കാഞ്ഞിരപ്പള്ളി: ഒടുവില്‍ മന്ത്രിയില്ലാതെ കാഞ്ഞിരപ്പള്ളി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് 22ന് രാവിലെ 11.30ന്‌ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അന്നമ്മ ജോസഫ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. സൂപ്പര്‍ മാര്‍ക്കറ്റിന് വേണ്ടി 3000 ചതുരശ്രഅടി കെട്ടിടം വാടകയ്‌ക്കെടുത്ത് 10ലക്ഷംരൂപമുടക്കി ആധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ചിട്ട് നാലു മാസമായി. ലോഡ് കണക്കിന് അരിയുള്‍പ്പടെ എല്ലാ സാധനങ്ങളും നിറച്ചു. പ്രതിമാസം 50000 രൂപ വാടക നല്‍കി വരുകയായിരുന്നു. നവംബര്‍ മാസത്തിലും, ഡിസംബര്‍ മാസത്തിലും ഉദ്ഘാടനത്തിന് തീയതി നിശ്ചയിച്ചിരുന്നുവെങ്കിലും നടന്നില്ല. മന്ത്രിയുടെ തീയതി കിട്ടാത്തതാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമെന്ന് ആരോപമണമുയര്‍ന്നിരുന്നു. ഇത് പത്രമാധ്യമങ്ങില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്യാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരന്നു. നിലവില്‍ പുത്തനങ്ങാടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് മാറ്റിപകരം പുതിയ പീപ്പിള്‍സ് ബസാര്‍ തുടങ്ങുന്നതിന് വേണ്ടിയാണ് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡില്‍ കെട്ടിടം വാടകയ്‌ക്കെടുത്തത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി സൂപ്പര്‍ മാര്‍ക്കറ്റ് ആക്കുകയായിരുന്നു. 13ഷട്ടറുകളുള്ള കെട്ടിടത്തിന് ആവശ്യത്തിന് പാര്‍ക്കിങ് സൗകര്യവുമുണ്ട്.
















