കളമശേരി: റസിഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകനും പെണ്കുട്ടിയടക്കമുളള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും സതേണ്‍ ഇന്‍ഡസ്ട്രീസ് കമ്പനി ഗുണ്ടകളുടെ മര്‍ദ്ദനം. കളമശേരി വിടാക്കുഴ റോഡില്‍ വച്ച് അമ്പലപ്പടി റസി. അസോസിയേഷന് ഭാരവാഹിയായ ബോസ്കോ, സഹോദരങ്ങളായ അക്ഷയ പി.വിജയ്, അശ്വിന് പി.വിജയ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സതേണ്‍ സ്റ്റീലിലേക്ക് നിയമം ലംഘിച്ച് പത്ത് ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ഇരുമ്പ് കമ്പികള്‍ കൊണ്ടു പോകുന്നത് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് യൂണിഫോമിട്ട ഇരുപതോളം പേരടങ്ങുന്ന സംഘം ആക്രമിച്ചത്.
വിദ്യാര്‍ത്ഥിനിയുടെ കൈ പിടിച്ച് തിരിച്ചു. മൂന്ന് പേരും തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടി. അക്രമികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ ബോസ്കോ സന്ധ്യയോടെ തിരികെയെത്തി നടുറോഡില്‍ നിരാഹാരം സമരം നടത്തി.
വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിന്റ കൊച്ചി സ്റ്റോക്ക് യാര്ഡായാണ് സതേണ്‍ ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തിക്കുന്നത്. ഇടുങ്ങിയ റോഡിലൂടെ അമിതഭാരം കയറ്റി ഇടതടവില്ലാതെയാണ് ട്രെയിലറുകള്‍ പോകുന്നത്. ഇതിനെ തുടര്‍ന്ന് റോഡുകള്‍ മോശമാവുകയും രാവും പകലും പൊടി പടലങ്ങള്‍ ഉയരുകയും ചെയ്യുന്നതായാണ് ജനങ്ങളുടെ പരാതി. അന്യായമായി തൊഴിലാളികളെ പിരിച്ചു വിട്ടതിനെതിരെ കമ്പനിക്ക് മുന്നില്‍ ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ സമരം നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: