കോട്ടയം: ഭാരതത്തിലെ കമ്യൂണിസ്റ്റുകാരെ രാജ്യ സ്നേഹം പഠിപ്പിക്കാന്‍ ആര്എസ്എസിനെക്കൊണ്ടു മാത്രമേ കഴിയൂവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം ടി രമേശ്. മറിയപ്പള്ളിയില്‍ സംഘടിപ്പിച്ച ദേശഭക്ത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് കേന്ദ്രങ്ങളില്‍ ആര്‍എസ്എസ് ആരംഭിച്ച ശാഖകളിലേക്ക് നൂറുകണക്കായ സഖാക്കള്‍ എത്തുന്നത് ദേശസ്നേഹം പഠിക്കാനാണ്. രാജ്യദ്രോഹികള്‍ക്കെതിരേ നിലപാടെടുത്തതിന്റെ പേരില്‍ പത്തു മാര്‍ക്കു കുറഞ്ഞാല്‍ പോടാ പുല്ലേ എന്നു പറയുന്ന പാര്‍ട്ടിയാണു ബിജെപി.
ജെഎന്‍യുവിലെ സംഭവങ്ങളില്‍ പാര്‍ട്ടി എടുത്തിട്ടുള്ള നിലപാട് ദേശസ്നേഹപരമാണ്. എന്നാല്‍, കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും സ്വീകരിച്ചിട്ടുള്ള സമീപനങ്ങള്‍ രാഷ്ട്ര വിരുദ്ധമാണ്. ഇത്തരം രാജ്യദ്രോഹപരമായ നിലപാടുകള്‍ രാഷ്ട്രീയ കക്ഷികള്‍ തിരുത്താന്‍ തയാറാകണമെന്നാണ് ബിജെപിയുടെ ഉറച്ച നിലപാട്. ത്രിവര്‍ണപതാക ഉയര്‍ത്താന്‍ മനസില്ലെന്നു പറയുന്ന വിദ്യാര്‍ത്ഥി നേതാവ് ഏതു പാര്‍ട്ടിയായാലും ഏതു യൂണിയനായാലും അംഗീകരിക്കുന്ന പ്രശ്നമില്ല. ഇത്തരം രാജ്യദ്രോഹ സമീപനമുള്ളവര്‍ ഈ രാജ്യത്തു ജീവിക്കാന്‍ അവകാശമില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
ജനക്ഷേമ പദ്ധതികളും വികസന തന്ത്രങ്ങളുമായി മുന്നേറുന്ന മോദി സര്‍ക്കാരിനെ അപവാദ പ്രചാരണത്തിലൂടെ തകര്‍ക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ഹൈദരാബാദ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് ആഴ്ചകളോളം ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച ചാനലുകള്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യയ്ക്കു ശ്രമിച്ച ദളിത് പെണ്‍കുട്ടിക്കു വേണ്ടി അര മണിക്കൂര്‍ പോലും ചര്‍ച്ചയ്ക്കായി നീക്കി വച്ചില്ല.
ഇതു മാധ്യമങ്ങള്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പിന് തെളിവാണ്. പരസ്പര ധാരണയില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും നടത്തുന്ന വഞ്ചനകള്‍ തിരിച്ചറിഞ്ഞ ജനത ബിജെപിയെ നെഞ്ചോടു ചേര്‍ക്കുന്ന കാഴ്ചയാണ് കേരളത്തിലുടനീളം കാണുന്നത്. ഈ ജനവിശ്വാസത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും എം ടി രമേശ് അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് സി എന്‍ സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എന്‍ ഹരി, ജനറല്‍ സെക്രട്ടറി കെ പി സുരേഷ്, ടി എന്‍ ഹരികുമാര്‍, എസ് രതീഷ്, ജിജോ ജോസഫ്, കെ ശങ്കരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: