പത്തനംതിട്ട : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് 2008 ല്‍ സേനയില്‍ നിന്നും വിരമിക്കുകയും 2015 ല്‍ മരിക്കുകയും ചെയ്ത വിമുക്തഭടന്റെ കുടുംബത്തിന് മിലിറ്ററി പെന്‍ഷനും കുടിശികയും അനുവദിച്ചു.
പടിഞ്ഞാറേ ഒതേറ ചാലാനിക്കുന്നത്ത് വീട്ടില്‍ പരേതനായ സി.കെ. കൊച്ചു കുഞ്ഞിന്റെ ഭാര്യ സി.കെ. പൊന്നമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
2008 ല്‍ വിരമിച്ചെങ്കിലും പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ് മുട്ടാത്ത വാതിലുകളില്ലായിരുന്നു. പെന്ഷന് സംബന്ധിക്കുന്ന രേഖകള്‍ എസ് ബി റ്റി ക്ക് കൈമാറിയെന്നും പെന്ഷന് നല്‍കേണ്ടത് എസ് ബി റ്റി യാണെന്നും ഡിഫന്‍സ് അക്കൗണ്ട്സ് വിഭാഗം അറിയിച്ചു. എന്നാല്‍ സേനയില്‍ നിന്നും അയച്ചതായി പറയുന്ന ഒരു രേഖയും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നായിരുന്നു എസ് ബി റ്റി യുടെ നിലപാട്. ഇതിനിടയില്‍ പെന്ഷന് കിട്ടാതെ കൃഷ്ണന്‍കുട്ടി രോഗം മൂര്‍ച്ഛിച്ച് 2015 ജനുവരിയില്‍ മരിച്ചു. തുടര്‍ന്ന് ഭാര്യ സേനയ്ക്കും എസ് ബി റ്റിക്കും പരാതി നല്കി. എന്നാല്‍ അധികൃതര്‍ പഴയ പല്ലവി ആവര്‍ത്തിച്ചു.
തുടര്‍ന്ന് പൊന്നമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന് ഡിഫന്‍സ് പെന്ഷന് കണ്ട്രോളര്, എസ് ബി റ്റി എന്നിവരില്‍ നിന്നും വിശദീകരണം തേടി. എസ് ബി റ്റി ക്ക് പെന്ഷന് ബുക്ക് കൈമാറിയെന്നായിരുന്നു ഡിഫന്‍സ് പെന്ഷന് കണ്‍ട്രോളറുടെ മറുപടി. എസ് ബി റ്റി യില്‍ നിന്നും ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണം തേടാമെന്നും പെന്ഷന് ഓഫീസര്‍ സമ്മതിച്ചു. തങ്ങള്‍ക്ക് രേഖകള്‍ ലഭിക്കാത്തതു കൊണ്ടാണ് പെന്ഷന് നല്‍കാത്തതെന്ന് എസ് ബി റ്റി യും നിലപാടെടുത്തു.
കേസ് പരിഗണിച്ച ജസ്റ്റിസ് ജെ.ബി. കോശി അടിയന്തിരമായി രേഖകള്‍ പരിശോധിച്ച് കുടിശികയും തുടര്‍ന്നുള്ള പെന്‍ഷനും കൃഷ്ണന്‍കുട്ടിയുടെ ഭാര്യ പൊന്നമ്മയ്ക്ക് നല്കാന് ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊന്നമ്മയ്ക്ക് 11,06,841 രൂപ കുടിശിക നല്‍കിയതായി എസ് ബി റ്റി ചീഫ് മാനേജര്‍ കമ്മീഷനെ അറിയിച്ചു. മാസപെന്‍ഷന്‍ 2016 ജനുവരി മുതല്‍ കൃത്യമായി നല്‍കാമെന്നും ബാങ്ക് കമ്മീഷനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: