ഏറ്റുമാനൂര്‍: കടയുടമ പറഞ്ഞ് വിട്ടതാണെന്ന പേരില്‍ എത്തിയ യുവാവ് ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടി. ഏറ്റുമാനൂരില്‍ പാലാ റോഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂജനറേഷന്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. കടയുടമ രാജേഷ് രണ്ട് ദിവസമായി സ്ഥലത്തില്ലായിരുന്നു. ഇത് മനസിലാക്കി എത്തിയ യുവാവ് താന്‍ രാജേഷ് പറഞ്ഞു വിട്ടതനുസരിച്ച് വന്നതാണെന്നും കടയിലെ കളക്ഷന്‍ തുക തന്നെ ഏല്‍പ്പിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും ജീവനക്കാരിയോട് പറഞ്ഞു. ഒപ്പം രാജേഷിന്റെ കുടുംബാംഗങ്ങളുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമായി പറഞ്ഞതിനാല്‍ ജീവനക്കാരിക്ക് സംശയത്തിനിട നല്‍കിയില്ല. രാജേഷിനോടെന്ന പോലെ ഇയാള്‍ ആരോടോ ഫോണില്‍ സംസാരിക്കുന്നുമുണ്ടായിരുന്നു. മേശയില്‍ ഉണ്ടായിരുന്ന 1250 രൂപ ഇവര്‍ കൊടുക്കുകയും ചെയ്തു. പണവുമായി ഇയാള്‍ പോയശേഷം കടയുടമയെ വിളിച്ചപ്പോഴാണ് തനിക്ക് അബദ്ധം പിണഞ്ഞത് ജീവനക്കാരി മനസിലാക്കിയത്.
















