തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ലീഗല്‍ അഡ്വൈസറായി ആരോപണവിധേയനായ അഭിഭാഷകനെ നിയമിച്ചതിനെച്ചൊല്ലി വിവാദം മുറുകുന്നു. മലബാര്‍ സിമന്റ്സ് കേസില്‍ അഴിമതി ആരോപണം നേരിട്ട അഡ്വ. പി.കെ.മുരളീകൃഷ്ണനെയാണ് പുതിയ ലീഗല്‍ അഡ്വൈസറായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.ബാബു, ആര്യാടന് മുഹമ്മദ്, സി.എന്‍.ബാലകൃഷ്ണന് എന്നിവര്‍ പ്രതികളായ കേസുകളില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതോടെയാണ് സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റിയത്.
ലീഗല്‍ അഡ്വൈസര്മാരായിരുന്ന അഡ്വ. ഷൈലജന്‍, അഡ്വ. രഞ്ജിത്ത് എന്നിവരുടെ പിടിപ്പുകേടാണ് സര്‍ക്കാരിനെതിരെ ഉത്തരവുണ്ടാകാന്‍ കാരണം എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സ്ഥലം മാറ്റിയത്. ഷൈലജനെ തലശ്ശേരിക്കും രഞ്ജിത്തിനെ മൂവാറ്റുപുഴക്കും മാറ്റി നിയമിക്കുകയായിരുന്നു. പുതുതായി നിയമിച്ച മുരളികൃഷ്ണനെതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസുകളെ അഭിഭാഷകരുടെ മാറ്റം ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: