ആലപ്പുഴ: ചിന്മയ ജന്മശതാബ്ദിയുടെ ഭാഗമായി ആലപ്പുഴ ചിന്മയ മിഷന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 20 മുതല്‍ മെയ് എട്ടുവരെ ഭഗവദ് ഗീതാജ്ഞാന സത്രം സംഘടിപ്പിക്കുന്നു. 19 ദിവസങ്ങളിലായി നടക്കുന്ന ജ്ഞാനസത്രം ആലപ്പുഴ എസ് ഡിവി സ്കൂള്‍ ഗ്രൗണ്ടിലാണ് അരങ്ങേറുന്നത്. ഉദ്ഘാടന ദിനമായ 20 ന് ശേഷം 18 ദിനങ്ങളില്‍ ഭഗവദ് ഗീതയിലെ 18 അദ്ധ്യായങ്ങളെ ഓരോ ദിവസമായി ആചാര്യന്മാര് വ്യാഖ്യാനിക്കും. ഇതോടൊപ്പം സനാതനധര്‍മ്മ പ്രഭാഷണങ്ങള്‍ സമ്പൂര്‍ണ്ണ ഭഗവദ്ഗീതാ പാരായണം, ഗീതാ അഷ്ടോത്തരാര്‍ച്ചന, ഗീത ആരതി എന്നിവ ഉണ്ടായിരിക്കും. വിവിധ ഹൈന്ദവ സംഘടനകള്‍ സമൂഹത്തില്‍ ചെയ്യുന്ന സേവനങ്ങളും മറ്റും എടുത്തുകാണിക്കുന്ന സ്റ്റാളുകളുടെ പ്രദര്‍ശനവും സത്രത്തിന്റ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. പൂജ, ഹോമം, വേദമന്ത്രജപം, യോഗ, ധ്യാനം തുടങ്ങിയവയോടെയാണ് ഓരോദിവസവും യജ്ഞത്തിന് തുടക്കം കുറിക്കുന്നത്. ഗീതാചിത്ര പ്രദര്‍ശിനി, ഗീതാ സംബന്ധിയായ മത്സരങ്ങള്‍, സംസ്കൃത സംഭാഷണ ശിബിരം, എന്നിവയും സത്രവേദിയില്‍ സംഘടിപ്പിക്കും. കൂടാതെ ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് സന്യാസ ശ്രേഷ്ഠരും പ്രഗത്ഭരായ പ്രഭാഷകരും സത്രത്തില്‍ പങ്കെടുക്കും. വിശാലമായ ഹിന്ദുമഹാസമ്മേളനവും ഉണ്ടാകും. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകം ശിബിരവും സംഘടിപ്പിക്കും. ആലപ്പുഴ നഗരത്തിന്റെ ആത്മീയതയ്ക്ക് പുത്തന്‍ അനുഭൂതി നല്‍കുന്നതാണ് ഗീതാജ്ഞാനസത്രം ഇതിനു മുന്നോടിയായി വിവിധ ക്ഷേത്രങ്ങളില്‍ സമ്പൂര്‍ണ്ണ ഗീതാപാരായണവും വീടുകള്‍ തോറും ഗീതാ സത്സംഗങ്ങളും ജില്ലയിലെ ആറ് താലൂക്കുകള്‍ കേന്ദ്രീകരിച്ച് ഏകദിന ഗീതാശിബിരങ്ങളും സംഘടിപ്പിക്കുമെന്ന് വര്‍ക്കിങേ ചെയര്മാന് സി.നാഗപ്പന്, ജനറല്‍ കണ്‍വീനര്‍ അഡ്വ:ജി.മനോജ്കുമാര്‍, സംയോജകന്‍ ബ്രഹ്മചാരി ധ്രുവചൈതന്യ, ട്രഷറര്‍ നന്ദകുമാര്‍, കണ്‍വീനര്‍ ഗിരിജനന്ദകുമാര് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: