കരുനാഗപ്പള്ളി: ഏറെ ഉല്‍ക്കണ്ഠയോടെയും ഭീതിയോടെയും നിരീക്ഷിച്ച ക്ഷയരോഗം വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയാല്‍ നിയന്ത്രണവിധേയമാക്കുവാന്‍ കഴിഞ്ഞുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം ഈ കാലഘട്ടത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ക്ഷയരോഗം തിരിച്ചുവരവ് നടത്തുകയാണെന്നും ഇതിനെ ഗൗരവപൂര്‍വ്വം കാണണമെന്നും കൊല്ലം ജില്ലാ അസി.കളക്ടര്‍ ഡോ.ചിത്ര. ക്ഷയരോഗം വ്യാപകമായകുന്നതിനെത്തുടര്ന്ന് ജില്ലാ ടിബി കേന്ദ്രവും നെഹ്റു ഫൗണ്ടേഷനും പുതിയകാവ് നെഞ്ചുരോഗാശുപത്രിയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കുലശേഖരപുരത്ത് നിര്‍വഹിക്കുകയായിരുന്നു അവര്‍. ക്ഷയരോഗത്തിന് ആവശ്യമായ ചികിത്സാസംവിധാനങ്ങളുണ്ട്. എങ്കിലും വേണ്ടത്ര ബോധവല്‍ക്കരണം ജനങ്ങള്‍ക്ക് ലഭിക്കാത്തതുകാരണം ക്ഷയരോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായാണ് പഠന റിപ്പോര്‍ട്ടുകള്‍. ഇതിനെ ഫലപ്രദമായി തടയുന്നതിന് സന്നദ്ധ സംഘടനകളും ക്ഷയരോഗ ഡിപ്പാര്‍ട്ടുമെന്റും കൂടുതല്‍ സജീവമാകണമെന്ന് ചിത്ര ചൂണ്ടിക്കാട്ടി. കെ.എസ്.പുരം സുധീറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. സി.എന്‍. നഹാസ് വാരാചരണ സന്ദേശം നല്കി. ജില്ലാ ടിബി ഓഫീസര്‍ ബി.കൃഷ്ണവേണി മുഖ്യപ്രഭാഷണം നടത്തി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലേഖാ കൃഷ്ണകുമാര്‍, എസ്.എന്‍. ഇക്ബാല്‍, ഗ്രാമപഞ്ചായത്ത് അംഗം ഉഷാകുമാരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ്, കെ. പ്രസന്നന്, അഡ്വ.ബി.ബിനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: