പത്തനംതിട്ട: മലയാലപ്പുഴ പഞ്ചായത്തിലെ ആനശാരിക്കല്‍ പുല്ലാമല റോഡ് വികസനത്തിന്റെ പേരില്‍ നടന്ന വന്‍ അഴിമതി അന്വേഷിക്കണമെന്ന് ബിജെപി പരപ്പനാല്‍ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഏഴുകോടിയില്‍ പരം രൂപയുടെ എസ്റ്റിമേറ്റിന്‍പ്രകാരം രണ്ടുഘട്ടമായാണ് റോഡ് വികസനം നടന്നത്.ആദ്യഘട്ടമായി നാലുകോടിയിലധികം രൂപാമുടക്കി പത്തുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനുള്ള ടെണ്ടറാണ് നല്‍കിയത്. എന്നാല്‍ പാവപ്പെട്ട നാട്ടുകാരുടെ സ്ഥലം ഏറ്റെടുക്കുകയും പണവും സ്വാധീനവും ഉള്ളവരെ ഒഴിവാക്കുകയും അത്തരം ഭാഗങ്ങളില്‍ റോഡിന് വീതി ഇല്ലാത്ത അവസ്ഥയുമാണുള്ളത്. മണ്ണെടുത്തതുമൂലം കഴിഞ്ഞ കാലവര്‍ഷത്തില്‍ രണ്ട് വീടുകള്‍ അപകടാവസ്ഥയിലാണ്. രണ്ടാംഘട്ടത്തില്‍ റബറൈസിഡ് ടാറിംഗ് നടത്താന്‍ മൂന്നുകോടീ രൂപകൂടി അനുവദിച്ചു. ഓടകളുടെ നിര്‍മ്മാണമടക്കമുള്ള ഈ പ്രവര്‍ത്തിയുടെ നാലിലൊന്നുപോലും കരാറുകാരന് പൂര്‍ത്തിയാക്കിയിട്ടില്ല. ടാറിംഗ് ചെയ്ത പലഭാഗങ്ങളും ഇപ്പോള്‍ മെറ്റലിളകിയ നിലയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മന്ത്രി അടൂര്‍പ്രകാശ് ഈ റോഡ് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോടികളുടെ അഴിമതി അന്വേഷണ വിധേയമാക്കണമെന്ന് ബിജെപി പരപ്പനാല്‍ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സോമരാജന് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി അനിരുദ്ധന്, ബൂത്ത് ഇന്‍ചാര്‍ജ്ജ് എം.ജി.പ്രസാദ്, ഭാരവാഹികളായ വി.കെ.രാജന്, ശ്രീജിത്ത് മലയാലപ്പുഴ, ടി.അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: