ദേഹത്തെ ആ നേര്ത്തചൂടും ഇപ്പോള്‍ നഷ്ടമായിരിക്കുന്നു. നനുത്ത തണുപ്പാണിപ്പോള്‍ ശരീരത്തിന്. ദേഹി, ദേഹത്തെ വിട്ടകന്നിരിക്കുന്നു. ഇന്നലെവരെ ചൈതന്യം നിറഞ്ഞുനിന്ന ദേഹം. ഒടുവില്‍ മരണത്തിലൂടെ നിത്യനിദ്രയിലേക്ക്. ജീവിതയാത്ര മൃതിയില്‍ ഒടുങ്ങും മുമ്പ്, എന്തായിരുന്നു സ്വത്വമെന്ന് നിര്‍ണയിച്ചു കാണിച്ചിരുന്നു. തിരികെവരാത്തൊരു യാത്രയിലേക്ക്, ഞങ്ങളില്‍ അശ്രുകണങ്ങളടര്ത്തി നിങ്ങള്‍ യാത്രയായിരിക്കുന്നു. നികത്താനാവാത്ത നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ ആഴത്തില്‍ പിന്നെയും പിന്നെയും മുറിവിലും മുറിവേല്ക്കുന്നു. കാരണം ഒന്നല്ല, പ്രതിഭകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഏഴുപേരാണ് ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ മരണത്തിന്റെ തണുത്ത പുതപ്പണിഞ്ഞത്.
ഈണമായും കാഴ്ചയായും അക്ഷരങ്ങളായും വാക്കായും ഇവിടെ നിറഞ്ഞുനിന്നവര്‍. മരണം ജീവിതത്തിലെ അനിവാര്യതയും ഏറ്റവും വലിയ സത്യവുമാണെങ്കിലും ചിലരുടെ വേര്‍പാട് എല്ലാവരിലും ഒരേപോലെ വേദനയുളവാക്കുന്നു. ജനുവരിയുടെ ഒടുക്കവും ഫെബ്രുവരിയുടെ തുടക്കവും കൊടും സങ്കടങ്ങളിലൂടെയാണ് മലയാളി കടന്നുപോയത്.
ഓരോരുത്തരും അവരവരുടെ പ്രതിഭാവിശേഷം കൊണ്ട് ഗിരിശൃംഗങ്ങളില്‍ നിന്നവര്‍. ഇവര്‍ക്ക് പകരക്കാര്‍ ആര് എന്ന ചോദ്യത്തിനുമാത്രം ഉത്തരം ഏത് കാലത്താണുണ്ടാവുക എന്നും നിശ്ചയമില്ല. സിനിമയും സാഹിത്യവും മാധ്യമരംഗവും മലയാളിയുടെ ജീവിതത്തോട് തൊട്ടുചേര്‍ന്നു നിന്നതിനാലാവാം ഈ രംഗത്ത് ശോഭിച്ചിരുന്നവരുടെ വേര്‍പാടും ഹൃദയത്തെ സ്പര്‍ശിക്കുന്നത്.
ഒരു കപട ഭിക്ഷുവായ് ഒടുവിലെന് ജീവനെയും
ഒരുനാള്‍ കവര്‍ന്നു പറന്നു പോകാന്‍
നിഴലായി നിദ്രയായ് പിന്തുടര്ന്നെത്തുന്ന
മരണമേ നീ മാറി നില്ക്കൂ- എന്ന് മരണത്തോട് ആജ്ഞാപിച്ച കവി ഒ.എന്‍.വി. കുറുപ്പ്.
ഒടുവില്‍ അദ്ദേഹവും മരണത്തിന്റെ കരങ്ങളില്‍ നിദ്രയായി, 84-ാം വയസ്സില്‍. ആറ് പതിറ്റാണ്ടോളം കാലം മലയാള കവിതാലോകത്ത് അക്ഷരങ്ങള്‍ക്കൊണ്ട് വിസ്മയം തീര്‍ത്ത കവി, കവിതകളും ചലച്ചിത്രഗാനങ്ങളും കൊണ്ട് മലയാളിയുടെ മനസ്സില്‍ നറുനിലാവ് പരത്തി. അര്‍ത്ഥപൂര്‍ണമായ വാക്കുകള്‍ക്കൊണ്ട് അദ്ദേഹം വരച്ചിട്ട പ്രണയവും വിരഹവും സ്നേഹവും മോഹവും മോഹഭംഗവുമെല്ലാം മലയാളി നെഞ്ചോടുചേര്‍ത്തു. വാക്ക് വാക്കോടു ചേരുമ്പോള്‍ വസന്തം വിരിയുകയും പ്രണയം തളിര്‍ക്കുകയും വിരഹം കണ്ണീരണിയിക്കുകയും ചെയ്യുന്ന അത്ഭുതം സൃഷ്ടിക്കാന്‍ ഒഎന്‍വിയ്ക്ക് കഴിഞ്ഞതും ആ പ്രതിഭാഗരിമ കൊണ്ടാണ്. ഒന്എന്വിക്കവിതകളിലൂടെ, ഗാനങ്ങളില്‍ ഏതാണ് മികച്ചതെന്ന് പറയുവാനാവില്ല, അത്രയ്ക്കെണ്ണമുണ്ട്. ഓരോ പാട്ടിലും വ്യക്തിമുദ്ര പതിപ്പിച്ച കവി. അക്ഷരദേവത കുടിയിരുന്ന മനസ്സിന്നുടമ. അവസാന നിമിഷം വരെയും വരികളിലൂടെ ആ അക്ഷരദേവിയെ അദ്ദേഹം പൂജിച്ചു. 2016 ഫെബ്രുവരി 13 ന് ഒഎന്‍വി അന്തരിച്ചുവെങ്കിലും അദ്ദേഹം അമരനാണ്, തന്റെ കവിതകളിലൂടെ, ചലച്ചിത്ര, നാടക ഗാനങ്ങളിലൂടെ മനസ്സുകളിലെന്നും അക്ഷരവെളിച്ചം തൂകി നില്ക്കും.
സാന്ദ്രമാം മൗനത്തിന് കച്ച പുതച്ചു നീ
ശാന്തമായ് അന്ത്യമാം ശയ്യ പുല്കി
മറ്റൊരാത്മാവിന് ആരുമറിയാത്ത
ദുഃഖമീ മഞ്ചത്തില്‍ പൂക്കളായി…ലാല്‍സലാം എന്ന ചിത്രത്തിനുവേണ്ടി അദ്ദേഹമെഴുതിയ ഈ വരികള്‍ നിത്യസത്യമാണെങ്കിലും പ്രിയപ്പെട്ട ആരോ പടികടന്ന് അകന്നുപോയതുപോലൊരു നൊമ്പരത്തിന്റെ പിടിയിലാണ് ഒഎന്‍വിയേയും അദ്ദേഹത്തിന്റെ കാവ്യസാഗരത്തേയും നെഞ്ചേറ്റിയവര്‍.
മരണത്തെക്കുറിച്ച് പ്രതിപാദിക്കാത്ത കഥാകാരന്മാര് ഉണ്ടാവില്ല. ജീവിതത്തിന്റെ മറുപുറം മരണമാകുമ്പോള്‍, എഴുതാതിരിക്കുന്നതെങ്ങനെ. ചെറുകഥകള്‍കൊണ്ട് മലയാള സാഹിത്യലോകത്ത് സ്വന്തം ഇടം കണ്ടെത്തിയ കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന് എഴുതി പൂര്‍ത്തിയാക്കുവാന്‍ ഇനിയും ഏറെ കഥക്കൂട്ടുകള്‍ ആ മനസ്സില്‍ ബാക്കി കിടന്നിരിക്കാം. പക്ഷേ പൂര്‍ത്തീകരിക്കാനാവാത്ത കഥപോലെ 62-ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങി. മരണത്തേക്കാള്‍ ഭീകരമാണ് രോഗങ്ങള്‍ എന്ന് മൃത്യുയോഗം നോവലില്‍ കക്കട്ടില്‍ പറയുമ്പോള്‍, കാന്‍സര്‍ തന്നേയും കീഴ്പ്പെടുത്തുന്നതായി അദ്ദേഹം അറിഞ്ഞിരിക്കുമോ? എഴുത്തുകാര്‍ കെട്ടുകാഴ്ചകള്ക്കുപിന്നാലെ പോകുമ്പോള്‍ സ്വാനുഭവങ്ങളെ കഥയാക്കുകയായിരുന്നു അക്ബര്‍ കക്കട്ടില്‍. അദ്ദേഹത്തിന്റെ സ്കൂള്‍ കഥകള്‍, അനുഭവസമ്പത്തേറെയുള്ള ഒരു സ്കൂള്‍ അധ്യാപകന്റെ സ്മരണകളാണ്.
കാരൂര്‍ നീലകണ്ഠപിള്ളയ്ക്കുശേഷം അധ്യാപകരുടേയും കുട്ടികളുടേയും കഥകള്‍ക്ക് ജീവന് പകര്‍ന്നത് അക്ബര്‍ കക്കട്ടിലായിരുന്നു. കുട്ടികളുടെ മനസ്സറിയുന്ന അധ്യാപകരും അധ്യാപകരെ മനസ്സിലാക്കുന്ന കുട്ടികളും വിരളമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെക്കാലത്ത് സ്നേഹച്ചൂരല് കൊണ്ട് തലോടി അത്തരത്തിലുള്ള കഥകള്‍ രചിക്കാന്‍ ഇനിയാര് എന്ന ചോദ്യം അവശേഷിക്കുന്നു.
സിനിമയെ ഒരു ദൃശ്യകാവ്യം എന്ന് വിശേഷിപ്പിക്കാമെങ്കില്‍, ദൃശ്യങ്ങളിലൂടെ സിനിമയുടെ പിന്നാമ്പുറത്തിരുന്നുകൊണ്ട് പ്രേക്ഷകരോട് സംവദിച്ച വ്യക്തിയായിരുന്നു ഛായാഗ്രാഹകന്‍ വി.ആര്. ആനന്ദക്കുട്ടന്. കഥയും കഥാപാത്രങ്ങളും കൊണ്ടുമാത്രമല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടുന്നത്. കഥയുടെ സഞ്ചാരഗതിയില്‍ കഥാപാത്രങ്ങളേയും ചുറ്റുപാടുകളേയും ക്യാമറാമാന്റെ കണ്ണുകള്‍ എപ്രകാരം നോക്കിക്കാണുന്നു എന്നതും പ്രധാനമാണ്. സിനിമ വെള്ളിത്തിരയില്‍ എത്തുന്നതിനും മുന്നേ തെളിയുന്നത് ഛായാഗ്രാഹകന്റെ മനസ്സിലാണെന്നുവേണം പറയാന്‍. സംവിധായകന്റെ മനസ്സിലുള്ളതിനെ ക്യാമറയിലൂടെ ഒപ്പിയെടുക്കാന്‍ അസാമാന്യ കഴിവായിരുന്നു ആനന്ദക്കുട്ടനുണ്ടായിരുന്നത്. കഥ ആവശ്യപ്പെടുന്ന ആര്‍ഭാടമേ ദൃശ്യങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകന് മുന്നിലെത്തിച്ചുള്ളു.
കഥയുടെ വൈകാരികതയ്ക്കപ്പുറത്തേക്ക് പ്രേക്ഷകന്റെ ദൃഷ്ടിപായിക്കുവാനൊരിക്കലും അവസരം നല്‍കാത്ത ആ ഛായാഗ്രാഹകന്‍, വേണ്ടതുമാത്രമേ തന്റെ ക്യാമറക്കാഴ്ചകളിലൊതുക്കിയുള്ളു. നാല് പതിറ്റാണ്ടായി 300 ല്‍ അധികം ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ദൃശ്യഭാഷയൊരുക്കിയത്. ഇതില്‍ ഹിറ്റുകളുടെ ഒരു നീണ്ടനിരതന്നെയുണ്ട്. മലയാളികള്‍ ഒരിക്കലും മറക്കാത്ത കലാമൂല്യമുള്ള ചിത്രങ്ങള്‍. സദയവും ഭരതവും ഹിസ്ഹൈനസ് അബ്ദുള്ളയും കമലദളവും മണിച്ചിത്രത്താഴും, മണിവത്തൂരിലെ ആയിരം ശിവരാത്രിയും ആകാശദൂതുമെല്ലാം അതില്‍ ചിലതുമാത്രം. ഇരുളും വെളിച്ചവും ഇഴചേരുമ്പോഴുള്ള സൗന്ദര്യവും കഥാപാത്രത്തിന്റെ വൈകാരിക ഭാവവും ഒപ്പിയെടുത്ത സദയവും ഭരതവും ആനന്ദക്കുട്ടന്റെ മുദ്രപതിഞ്ഞ ചിത്രങ്ങളാണ്. 1977 ല്‍ മനസ്സിലൊരു മയിലിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. 2012 ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ഇന്നസെന്റാണ് എന്ന ചിത്രമാണ് ആനന്ദക്കുട്ടന്റേതായി അവസാനം പുറത്തിറങ്ങിയത്.
പ്രേക്ഷകഹൃദയത്തില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത കാഴ്ചകളിലൂടെ സിനിമയെ കൂടുതല്‍ ധന്യമാക്കിയ ആനന്ദക്കുട്ടന് 61-ാം വയസ്സില്‍ കാഴ്ചകളുടെ ലോകത്തുനിന്നും കണ്ണടയ്ക്കുമ്പോള്‍ അതൊരു നഷ്ടം തന്നെയാണ്. പുതുകാഴ്ചകളെ ആസ്വാദകര്‍ക്കുവേണ്ടി വീണ്ടും തന്റെ ക്യാമറയിലൊതുക്കാന്‍ അനുവദിക്കാതെ മരണമെത്തി ആനന്ദക്കുട്ടനെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ സിനിമയില്‍ അദ്ദേഹം പകര്‍ത്തിയ മരണരംഗങ്ങളേപ്പോലെതന്നെ തീവ്രമാണ് ആ വേര്‍പാടും. ആ നഷ്ടം കാഴ്ചയുടേതും കൂടിയാണ്.
ചലച്ചിത്രഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനേക്കാള് കൂടുതല്‍ പശ്ചാത്തല സംഗീതമൊരുക്കാന്‍ ഇഷ്ടം കാട്ടിയ സംഗീത സംവിധായകന് രാജാമണി. സംഗീത സംവിധാനരംഗത്തെ മുന്‍നിരക്കാരിലൊരാളായ അച്ഛന് ബി. എ. ചിദംബരനാഥിന്റെ കൈപിടിച്ച് 13-ാം വയസ്സില്‍ സംഗീതലോകത്തേക്ക് കടന്നുവന്ന രാജാമണി സംഗീത സംവിധാനരംഗത്ത് വിട്ടുവീഴ്ചകള്‍ക്ക് വിധേയനാവാത്ത വ്യക്തിത്വത്തിന്നുടമായിരുന്നു. പാടുന്നതാര് എന്നതല്ല, പാട്ട് എത്രത്തോളം ഗംഭീരമാക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ആസ്വാദകന്റെ മനസ്സിനെ സ്പര്‍ശിക്കുന്നതായിരുന്നു രാജാമണിയുടെ സംഗീതം. സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ച് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് 150 ഓളം ചിത്രങ്ങള്‍ക്കാണ്. എന്നാല്‍ കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷത്തിന്റെ, സന്തോഷത്തിന്റെ, സങ്കടത്തിന്റെ-അതുപോലെയുള്ള എല്ലാ വൈകാരിക ഭാവങ്ങളുടേയും ആഴവും പരപ്പും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് പശ്ചാത്തലസംഗീതത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിയ സംഗീത സംവിധായകനാണ് രാജാമണി.
700 ലേറെ ചിത്രങ്ങള്‍ക്കാണ് അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയത്. ഒരുപക്ഷേ സംഗീത സംവിധാനത്തേക്കാള്‍ കൂടുതല്‍ പ്രയത്നം വേണ്ടിവരുന്ന മേഖലയുമാവാം അത്. ആറാം തമ്പുരാന്, നരസിംഹം, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധേയമായിരുന്നു. കേവലം സംഭാഷണങ്ങള്കൊണ്ടുമാത്രം പ്രേക്ഷകനെ ചിരിപ്പിക്കാനും കരയിക്കാനും ആനന്ദിപ്പിക്കാനും സാധിക്കില്ലല്ലോ? അവിടെ സംഗീതോപകരണങ്ങളുടെ ചേരുംപടിയുള്ള ചേര്‍ച്ച അനിവാര്യമാണ്. സന്തോഷവും സന്താപവുമെല്ലാം പ്രേക്ഷകന്നുള്ളിലുണ്ടാകണമെങ്കില് പശ്ചാത്തലത്തില്‍ വയലിന്റേയും പുല്ലാങ്കുഴലിന്റേയും ഗിറ്റാറിന്റേയുമൊക്കെ സമന്വയം കൂടിവേണം.
ആ സമന്വയമാണ് രാജാമണി മലയാളിക്ക് സമ്മാനിച്ചത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഗുരുവും അന്തരിച്ച സംഗീത സംവിധായകന് ജോണ്‍സണ്‍മാഷ് തന്നെയായിരിക്കും. 150 ഓളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചും ഈ മേഖലയിലും താന്‍ പ്രതിഭയാണെന്ന് രാജാമണി തെളിയിച്ചു. താളവട്ടത്തിലെ കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ എന്ന പാട്ട് ഇന്നും മലയാളി മൂളി നടക്കുന്നുണ്ട്. അത്രമാത്രം മനോഹരമായിരുന്നു അതിന്റെ കമ്പോസിങ്. സംഗീത വഴിയില്‍ നിന്നും 61-ാം വയസ്സില്‍ ഗന്ധര്‍വലോകത്തേക്ക് വഴിമാറി നടന്നുപോയി രാജാമണി. പ്രതിഭകളുടെ വേര്‍പാടെന്നും നികത്താനാവാത്ത വിടവുതന്നെയാണ്. എങ്കിലും സംഗീതലോകത്ത് തന്റെ പേര് തങ്കലിപികളില്‍ എഴുതിവച്ചുതന്നെയാണ് രാജാമണി കടന്നുപോയത്.
ഒരു കണ്ണാടിയിലെന്ന പോലെ പ്രേക്ഷക മനസ്സില്‍ പ്രതിഫലിച്ച മുഖമായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി.എന്‍. ഗോപകുമാറിന്റേത്. മാധ്യമരംഗത്തുള്ളവര്‍ക്ക് അദ്ദേഹം ഒരു പാഠപുസ്തകമാണ്. അവതരണ രീതിയാവട്ടെ തികച്ചും വ്യത്യസ്തവും. ഏഷ്യാനെറ്റില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്ന പ്രതിവാര വാര്‍ത്താധിഷ്ഠിത പരിപാടിയായ കണ്ണാടി മാധ്യമ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. 20 വര്‍ഷമാണ് കണ്ണാടി തിളങ്ങി നിന്നത്. 1000 ത്തിലേറെ എപ്പിസോഡുകളിലൂടെയായി സമകാലീന സംഭവങ്ങളിലൂടെ കണ്ണാടി
സ്വീകരണമുറിയിലെത്തിയപ്പോള്‍ അതൊരു നവ്യാനുഭവമായി മാറി. സമൂഹത്തിനുനേരെ പിടിച്ച കണ്ണാടിയിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നൊമ്പരവും പ്രതിഫലിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന വിനയവും സാമൂഹികപ്രതിബദ്ധതയും ഒരിക്കലും ഗോപകുമാറില്‍ നിന്നും കൈമോശം വന്നിരുന്നില്ല. അഭിമുഖത്തിനായി തന്റെ മുന്നിലിരിക്കുന്നവരെ പ്രകോപിപ്പിക്കാതെ ഉത്തരംതേടുന്ന രീതി. ശാന്തവും സൗമ്യവുമായ മുഖഭാവം. താന്‍ ചോദ്യകര്‍ത്താവല്ല, കേള്വിക്കാരനാണെന്ന പ്രതീതിയാണ് അഭിമുഖത്തിലുടനീളം അദ്ദേഹം ഉളവാക്കിയിരുന്നത്. നിരന്തരം വാര്‍ത്തയുടെ ലോകത്ത് വിഹരിച്ചിരുന്ന ടിഎന്‍ജി തന്റെ 58-ാം വയസ്സില്‍ ആ ലോകത്തുനിന്നും വിടപറഞ്ഞിരിക്കുന്നു. നഷ്ടമായത് അച്ചടി-ദൃശ്യ മാധ്യമരംഗത്തെ വമ്പന്മാരിലൊരാളെ. അദ്ദേഹം സൃഷ്ടിച്ചെടുത്ത അവതരണ രീതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ ആരാണിനി ഇവിടെയുള്ളത്.
അവിശ്വസനീയമായിരുന്നു ആ വാര്‍ത്ത, കാല്പനികതകള് നിറഞ്ഞ ഈ ലോകത്തുനിന്ന് നടി കല്പന യാത്രയായി എന്നത്. അതിനോട് പൊരുത്തപ്പെടുവാന്‍ പലസിനിമാ ആസ്വാദകരുടെയും മനസ് ഇപ്പോഴും തയ്യാറായിട്ടില്ല. വിളിപ്പാടകലെ അവരുണ്ടെന്ന തോന്നല്‍. ദാ ഇന്നലേയും കൂടി കണ്ടതാണല്ലോ എന്ന ചിന്ത. ജീവിതവും പലപ്പോഴും സിനിമപോലെ തന്നെയാണ്. അപ്രതീക്ഷിതമായതെന്തും സംഭവിക്കാം ക്ലൈമാക്സില്‍. അത് ചിലപ്പോള്‍ ഒരു ദുരന്തമായിരിക്കും. കല്പനയുടെ ജീവിതവും അതുപോലെ തന്നെ. മരണം തന്റെ പിന്നാലെയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നുവോ? അല്ലെങ്കില്‍ പിന്നെ ഹോട്ടല്മുറിയ്ക്ക് പുറത്ത് ഇഷ്ടമില്ലാത്തൊരാളുടെ സാന്നിധ്യം അവര്‍ തിരിച്ചറിഞ്ഞതെങ്ങനെ.
മലയാളത്തില്‍ മറ്റൊരു ഹാസ്യനടിയ്ക്കും കിട്ടാത്ത സ്വീകാര്യതയാണ് കല്പനയ്ക്ക് കിട്ടിയിരുന്നത്. സ്വാഭാവികമായ അഭിനയത്തിലൂടെ ഹാസ്യം കൈകാര്യം ചെയ്യാന്‍ അസാമാന്യ കഴിവായിരുന്നു അവര്‍ക്ക്. മികച്ചൊരു സ്വഭാവനടികൂടിയായിരുന്നു കല്പന. അഭിനയപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും അഭ്രപാളിയിലേക്ക് എത്തിയ നടി. സ്വന്തം ജീവിതത്തിലെ പ്രതിസന്ധിയൊന്നും അവരുടെ അഭിനയത്തില്‍ നിഴലിച്ചിരുന്നില്ല. അഭിനയം അവര്‍ക്ക് ജീവിതമായിരുന്നു. എല്ലാവരേയും ചിരിപ്പിച്ച് ചിരിപ്പിച്ച് ഒടുവില്‍ ചാര്‍ളിയിലെ മറിയയെപ്പോലെ 51-ാം വയസ്സില്‍ മരണത്തിലേക്ക് മുങ്ങാംകുഴിയിട്ടു മറഞ്ഞു, കല്പന. അവിശ്വസനീയമായ വേര്‍പാട്. കല്പനയുടെ ഹാസ്യരംഗങ്ങള്‍ ഇനി സ്ക്രീനില്‍ കാണുമ്പോള്‍ ഉള്ളറിഞ്ഞ് ചിരിക്കാന്‍ ഇനിയാവുമോ? കണ്ണീരണിയാതെ.
പാതിവഴിയില്‍ നിലച്ച സംഗീതംപോലെയാണ് ഷാന്‍ ജോണ്‍സണിന്റെ ജീവിതം. അല്ലെങ്കില്‍ ആരുമറിയാതെ മരണം പതിയെത്തി 29-ാം വയസ്സില്‍ ഷാനിനെ കൂട്ടിക്കൊണ്ടുപോകില്ലല്ലോ?. 2011 ല്‍ മക്കളേയും ഭാര്യയേയും തനിച്ചാക്കി ഷാനിന്റെ അച്ഛന് ജോണ്സണ് മാഷ് വിടപറഞ്ഞെങ്കിലും അമ്മയ്ക്കും അനിയനും ധൈര്യം പകര്‍ന്ന് കൂടെ നിന്നത് ഷാനായിരുന്നു. സംഗീതത്തില്‍ എല്ലാ വേദനയും അര്‍പ്പിച്ച് ജീവിച്ച ഷാന്‍ എല്ലാ അര്‍ത്ഥത്തിലും അച്ഛന്റെ മകള്‍ തന്നെയായിരുന്നു. സംഗീതത്തിലൂടെ അച്ഛനെത്തന്നെ വീണ്ടെടുക്കാന്‍ ശ്രമിച്ചു, ഷാന്‍. പാട്ടെഴുത്തും പാട്ടും ഈണമിടലും തുടങ്ങി എല്ലാ മേഖലകളിലും കഴിവുതെളിയിച്ച് തുടങ്ങിയ ഷാന്‍ വിരിയും മുമ്പേ കൊഴിഞ്ഞൊരു പൂവാണ്.
തിര, പ്രെയ്സ് ദ ലോഡ് എന്നീ മലയാള ചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലും പാടിയിട്ടുള്ള ഷാന്‍, ജോണ്സണ് മാഷിന്റെ സംഗീത നിശകളിലെല്ലാം പാടിയിട്ടുമുണ്ട്. വേട്ട എന്ന ചിത്രത്തിലെ ഗാനത്തിനുവേണ്ടി ഹിന്ദി വരികള്‍ രചിച്ചതും ഷാന്‍ ജോണ്‍സണായിരുന്നു. പുതിയൊരു പുലരിയെ സ്വപ്നം കണ്ടുറങ്ങിയ ആ പെണ്‍കുട്ടിയെ നിത്യനിദ്ര വന്നു താരാട്ടുപാടിയുറക്കിക്കൊണ്ടുപോയി, ജോണ്സണ്മാഷിന്റേയും അനുജന്റേയും അടുത്തേക്ക്. സംഗീതലോകത്തിനൊട്ടാകെ പ്രതീക്ഷയായിരുന്ന പെണ്‍കുട്ടിയെ മരണം കവര്ന്നെടുത്തപ്പോള് ആരോടാണ് നാം പരാതിയും പരിഭവവും പറയേണ്ടത്.
എഴുത്തുകാരന്, പത്രപ്രവര്ത്തകന്, സാമൂഹ്യ-രാഷ്ട്രീയ പ്രവര്ത്തകന് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനും വിദ്യാഭ്യാസ വിചക്ഷണനും, കേരള സര്‍വകലാശാല മുന്‍ പ്രോ-വൈസ് ചാന്‍സലറുമായിരുന്നു ഡോ. എന്‍.എ. കരീം, അഭിനയത്തിന്റെ വേറിട്ട തലങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൊല്ലം ജി.കെ. പിള്ള, അച്ഛന് കഥാപാത്രങ്ങളിലൂടെ കുടുംബസദസുകളുടെ പ്രീതി നേടിയ നടന് എം.കെ. വാര്യര്‍ എന്നിവരുടെ വിയോഗവും മലയാളക്കരയുടെ അടുത്തകാലത്തെ നഷ്ടമാണ്.
ചില ആകസ്മികതകള്‍
മരണം കൂട്ടിക്കൊണ്ടുപോയവര്ക്കിടയിലുമുണ്ട് ചില ആകസ്മികതകള്‍. ഗുരുതുല്യന്‍ ജോണ്‍സണ്‍മാഷിന്റെ മകളുടെ മരണവാര്‍ത്തയറിഞ്ഞ് അസ്വസ്ഥനായിരുന്ന രാജാമണിയുടെ വിയോഗവും ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിലായിരുന്നു. ജോണ്സണ്മാഷിന്റെയും രാജാമണിയുടേയും കുടുംബങ്ങള്‍ തമ്മിലും നല്ല അടുപ്പം നിലനിന്നിരുന്നു. ഷാനിന്റെ മരണം രാജാമണിയെ അത്രയേറെ ഉലച്ചിരിക്കാം. കവി ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ ചിട്ടപ്പെടുത്താന്‍ മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കും നിരവധി അവസരങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും രാജാമണിയ്ക്ക് അതിനുള്ള ഭാഗ്യം ഒരിക്കലേയുണ്ടായിട്ടുള്ളു. കാളിദാസ കലാകേന്ദ്രം നിര്‍മിച്ച ഹൈഡ് ആന്‍ഡ് സീക്ക് എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിച്ചത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകനാകട്ടെ ആനന്ദക്കുട്ടനും. ഒരൊറ്റത്തവണമാത്രമാണ് ഈ മൂവരും ഒന്നിച്ചതെന്നതും മറ്റൊരു യാദൃച്ഛികതയാവാം. മരിക്കും മുന്നേ പ്രതിഭകള്‍ ഒന്നിക്കണമെന്നത് ഒരു നിയോഗവും ആയിരുന്നിരിക്കാം.മരണം സത്യവും ഉത്തരം കിട്ടാത്ത സമസ്യയും ആകുമ്പോള്‍ മരിക്കാതിരിക്കുവതെങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: