പത്തനംതിട്ട: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ പട്ടയ പ്രശ്നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയില്‍ റാന്നി അത്തിക്കയം തെക്കേത്തൊടി നിവാസികള്‍. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന സിറ്റിംഗിലാണ് മനുഷ്യാവകാശ കമ്മീഷന് ഏപ്രില്‍ 20നകം ഇതു സംബന്ധിച്ച് വിശദീകരണം നല്കാന് ജില്ലാ കളക്ടറോടു നിര്‍ദേശിച്ചത്.
അത്തിക്കയം വില്ലേജിലെ മടന്തമണ്‍ – തെക്കേത്തൊട്ടി നിവാസികളായ 117 കുടുംബങ്ങള്‍ക്കു പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തഹസീല്‍ദാര്‍ നല്കിയ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് കമ്മീഷന് വ്യക്തമാക്കിയിരുന്നു.
പട്ടയപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അനില്‍ അത്തിക്കയം കമ്മീഷനില്‍ നല്കിയ പരാതിയാണ് കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നടന്ന സിറ്റിംഗില്‍ പരിഗണിച്ചത്. പരാതിയില്‍ വനം, റവന്യൂവകുപ്പുകളുടെ റിപ്പോര്‍ട്ട് കമ്മീഷന് തേടിയിരുന്നു.
വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയിട്ടുള്ളവര്ക്കു പട്ടയം ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടികളുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷനില്‍ റാന്നി ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് കമ്മീഷനു സ്വീകാര്യമായില്ല. തെക്കേത്തൊട്ടി പട്ടയം സംബന്ധിച്ച ഫയല്‍ കാണാനില്ലെന്നാണ് തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഇതു കമ്മീഷന് അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഏപ്രില്‍ 20നകം വിശദീകരണം നല്കാന് പത്തനംതിട്ട ജില്ലാ കളക്ടറോടു കമ്മീഷന് നിര്‍ദേശിച്ചത്.
നാടൊട്ടുക്ക് പട്ടയമേളകള്‍ നടക്കുമ്പോഴും റാന്നി താലൂക്കിലെ അത്തിക്കയം തെക്കേത്തൊട്ടി നിവാസികളുടെ പട്ടയപ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തീരുമാനമാകാതെ കിടന്ന പട്ടയപ്രശ്നങ്ങള്‍ക്കു വളരെവേഗം തീരുമാനമുണ്ടായെങ്കിലും തെക്കേത്തൊട്ടി നിവാസികളുടെ ആവശ്യങ്ങള്‍ക്കുനേരെ പുറംതിരിയുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.
ചേത്തയ്ക്കല്‍ വില്ലേജില്‍ 781- 1 സര്‍വേ നമ്പരില്‍പെട്ട സ്ഥലമാണ് പ്രധാനമായും പട്ടയമില്ലാത്തത്. 1945 -55 കാലയളവില്‍ കൃഷി ആവശ്യങ്ങള്‍ക്കായി പാട്ടത്തിനെടുത്ത സ്ഥലമാണിത്. തിരുവിതാംകൂര്‍ രാജ്യത്തിലെ ഭരണമാറ്റത്തിന്റെ ഭാഗമായി 1955ലെ ഫോറസ്റ്ററുടെ ഉത്തരവു പ്രകാരം കര്‍ഷകരെ കുടിയിറക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ കര്‍ഷകര്‍ തിരു – കൊച്ചി രാജാവിനെ സമീപിക്കുകയും കുടിയൊഴിപ്പിക്കല്‍ നിരോധിച്ച് അദ്ദേഹം ഉത്തരവു നല്‍കുയും ചെയ്തു. 1977 ജനുവരി 13നാണ് സ്ഥലവാസിയായ പാലിയേക്കര വര്‍ഗീസ് ഏബ്രഹാം പട്ടയത്തിനുവേണ്ടി ആദ്യ അപേക്ഷ നല്‍കിയത്. ഇതിനു മറുപടിയായി റാന്നി വനം ഡിവിഷന് ഓഫീസര്‍ നല്കിയ കത്തില്‍ റവന്യൂ അധികൃതരെ സമീപിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. 1993 ഒക്ടോബര്‍ ആറിന് അനില്‍ അത്തിക്കയം മുഖ്യമന്ത്രിയുടെ സ്പീഡ് പ്രോഗ്രാമില്‍ നല്കിയ പരാതിക്കുള്ള മറുപടിയില്‍ വസ്തു റവന്യൂ – വനം ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയിട്ടുണ്ടെന്നും സര്‍ക്കാരില്‍ നിന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് പട്ടയം നല്‍കുന്നതാണെന്നുമുള്ള അറിയിപ്പ് ജില്ലാ കളക്ടറുടേതായി ലഭിച്ചു.
തെക്കേത്തൊട്ടിയിലെ സ്ഥിരതാമസക്കാരായ 117 കുടുംബങ്ങളാണ് പട്ടയത്തിനുവേണ്ടി വര്‍ഷങ്ങളായി കാത്തിരിക്കുന്നത്. തെക്കേത്തൊട്ടിയിലെ 32 ഹെക്ടര്‍ പ്രദേശത്തിനാണ് പട്ടയം ഇല്ലാത്തത്. വര്‍ഷങ്ങള്‍ക്കു മുമ്പേ സ്ഥിരതാമസമാക്കുകയും കൃഷി നടത്തിവരികയും ചെയ്യുന്ന ഭൂമിക്കാണ് പട്ടയമില്ലാത്തത്. പൊതുപ്രവര്‍ത്തകനും സ്ഥലവാസിയുമായ അനില്‍ അത്തിക്കയത്തിന്റെ പരാതിയിലാണ് കമ്മീഷന് തെളിവെടുക്കുന്നത്. പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന് ചീഫ് സെക്രട്ടറി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവരില്‍ നിന്നു വിശദീകരണം തേടിയിരുന്നു.
അരനൂറ്റാണ്ടായി തെക്കേത്തൊട്ടി പട്ടയത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സര്‍ക്കാരുകളില്‍ നിവേദനങ്ങള്‍ പലതും നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. പട്ടയം നല്‍കുമെന്ന പ്രഖ്യാപനങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലുള്ള പല സര്‍വേകളും നാട്ടുകാര്‍ കണ്ടതാണ്. തീരുമാനം വൈകിയതോടെയാണ് കൈവശകര്‍ഷകര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: