പത്തനംതിട്ട: വിമാനത്താവളത്തിന്റെ പേരില്‍ ആറന്മുളയില് മണ്ണിട്ട് നികത്തിയ കരിമാരംതോട് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നുള്ള കോടതി ഉത്തരവ് അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം.
തോട് പുനസ്ഥാപിക്കുന്നതിന് വീഴ്ചവരുത്തിയതിന് പത്തനംതിട്ട ജില്ലാകളക്ടര്ക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ക്കായി ഹര്‍ജി നല്‍കിയതിനെതുടര്‍ന്ന് കഴിഞ്ഞദിവസം മണ്ണെടുപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമിയിലെ നീര്ച്ചാല് മണ്ണിട്ട് നികത്തിയ ആളെക്കൊണ്ടുതന്നെ മണ്ണെടുപ്പിക്കാനുള്ള കളക്ടറുടെ നീക്കത്തിനെതിരേ സ്ഥലം എംഎല്‍എ രംഗത്തെത്തി.
കളക്ടര്‍ മണ്ണ് മാഫിയയ്ക്ക് കൂട്ടുനില്ക്കുന്നതായാണ് എംഎല്‍എ ശിവദാസന്‍നായര്‍ ആരോപിക്കുന്നത്. അതേസമയം നാമമാത്രമായുള്ള മണ്ണെടുപ്പാണെങ്കിലും കരിമാരംതോട് പുനസ്ഥാപിക്കുന്നത് തടയുകയാണ് എംഎല്‍എയുടെ ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മിച്ചഭൂമി നിയമം അനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയിലെ മണ്ണ് മാറ്റുന്നതിന് ജില്ലാഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കാതെ മണ്ണിട്ട ആളിനെക്കൊണ്ടുതന്നെ മണ്ണെടുപ്പിക്കാനുള്ള കളക്ടറുടെ ശ്രമവും പ്രദേശവാസികള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
2009 ല്‍ അടൂര്‍ ആര്‍ഡിഒ കരിമാരംതോട് നികത്തിയ ആളില്‍ നിന്ന് മണ്ണുമാറ്റി തോട് പൂര്വ്വസ്ഥിതയില് ആക്കുന്നതിന് ചിലവാകുന്ന തുക ഈടാക്കി മണ്ണ് മാറ്റണമെന്ന് ഉത്തരവിട്ടിരുന്നതായി ആറന്മുള വിമാനത്താവള വിരുദ്ധ സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ത്വരിതഗതിയില്‍ മണ്ണ് മാറ്റി തോട് പുനസ്ഥാപിക്കുകയും അതിന് ചിലവാകുന്ന തുക തോട് നികത്തിയവരില്‍ നിന്നും ഈടാക്കിക്കൂടെ എന്ന സംശയവും സമരസമിതിക്കാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും മുതിരാതെ പേരിന് മാത്രം മണ്ണ് മാറ്റുന്ന നടപടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
കഴിഞ്ഞ നാലുദിവസങ്ങളിലായി ഒരു മണ്ണുമാന്തി ഉപയോഗിച്ചാണ് തോട് പുനസ്ഥാപിക്കാനുള്ള നടപടികള്‍ നടക്കുന്നത്.
ദിനംപ്രതി നൂറ്ലോഡ് മണ്ണ് കൊണ്ടുപോയാല്‍ പോലും 200 ദിവസമെങ്കിലും തുടര്‍ച്ചയായി മണ്ണ് മാറ്റിയെങ്കില്‍ മാത്രമേ കരിമാരം തോട് വലിയതോട് വഴി കോഴിത്തോടിലെത്തി പൂര്‍വ്വ സ്ഥിതിപ്രാപിക്കൂ എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ 25 ല്‍ താഴെ ലോഡ് മണ്ണ് മാത്രമാണ് ദൈനംദിനം മാറ്റുന്നത്. ഇത്തരത്തിലാണ് മണ്ണ് മാറ്റം നടത്തുന്നതെങ്കില്‍ വര്‍ഷങ്ങളുടെ കാത്തിരുപ്പ് വേണ്ടിവരും കരിമാരം തോട് പുനര്‍നിര്‍മ്മിക്കാന്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനിടെ വേനല്‍മഴയും തുടര്‍ന്ന് കാലവര്‍ഷവും എത്തുമ്പോള്‍ മണ്ണ് നീക്കം തടസ്സപ്പെടും. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് രക്ഷനേടാനുള്ള ജില്ലാകളക്ടറുടെ പൊടിക്കൈ മാത്രമാണ് ഇപ്പോഴത്തെ മണ്ണെടുപ്പ് പ്രഹസനമെന്നും ആക്ഷേപമുണ്ട്. കളക്ടര്‍ക്കെതിരേ ആരോപണങ്ങളുമായി എംഎല്‍എയും രംഗത്തെത്തിയതും കരിമാരംതോട് പുനര്‍നിര്‍മ്മാണം തടസ്സപ്പെടുത്താനാണെന്നും ആറന്മുളനിവാസികള് ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: