മുംബൈ: ഏകദിന ക്രിക്കറ്റില്‍ 300 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനായി മുംബൈയില്‍ നിന്നുള്ള പ്രീതം പാട്ടീല്‍. മഹാരാഷ്ട്ര സീനിയര്‍ ക്രിക്കറ്റ് അസോസിയേഷന് ലീഗില്‍ നന്ദേഡിനെതിരെ പിവൈസി ഹിന്ദു ജിംഖാനയ്ക്കായി ഇരുപത്തിനാലുകാരന് പ്രീതം 134 പന്തുകളില്‍ നിന്ന് വാരിയത് 306 റണ്‍സ്. 28 ഫോറുകളും 26 സിക്സറുകളും ഇന്നിങ്സിന് അകമ്പടി. പ്രീതത്തിന്റെ മികവില്‍ 50 ഓവറില്‍ ജിംഖാന ആറ് വിക്കറ്റ് നഷ്ടത്തില്‍ 594 റണ്‍സ് അടിച്ചു കൂട്ടി. മറുപടിയായി നന്ദേഡ് ടീം 86 റണ്‍സില്‍ പുറത്ത്. ജിംഖാനയ്ക്ക് 508 റണ്‍സ് ജയം.
പാട്ടീലിനു പുറമെ ഹിംഗ്നേക്കര് (55), വൈ. ചവാന് (41 നോട്ടൗട്ട്) എന്നിവരും ജിംഖാനയ്ക്കായി സ്കോര്‍ ചെയ്തു. 59 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത എസ്. പര്‍ദേശി, ഒരു റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഹിംഗ്നേക്കര്, 26 റണ്‍സിന് മൂന്ന് ഇരകളെ കണ്ടെത്തിയ ഭലേക്കര്‍ എന്നിവര്‍ നന്ദേഡിനെ 86ല്‍ ഒതുക്കി. ട്രിപ്പിള്‍ നേട്ടത്തിന് ടീമിലെ സഹകളിക്കാരന് ഇന്ത്യന്‍ താരം കേദാര്‍ യാദവ് പ്രീതത്തിന് 25,000 രൂപ വിലയുള്ള ബാറ്റും സമ്മാനിച്ചു.
സ്കോര്‍ ഇരുന്നൂറിലെത്തിയപ്പോള് ട്രിപ്പിള്‍ നേടിയാല്‍ ബാറ്റ് സമ്മാനിക്കാമെന്ന് കേദാര്‍ വാക്കു നല്‍കിയിരുന്നു. പ്രീതം തിരിച്ച് ഡ്രസിങ് റൂമിലെത്തിയപ്പോള്‍ കേദാര്‍ ബാറ്റ് സമ്മാനിച്ചു.
കഴിഞ്ഞ മാസം അവസാനം മുംബൈയില്‍നിന്നുള്ള സ്കൂള്‍ വിദ്യാര്‍ത്ഥി പ്രണവ് ധനവാദെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി 1,000 റണ്‍സ് നേടുന്ന താരമായി. പ്രാദേശിക മത്സരത്തില്‍ പ്രണവിന്റെയും പ്രകടനം. അന്താരാഷ്ട്ര ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ മുംബൈ താരം രോഹിത് ശര്‍മയുടെ പേരില്‍ (264 റണ്‍സ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: