാണ് വേണ്ടത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുവാന്‍ വേണ്ടി വിയര്‍പ്പൊഴുക്കുന്ന ഹര്‍ജിക്കാരായ ഇന്ത്യന്‍ യങ്ങ് ലോയേഴ്സ് അസോസിയേഷന്റെ ഹിന്ദു സ്ത്രീകളോടുള്ള സ്നേഹവും സംശയം ജനിപ്പിക്കുകയാണ്. ശബരിമലയിലെ പോലെ സങ്കീര്‍ണമായ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും രാജ്യത്തെ ഒരു പള്ളിയിലും കയറി പ്രാര്‍ത്ഥിക്കുവാന്‍ അനുവാദമില്ലാത്ത മുസ്ലിം ഉമ്മമാര്‍ക്കുവേണ്ടി എന്തുകൊണ്ടിവര്‍ കണ്ണുനീരൊഴുക്കുന്നില്ല?
(ഹിന്ദു ഐക്യവേദി സംസ്ഥാന
സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: